ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരി വൈറ്റ് ഫംഗസ്; ഇന്ത്യയില്‍ നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരി വൈറ്റ് ഫംഗസ്; ഇന്ത്യയില്‍ നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യുക്കോര്‍മൈക്കോസിസ്) രോഗബാധ ആശങ്ക സൃഷ്ടിക്കുന്നതിനിടെ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തി. ബിഹാറിലെ പട്നയില്‍ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ ഡോക്ടര്‍ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളെ വൈറ്റ് ഫംഗസ് ഗുരുതരമായി ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കോവിഡ് രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങളാണ് വൈറ്റ് ഫംഗസ് ബാധിച്ചവര്‍ പ്രകടിപ്പിച്ചതെങ്കിലും കോവിഡ് പരിശോധനയില്‍ നാലു പേരും നെഗറ്റീവായിരുന്നെന്നു പാട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്.എന്‍ സിങ് വ്യക്തമാക്കി. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ ഭേദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേഹ രോഗികളിലും ഓക്സിജന്‍ സഹായം വേണ്ടിവരുന്ന കോവിഡ് രോഗികളിലും വൈറ്റ് ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും എസ്.എന്‍ സിങ് പറഞ്ഞു.

ബുധനാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം ബ്ലാക്ക് ഫംഗസ് ബാധിച്ച് രാജ്യത്ത് 126 പേര്‍ മരിച്ചു. ഇതുവരെ 5,500 പേര്‍ക്കാണ് രോധബാധയുണ്ടായത്. മഹാരാഷ്ട്രയില്‍ മാത്രം 90 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കില്‍ രണ്ടാം സ്ഥാനത്ത് ഹരിയാനയാണ്. മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, ഒഡീഷ, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോധബാധ സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.