കത്തോലിക്കാ സഭ ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് എതിരാണെന്നും യുക്തിചിന്തയെ നിരുത്സാഹപ്പെടുത്തുന്നുവെന്നും കുറ്റപ്പെടുത്തുന്ന നിരീശ്വരരും സ്ഥാപിത താല്‍പര്യക്കാരും ഏറെയാണ്. എന്നാല്‍ സത്യസന്ധവും നിഷ്പക്ഷവുമായ ചരിത്ര പുനര്‍വായന കത്തോലിക്കാ സഭ ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങള്‍ നമ്മുടെ മുന്‍പില്‍ തുറന്നു കാണിക്കും. കത്തോലിക്കാ സഭ എക്കാലവും ശാസ്ത്രത്തിന്റെ വളര്‍ച്ചക്കായി ക്രിയാത്മകമായി സംഭാവനകള്‍ നല്‍കിയിട്ടുള്ളതാണ്.
നിരവധി കത്തോലിക്കാ പുരോഹിതരും വിശ്വാസികളും ശാസ്ത്ര പര്യവേക്ഷണങ്ങള്‍ക്ക് തങ്ങളുടെ ജീവിതം സമര്‍പ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭ ശാസ്ത്ര വളര്‍ച്ചക്കായി ചെയ്ത പ്രവര്‍ത്തനങ്ങളെ ലളിതമായി അവതരിപ്പിക്കുകയും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ഈ ലേഖന പരമ്പരയുടെ ലക്ഷ്യം.
കത്തോലിക്കാസഭ ശാസ്ത്ര പുരോഗതിക്കും സാങ്കേതിക വളര്‍ച്ചക്കും പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്ന വ്യാജ ആരോപണം കാലങ്ങളായി കേള്‍ക്കുന്നതാണ്. ഗലീലിയോ സംഭവത്തിന്റെ വികലമായ ആഖ്യാനവും അതിന്റെ വ്യാഖ്യാനവും ചേര്‍ത്തു വെച്ചുകൊണ്ട് സഭ കാലങ്ങളായി ശാസ്ത്രത്തെ തളര്‍ത്താന്‍ ശ്രമിക്കുന്ന ക്രൂര ശക്തിയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ പല സ്ഥാപിത താല്‍പര്യക്കാരും ശ്രമിക്കുന്നുണ്ട്. മതവും മതവിശ്വാസവും യുക്തിക്കു നിരക്കാത്തതാണെന്നും മതങ്ങള്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭ യുക്തി ചിന്തക്കും ശാസ്ത്രീയ പഠനത്തിനും വിരുദ്ധമാണെന്നും സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
വിശ്വാസ വിരുദ്ധമായ യുക്തി ചിന്തയില്‍ അധിഷ്ഠിതമായ തത്വചിന്തകളുടെ വളര്‍ച്ച കത്തോലിക്കാ സഭയെ അന്ധമായി എതിര്‍ത്തുകൊണ്ടായിരുന്നു. ഇങ്ങനെയുള്ള ചിന്താധാരകള്‍ കത്തോലിക്കാ സഭ ശാസ്ത്ര വിരുദ്ധമാണ് എന്ന ഒരു വ്യര്‍ത്ഥ ചിന്ത വളര്‍ത്താന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്നും സമാനമായ പരിശ്രമങ്ങള്‍ തുടരുന്നു. കത്തോലിക്കാ സഭ ശാസ്ത്രത്തിനു പ്രത്യേക സംഭാവനകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല, ശാസ്ത്രവളര്‍ച്ചയെ എന്നും തളര്‍ത്തിയിട്ടേയുള്ളൂ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ നിരന്തരമായി ആവര്‍ത്തിച്ച് അത് പൊതുബോധത്തിന്റെ ഭാഗമാക്കുന്നതില്‍ ഇവര്‍ ഭാഗികമായി വിജയിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയും ശാസ്ത്രവും വിരുദ്ധങ്ങളായ ആശയങ്ങളാണ് എന്ന അടിസ്ഥാന ആശയമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഈ ആശയം സത്യ വിരുദ്ധമാണ്. ശാസ്ത്രവും മതവും പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളല്ല; മറിച്ച് പരസ്പരം പരിപോഷിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. മതമില്ലാത്ത ശാസ്ത്രം മുടന്തുള്ളതാണെന്നും ശാസ്ത്രമില്ലാത്ത മതം അന്ധമാണെന്നുമുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ മറക്കാതിരിക്കാം.
നിഷ്പക്ഷമായ ചരിത്ര വായന നമുക്കു മുന്നില്‍ തുറന്നു വെക്കുന്ന സത്യമിതാണ്- കത്തോലിക്കാസഭ എക്കാലവും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. കത്തോലിക്കാ സഭ ശാസ്ത്ര വളര്‍ച്ചക്ക് ചെയ്തിട്ടുള്ള നിസ്തുലമായ സംഭാവനകള്‍ ഒരു കാലഘട്ടത്തിലും അവഗണിക്കാവുന്നതല്ല. ആധുനികമായ പല ശാസ്ത്ര ശാഖകളുടെയും ഉപജ്ഞാതാക്കള്‍ കത്തോലിക്കാ സഭയിലെ പുരോഹിതരാണ്.
ആധുനിക കാലഘട്ടത്തില്‍ ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രിഗര്‍ മെന്‍ഡല്‍ ഒരു അഗസ്റ്റീനിയന്‍ സന്യാസിയായിരുന്നു. ആധുനിക പ്രപഞ്ച ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ബിഗ് ബാംഗ് തിയറി അവതരിപ്പിച്ച ജോര്‍ജ് ലേമായിതര്‍ ബെല്‍ജിയത്തിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ ആയിരുന്നു. ഇങ്ങനെ വിവിധ നൂറ്റാണ്ടുകളില്‍ വ്യത്യസ്ത ശാസ്ത്ര ശാഖകളെ പരിപോഷിപ്പിച്ച നിരവധി പുരോഹിതരും അല്‍മായ വിശ്വാസികളും കത്തോലിക്കാ സഭയില്‍ ഉണ്ട്.
ഗ്രിഗര്‍ മെന്‍ഡല്‍
1822 ല്‍ ജനിച്ച് 1884 ല്‍ മൃതിയടഞ്ഞ ഒരു അഗസ്റ്റീനിയന്‍ സന്യാസി ആയിരുന്നു ഗ്രിഗര്‍ മെന്‍ഡല്‍. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ഹിന്‍സിസ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ബാല്യം മുതല്‍ തന്നെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താന്‍ ആ കുടുംബം നന്നേ ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ ബൗദ്ധികപ്രഭ തിരിച്ചറിഞ്ഞ വൈദികനാണ് അവന്റെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച കുടുംബത്തോട് അവനെ തുടന്നും പഠിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. ഈ നിര്‍ദേശമാണ് 1840 വരെയുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രചോദനം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം തത്വശാസ്ത്ര കോഴ്‌സിന് ചേര്‍ന്നു. എന്നാല്‍ ഭൗതിക ശാസ്ത്രവും കണക്കുമായിരുന്നു മെന്‍ഡല്‍ ഏറ്റവും അധികം ശോഭിച്ച വിഷയങ്ങള്‍. തുടര്‍ന്നുള്ള പഠനത്തിന് പണം കണ്ടെത്തുന്നത് വിഷമകരമായ സാഹചര്യത്തില്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേരുകയും തന്റെ പഠനം തുടങ്ങുകയുമായിരുന്നു. ജൊഹാന്‍ മെന്‍ഡല്‍ എന്ന വീട്ടിലെ പേരില്‍ നിന്നും ഇന്ന് ലോകം അറിയുന്ന ഗ്രിഗര്‍ മെന്‍ഡല്‍ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത് അഗസ്റ്റീനിയന്‍ സഭയില്‍ നിന്നാണ്.
സന്യാസ സഭയില്‍ ചേര്‍ന്നതിന് ശേഷമുള്ള ആദ്യ നാളുകള്‍ അദ്ദേഹത്തെ ബ്രൂണ്‍ എന്ന സ്ഥലത്തു രോഗികളെ ശുശ്രൂഷിക്കാനും മരണാസന്നരെ പരിചരിക്കാനുമാണ് അയച്ചത്. എന്നാല്‍ രോഗികളുമായുള്ള സ്ഥിര സമ്പര്‍ക്കം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ അധ്യാപന ജോലിക്കായി നിയോഗിക്കുകയും അദ്ദേഹം സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹം തന്റെ ആശ്രമത്തിന്റെ അധിപനായും സേവനം അനുഷ്ഠിച്ചു. 1884 ല്‍ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു.
1868 ല്‍ ആശ്രമത്തിന്റെ അധിപനാകുന്നത് വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെ ഗവേഷണ ജീവിതത്തിന്റെ ഏറ്റവും ഫലദായകമായ കാലഘട്ടമായിരുന്നു. പ്രധാനമായും ഭൗതിക ശാസ്ത്രമാണ് പഠിപ്പിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ജീവ ശാസ്ത്രത്തിലാണെന്നു കാണാം. ആധുനിക ജീവ ശാസ്ത്രത്തിന്റെ നട്ടെല്ലായ ജനിതക ശാസ്ത്രം വളര്‍ന്നു വികാസം പ്രാപിച്ചത് അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. 1854 ല്‍ തന്റെ ആശ്രമാധിപനായിരുന്ന സിറില്‍ നാപ്പിന്റെ അനുവാദത്തോടെ ആശ്രമത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഇന്നത്തെ ജനിതക ശാസ്ത്രത്തിന്റെ വികാസത്തിന് പിന്നിലെ ചാലക ശക്തി.
തന്റെ ആശ്രമത്തിലെ ഏകദേശം അഞ്ച് ഏക്കര്‍ സ്ഥലത്താണ് അദ്ദേഹം ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയത്. തന്റെ പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം പയര്‍ വര്‍ഗത്തിലെ ചെടികളെയാണ് തിരഞ്ഞെടുത്തത്. 28,000 ത്തോളം ചെടികള്‍ അദ്ദേഹം നിരീക്ഷിക്കുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഗുണങ്ങളെപ്പറ്റിയുള്ള പഠനമാണ് അദ്ദേഹം നടത്തിയത്. ചെടികളുടെ പൊക്കം (നീളമുള്ളത്, നീളം കുറഞ്ഞത്), വിത്തിന്റെ നിറം (പച്ച, മഞ്ഞ), വിത്തിന്റെ ആകൃതി, പൂവിന്റെ നിറം തുടങ്ങിയ പല കാര്യങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. 34 വിവിധയിനം വിത്തുകളാണ് അദ്ദേഹം പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
അദ്ദേഹം ഒരേ ഗുണത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ ചെടികളെ തമ്മില്‍ പരാഗണം നടത്തി. ആദ്യ തലമുറയിലെ ചെടികള്‍ ഒരു പ്രത്യേക ഗുണം മാത്രം പ്രകടിപ്പിച്ചു. മെന്‍ഡല്‍ ഇതിനെ ആധിപത്യ സ്വഭാവം (Dominant Character) എന്ന് വിളിച്ചു. പ്രകടമാകാത്ത സ്വഭാവത്തെ അദ്ദേഹം മാന്ദ്യ സ്വഭാവം (Recessive character) എന്നും വിളിച്ചു. എന്നാല്‍ ആദ്യ തലമുറയിലെ മാന്ദ്യസ്വഭാവം രണ്ടാം തലമുറയില്‍ ആധിപത്യ സ്വഭാവമായി മാറുന്നത് അദ്ദേഹം നിരീക്ഷിച്ചു.
ആദ്യം 3 :1 (proportion of offspring bearing the dominant to offspring bearing the recessive) അനുപാതമാണ് അദ്ദേഹം നിഗമനമായി എത്തിയതെങ്കിലും പിന്നീട് 1: 2: 1 (true breeding dominant: hybrid: true breeding recessive) എന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. ഇത് മെന്‍ഡലിന്റെ വളരെ പ്രധാനപ്പെട്ട കണ്ടുപിടുത്തം ആയിരുന്നു. ഈ പഠനങ്ങളെ ബീജസങ്കലന പഠനങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
തന്റെ പഠനങ്ങളെ അദ്ദേഹം 1865 ല്‍ ബ്രൂണിലെ നാച്ചുറല്‍ സയന്‍സ് അക്കാഡമിയില്‍ രണ്ടു വ്യത്യസ്ത പ്രബന്ധങ്ങളായി അവതരിപ്പിക്കുകയും അവയിലൊന്ന് Experiments on Plant Hybrids എന്ന പേരില്‍ പ്രസാധനം ചെയ്യപ്പെടുകയും ചെയ്തു. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ആദ്യ ഘട്ടത്തില്‍ മെന്‍ഡലിന്റെ പഠനങ്ങളെ വിസ്മൃതിയില്‍ ആഴ്ത്തിയെങ്കിലും പിന്നീട് മെന്‍ഡലിന്റെ പഠനങ്ങളെ അധികരിച്ചു നടത്തിയ പഠനങ്ങള്‍ പരിണാമ സിദ്ധാന്തത്തില്‍ ഉള്‍ച്ചേര്‍ക്കാനാവും വിധം മെന്‍ഡലിന്റെ പഠനങ്ങളെ നവീകരിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ജീനുകളെപറ്റി നടത്തിയ പഠനങ്ങള്‍ മെന്‍ഡലിന്റെ സിദ്ധാന്തങ്ങളെ കൂടുതലായി വില കല്‍പ്പിക്കാന്‍ കാരണമായി. ഇന്നും ജനിതക സിദ്ധാന്തത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.
മെന്‍ഡലിന്റെ ശാസ്ത്രീയ പഠനത്തിലും പരീക്ഷണങ്ങളിലും പര്യവേക്ഷണങ്ങളിലും അദ്ദേഹത്തിന്റെ ആശ്രമം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. മെന്‍ഡല്‍ ആദ്യമായി ഇത്തരം പരീക്ഷണങ്ങളിലേക്ക് പോകുന്നത് തന്നെ അവിടുത്തെ ആശ്രമത്തില്‍ ചെമ്മരിയാടുകളില്‍ നിന്ന് കൂടുതല്‍ രോമങ്ങള്‍ ലഭിക്കാനുള്ള പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ്. അദ്ദേഹത്തിന്റെ പഠനങ്ങളെ സാമ്പത്തികമായും, സാധ്യതകള്‍ തുറന്നു കൊടുക്കുന്നതിലൂടെയും, മറ്റു പല രീതികളിലും സഹായിച്ചതും വളര്‍ത്തിയതും അദ്ദേഹം അംഗമായിരുന്ന അഗസ്റ്റീനിയന്‍ സഭയാണ്. 62 വയസില്‍ ഈ ലോകം വിട്ടു പോകും വരെയും താന്‍ അംഗമായിരുന്ന അഗസ്റ്റീനിയന്‍ സഭയോടും ശാസ്ത്രത്തോടും കൂറും പ്രണയവും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു.
(അടുത്ത ലക്കത്തില്‍: ജോര്‍ജ് ലമൈത്തര്‍)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.