ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി.ജെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ബംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപത്തെ ഓഫീസിനുള്ളിലാണ് സംഭവം.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ റോയ് സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് ഇന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് കൊച്ചി സ്വദേശിയായ ഡോ. സി.ജെ റോയ്.
കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പല തവണ സ്ഥാപനത്തില്‍ കയറിയിറങ്ങിയതിനെതിരെ സി.ജെ റോയ് കോടതിയെ സമീപിച്ചിരുന്നു.
റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ അദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി.ജെ റോയ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയില്‍ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് ഡോ. സി.ജെ റോയിയുടെ ആത്മഹത്യ. സിനിമാ നിര്‍മാണ രംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ അദേഹം നിര്‍മിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.