ആരാണ് ഹമാസ് ?
ഹമാസ് റോക്കറ്റ് ആക്രമണവും ഇസ്രയേൽ വ്യോമാക്രമണവും ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുമ്പോൾ ആരാണ് ഹമാസ് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. "ഹറകത്തുൽ മുഖാവമത്തുൽ ഇസ്‌ലാമിയ" എന്ന അറബി വാക്കുകളുടെ ചുരുക്കെഴുത്താണ് ഹമാസ് (ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ്). ഹമാസ് എന്ന അറബി വാക്കിന്റെ അർഥം തീക്ഷ്ണത എന്നാണ് .
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. സേവന പ്രവർത്തനങ്ങളിലൂടെ ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പലസ്തീൻ കേന്ദ്രങ്ങളിൽ ഇവർ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷം 1980 കളിലാണ് ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത്.
ഇന്ന് റോക്കേറ്റാക്രമണങ്ങളാൽ മാധ്യമ ശ്രദ്ധ ആകർഷിക്കുന്ന ഇസ്രായേലിലെ അഷ്‌കെലോണിൽ നിന്നുള്ള ഷെയ്ഖ് അഹമ്മദ് ഇസ്മായിൽ ഹസ്സൻ യാസിനാണ് ഈ തീവ്രവാദ സംഘടന സ്ഥാപിക്കുന്നത്. ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനു മുമ്പു തന്നെ മുസ്‌ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, പലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. യാസിൻ ഒരു സാധാരണ അറബി ഭാഷാ പ്രാഥമിക സ്കൂൾ അദ്ധ്യാപകൻ എന്ന നിലയിൽ നിന്നും ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിന്റെ ആത്മീയ നേതാവായി ഉയർന്നു വരുന്ന കാഴ്ചയാണ് പിന്നീട് ലോകം കാണുന്നത്. സുന്നി-ഇസ്ലാമിക മതമൗലിക വാദികളുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയെന്ന നിലയിൽ ഹമാസ് രൂപപ്പെട്ടു തുടങ്ങി. ജിഹാദ് (വിശുദ്ധ യുദ്ധം) അല്ലാതെ പലസ്തീൻ പ്രശ്‌നത്തിന് പരിഹാരമില്ല എന്ന നയം ഹമാസ് സ്വീകരിച്ചു.
ഹമാസും പി എൽ ഓ യും
ഹമാസ് എന്ന ഒരു സംഘടന രൂപീകരിക്കുന്നതിനെ യാസർ അറഫാത്തിന്റെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. പിഎൽഒയ്ക്ക് എതിരെ പ്രവർത്തിക്കുവാൻ തുടക്കത്തിൽ ഇസ്രയേൽ സർക്കാർ ഹമാസിന് ധനസഹായം നൽകിയെന്ന് ചില അവകാശവാദങ്ങളുണ്ട്. എന്നാൽ ഇസ്രായേൽ ഇത്തരം വാദഗതികളെ പൂർണ്ണമായും നിഷേധിക്കുന്നു. പിഎൽഒയിൽ നിന്ന് വ്യത്യസ്തമായി, ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം ഹമാസ് അംഗീകരിക്കുന്നില്ല.
ഹമാസിന്റെ ചിഹ്നത്തിലുള്ള ഭൂപടത്തിൽ ജറുസലേമിലെ ഡോം ഓഫ് റോക്ക് ഉൾപ്പടെ ഇസ്രായേൽ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവയെല്ലാം ചേർന്ന് ഒരൊറ്റ പലസ്തീൻ രാഷ്ട്രമായി ചിത്രീകരിക്കുന്നു. 1987 ൽ ഇസ്രയേലിനെതിരെ സായുധ പോരാട്ടങ്ങൾ നടത്താൻ ഈ ഹമാസ് സംഘടന മുന്നിട്ടിറങ്ങി. പിന്നീട് 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു.
1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്തിന്റെ പലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർദ്ദങ്ങളുടെയും ഫലമായി ഇസ്രായേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് ഒത്തുതീർപ്പിന് തയ്യാറായില്ല എന്നു മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു. 1994 ൽ ഓസ്ലോയിൽ നടന്ന ചർച്ചകൾക്ക് അറഫാത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം, യിത്ഷാക് റാബിൻ, ഷിമൺ പെരസ് എന്നിവർക്കൊപ്പം ലഭിച്ചു.
ഹമാസ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്
യാസർ അറഫാത്തിന്റെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) നയതന്ത്ര ഒത്തുതീർപ്പിന്റെ പാതയിലേക്ക് നീങ്ങിയതോടു കൂടി ഉണ്ടായ വിടവ് നികത്താൻ ഹമാസിന് കഴിഞ്ഞതിനാൽ പ്രതിഷേധിക്കുന്ന ഫലസ്തീനികൾക്കിടയിൽ ഉടനടി വലിയ പ്രചാരം നേടാൻ ഹമാസിന് കഴിഞ്ഞു. 2004 ൽ അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തതും ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ പലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് കടന്നു. 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി - പലസ്തീന്റെ സിംഹം എന്നറിയപ്പെടുന്ന അബ്ദുൽ അസീസ് അലി അബ്ദുൽ മജിദ് അൽ-റാന്തിസി തുടർന്ന് സ്ഥാനമേറ്റെടുത്തു. അൽ-റാന്തിസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു. ഇതിനുശേഷം ഖാലിദ് മിശ്‌അൽ ഹമാസ് മേധാവിയായി.
ഗാസയിൽ ഹമാസും വെസ്റ്റ് ബാങ്കിൽ ഫത്താ പാർട്ടിയും
2006 ൽ ഗാസയിലെ പൊതുതെരഞ്ഞെടുപ്പിൽ ഹമാസ് കേവല ഭൂരിപക്ഷം നേടി. 2007 ജൂൺ മാസത്തിൽ ഗാസ മുനമ്പിൽ നടന്ന, ഫത്തയും ഹമാസും തമ്മിലുള്ള സൈനിക പോരാട്ടത്തിൽ ഹമാസ് പോരാളികൾ ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഫത്താ പാർട്ടിയോട് കൂറുപുലർത്തുന്ന ഭരണാധികാരികളെ നീക്കം ചെയ്തു. അങ്ങനെ പലസ്തീനെ രണ്ടായി വിഭജിച്ചുകൊണ്ട് രണ്ടു ഭരണപ്രദേശങ്ങൾ നിലവിൽ വന്നു . മഹ്മൂദ് അബ്ബാസിന്റെ കീഴിലുള്ള മിതവാദികളായ ഫത്താ പാർട്ടിയുടെ പലസ്തീൻ നാഷണൽ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസ് ഭരിക്കുന്ന ഗാസയും.
പലസ്തീനും മത നിരപേക്ഷതയും
ഇസ്രയേലിനെ ഇല്ലാതാക്കി പകരം പലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്‌ഷ്യം. പലസ്തീൻ എന്ന രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. എന്നാൽ മതനിരപേക്ഷ പലസ്തീനെയാണ് യാസർ അറഫാത്തിന്റെ ഫത്താ പാർട്ടി പിന്തുണയ്ക്കുന്നത് . അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണ് ഹമാസിന്റെ ഇസ്ലാമിക രാജ്യം എന്ന വാദം.
ഗാസ മുനമ്പിലെ അവസ്ഥ
2017 ൽ ഖലീദ് മിശ് അൽ നു പകരം ഇസ്മായിൽ അബ്ദുൽ സലാം അഹമ്മദ് ഹനിയെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഗാസാ മുനമ്പ്. ഇസ്രായേലുമായും ഈജിപ്തുമായും പങ്കിടുന്ന അതിർത്തികളുള്ള ഈഭാഗത്ത് അധിവസിക്കുന്ന വലിയൊരു ഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. വിദേശത്തു നിന്നുള്ള സഹായങ്ങളാണ് അവരുടെപ്രധാന ആശ്രയം. ജനാധിവാസ കേന്ദ്രങ്ങളാണ് ഹമാസ് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്നത് . അപ്പാർട്ട്മെന്റ് ബ്ലോക്കുകളിൽ സൈനീക പോസ്റ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഭൂഗർഭ തുരങ്കങ്ങളിലാണ് ഹമാസ് ആയുധങ്ങൾ സൂക്ഷിക്കുകയും കടത്തുകയും ചെയ്യുന്നത്.
ആരാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്?
ഖത്തർ ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉറവിടവും വിദേശ സഖ്യകക്ഷിയുമാണ് ഖത്തർ. 2012 ൽ ഹമാസ് സർക്കാർ സന്ദർശിച്ച ആദ്യത്തെ വിദേശ നേതാവായിരുന്നു ഖത്തരി എമിർ ഷെയ്ക്ക് ഹമദ് ബിൻ ഖലീഫ അൽ താനി. ഇതുവരെ എമിറേറ്റ് 1.5 ബില്യൺ ഡോളർ (1.8 ബില്യൺ ഡോളർ) ഹമാസിന് കൈമാറിയാതായി രഹസ്യാന്വേഷണഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിന്റെ മീഡിയാചാനലായ അൽജസീറ ടെലിവിഷനും ഹമാസിന് പിന്തുണകൊടുക്കുന്നു. അൽജസീറ ചാനലിന്റെ ഗാസയിലെ ഓഫിസ്കെട്ടിടം ഹമാസിന്റെ മിലിറ്ററി ഇന്റലിജൻസ് ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് ഇസ്രായേൽ, പൂർണ്ണമായും ബോംബിട്ട് നശിപ്പിച്ചു. അതേസമയം, നിരവധി അറബ് രാജ്യങ്ങൾ ഇതിനകം ചെയ്തതു പോലെ ഖത്തറും അമേരിക്കയുടെ മധ്യസ്ഥതയിൽ അബ്രഹാം കരാറിൽ ചേരുകയും അതുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുമെന്ന് ഇസ്രായേൽ പ്രതീക്ഷിക്കുന്നു.
തുർക്കി
തുർക്കി ഹമാസിനെ പിന്തുണയ്ക്കുന്നു. ഹമാസ് ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന ചർച്ചയിൽ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയേയ്ക്ക് രാഷ്ട്രീയ പിന്തുണ അറിയിച്ചിരുന്നു. ഹമാസിനെ പിന്തുണയ്‌ക്കുന്ന നിരവധി സ്വതന്ത്ര സംരംഭങ്ങളും പ്രസ്ഥാനങ്ങളും ഉണ്ട്. അവയിൽ ചിലത് ജർമ്മനി ആസ്ഥാനമാക്കിയുള്ളവയാണ്.
ഹമാസിന് എവിടെ നിന്ന് റോക്കറ്റുകൾ ലഭിക്കുന്നു ?
ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച റോക്കറ്റുകളുടെ എണ്ണം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഗാസയിൽ നിന്നും രണ്ടായിരത്തിലധികം റോക്കറ്റുകൾ ഇതുവരെ വിക്ഷേപിച്ചു. വർഷങ്ങളോളം ഹമാസ് ഇറാൻ വിതരണം ചെയ്യുന്ന റോക്കറ്റുകളെ ആശ്രയിച്ചിരുന്നു. ഗാസ ആസ്ഥാനമായുള്ള വിവിധ ഗ്രൂപ്പുകൾ റോക്കറ്റ് ആയുധങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട്. ഹമാസ് ആയുധപ്പുരയിൽ 5,000 മുതൽ 6,000 വരെ റോക്കറ്റുകൾ ഉണ്ടെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ ആഴ്ച ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസുമായി സഹകരിക്കുന്ന പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘത്തിന്റെ കയ്യിൽ 8,000 റോക്കറ്റുകൾ ഉള്ളതായി കരുതപ്പെടുന്നു. ഇറാനിയൻ റോക്കറ്റുകൾ സുഡാൻ ,ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണ് ഗാസയിലേക്ക്എത്തുന്നത്. 2019 ൽ സുഡാൻ സ്വേച്ഛാധിപതി ഒമർ അൽ ബഷീർ പുറത്താക്കപ്പെട്ടതുമുതൽ സുഡാനിൽകൂടിയുള്ള ആയുധകടത്ത് കൂടുതൽ ബുദ്ധിമുട്ടായി. വിദേശസഹായത്തോടെ ഹമാസ് ഇപ്പോൾ റോക്കറ്റുകളിൽ ഭൂരിഭാഗവും ഗാസപ്രദേശത്ത് നിർമ്മിക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ - പലസ്തീൻ സമാധാനം
അബ്രഹാം കരാറിലേക്ക് കൂടുതൽ അറബ് രാജ്യങ്ങൾ കടന്നുവരുകയും ഇസ്രയേലിനെ ഇല്ലാതാക്കികൊണ്ട് സമാധാനം സ്ഥാപിക്കുക എന്ന ഹമാസിന്റെ ആശയത്തിന് പകരം പലസ്തീൻ വിമോചനമുന്നണിയുടെ യാസർ അറഫാത്തിന്റെ സമാധാന ആശയങ്ങൾക്ക് സ്ഥാനം ഉണ്ടായാൽ മാത്രമേ ഇസ്രായേൽ- പലസ്തീൻ സമാധാനത്തിന് വഴി തുറക്കൂ. മത-രാഷ്ട്രീയ വെറുപ്പ് കലർന്ന ചിന്തകൾക്കപ്പുറം സാഹോദര്യവും മതനിരപേക്ഷതയും പുലരട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.