കോവിഡ് ഉപകരണങ്ങള്‍ പൂഴ്ത്തിവെച്ചെന്ന പരാതി; ബി.വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്

കോവിഡ് ഉപകരണങ്ങള്‍ പൂഴ്ത്തിവെച്ചെന്ന പരാതി; ബി.വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുകയായിരുന്നു. ആരോപണ വിധേയരായ മറ്റ് എട്ട് പേര്‍ക്കും പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി.

ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ അടക്കം നടന്നിരുന്നു. ഓക്സിജന്‍ ക്ഷാമം മൂലം ദുരിതത്തിലായ ജനങ്ങള്‍ ശ്രീനിവാസിനെ ടാഗ് ചെയ്യുകയും അവര്‍ക്ക് അത് ലഭ്യമാകുകയും ചെയ്തതോടെ ഓക്സിജന്‍ മാന്‍ എന്ന വിളിപ്പേരും ശ്രീനിവാസിന് ചാര്‍ത്തിക്കിട്ടിയിരുന്നു. എന്നാല്‍ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ആണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണ വിധേയരായ 9 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.