അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാകും, ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം: മുഖ്യമന്ത്രി

അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാകും, ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായിയുള്ള തുടര്‍ ഭരണം പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ എല്ലാ പ്രതിസന്ധിയെയും നേരിട്ട്, കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച്‌ നിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ പരിശ്രമിച്ചതെന്നും പിണറായി പറഞ്ഞു. കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമര മുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ ജനത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ന് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സാമൂഹ്യ പുരോഗതിയുടെ അടിത്തറയാണ് ആ സര്‍ക്കാര്‍ പാകിയത്. ആ സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

ഇടതുപക്ഷം നയിച്ച എല്ലാ സര്‍ക്കാരുകളും നാടിന് വേണ്ടി നവീന മാറ്റങ്ങള്‍ വരുത്തി. ജനത്തിന് വേണ്ടി ദീര്‍ഘകാല നയപരിപാടി ആവിഷ്കരിച്ചു. അവയുടെ തുടര്‍ച്ച ഭരണമാറ്റത്തോടെ ഇല്ലാതാവുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്. കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച്‌ നിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ പരിശ്രമിച്ചത്.

കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പത്ത് ഘടനയിലെ പരിമിത വിഭവങ്ങളെ ഉല്‍പ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി.

മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികള്‍ എല്ലാം യാഥാര്‍ത്ഥ്യമാക്കി.
കെ ഫോണ്‍ പോലെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച്‌ മുന്നോട്ട് പോയി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേര്‍ന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനജീവിതം ലോക്ഡൗണില്‍ താളം തെറ്റു. അത് മറികടക്കാനുള്ള സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികള്‍ ആദ്യം കേരളം നടപ്പാക്കി. 20000 കോടിയുടെ പാക്കേജിനും തുടര്‍ന്ന് നാട്ടിലെ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി.

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടമാണ്. പ്രകടന പത്രികയിലെ 600 ല്‍ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്കരിക്കാന്‍ പലതും നടന്നു. ജനത്തിന് താത്പര്യം അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്.

അനാവശ്യ സംഘര്‍ഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടക്കാന്‍ ജാതി-മത വികാരം വലിയ തോതില്‍ കുത്തിപ്പൊക്കിയാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ ജനം തയ്യാറാകില്ല. ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി.പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് മോചിപ്പിച്ച്‌ ലാഭത്തിലേക്ക് സർക്കാർ തിരികെ കൊണ്ടുവന്നു.

വരുന്ന അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാകും. ഇതിനായി പ്രാദേശിക പദ്ധതികൾ നടപ്പിലാക്കും. ശാസ്ത്രീയ കൃഷിരീതികൾ ഉള്ള പദ്ധതികൾ നടപ്പിലാക്കും. കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനക്കും. പാലുല്പാദനം സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. മാലിന്യ രഹിത കേരളം യാഥാർഥ്യമാകും. സ്ത്രീകളുടെ പദവി ഉയർത്താൻ മുൻഗണന നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കും.

മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നിലപാടായിരിക്കും നാം സ്വീകരിക്കുക. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടും ഈ നാട്ടിലെ ജനതയോടുമാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. അതിനായി മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.