വിമർശനങ്ങളെ എങ്ങിനെ നേരിടാം

വിമർശനങ്ങളെ എങ്ങിനെ നേരിടാം

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആർക്കും എന്തിനെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്താം. നമ്മുടെ ഭരണഘടന അതു ഉറപ്പു തരുന്നതാണ്. വിമർശനങ്ങളെ തള്ളണോ, കൊള്ളണോ എന്നുള്ളതു കേൾവിക്കാരൻ്റെ വിവേകവും, വകതിരിവുമാണ്.

രണ്ട് തരം വിമർശനങ്ങളുണ്ട്. പോസിറ്റീവ് വിമർശനങ്ങളും, നെഗറ്റീവ് വിമർശനങ്ങളും. അതായതു വളർത്തുന്ന വിമർശനങ്ങളും തളർത്തുന്ന വിമർശനങ്ങളും. പോസിറ്റീവ് വിമർശനങ്ങൾ ക്രിയാത്മകമാണ്. അവ ഒരു വ്യക്തിയുടെ ഉയർച്ചയിൽ സുപ്രധാന പങ്ക് വഹിക്കും. അതു നേട്ടങ്ങൾക്കു കാരണമാവും. അത്തരം ക്രിയാത്മക വിമർശനങ്ങൾ ഉണ്ടായാൽ മാത്രമേ ഒരു വ്യക്തിക്കു ജീവിതത്തിൽ വിജയിക്കാൻ സാധിക്കൂ. എന്നാൽ നെഗറ്റീവ് വിമർശനങ്ങൾ എപ്പോഴും നശീകരണ സ്വഭാവമുള്ളതായിരിക്കും. ഇവയെ തിരിച്ചറിയാൻ നമുക്കു സാധിക്കണം. അത്തരം വിമർശകർക്കും, വിമർശനങ്ങൾക്കും മറഞ്ഞിരിക്കുന്ന ഗൂഢചിന്തകളും ലക്ഷ്യങ്ങളുമുണ്ടാവും. അത്മവിശ്വാസവും അർപ്പണബോധവും കഠിനാദ്ധ്വാനശീലവുമുള്ള വ്യക്തിത്വങ്ങളെ തകർക്കുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രമാണു അത്തരം പ്രവർത്തനശേഷി നശിച്ച വ്യക്തികളുടെ ഉന്നം. നെഗറ്റീവ് വിമർശനങ്ങളെ മനസ്സിലാക്കി തീർത്തും അവജ്ഞയോടെ തള്ളിക്കളയുവാൻ നമുക്കു സാധിക്കണം.

"അഭിപ്രായം ആരായേണ്ടതു അഭ്യുദയകാംഷികളോടും, അനുഭവസമ്പത്തുള്ളവരോടുമാണ് ". വഴിപോക്കനോടു അഭിപ്രായം തിരഞ്ഞാൽ വഴിമുട്ടുക തന്നെ ചെയ്യും. അഭിപ്രായങ്ങളിലെ പതിരും കതിരും നാം തിരിച്ചറിയണം. വിമർശിക്കുന്നവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാനുള്ള വിവേകം നാം ആർജ്ജിക്കണം. കഴമ്പും കാമ്പുമുള്ളവയെ കരുതുവാനും, പതിരായ പരാമർശങ്ങളെ പുറംതള്ളുവാനും പഠിക്കണം.

"പലരും പറഞ്ഞതിൻ്റെ പേരിൽ പൊരുൾ കളവാകുന്നില്ല. ആരും അംഗീകരിക്കാത്തതിൻ്റെ പേരിൽ മൂല്യങ്ങളുടെ മാറ്റും കുറയുന്നില്ല". ഇച്ഛാശക്തിയോടെ സ്വയം തീരുമാനങ്ങൾ എടുക്കുവാനും, നിശ്ചയദാർഢ്യത്തോടെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുവാനും നമുക്കു സാധിച്ചാൽ പല ഇരുളടഞ്ഞ യാത്രകളിലും കാലിടറാതെ പിടച്ചു നിൽക്കാൻ നമുക്കാവും.

അഭിനന്ദനങ്ങളും പ്രശംസകളും സ്വീകരിക്കുന്നതുപോലെ വിമർശനങ്ങൾ ഉൾക്കൊള്ളുവാനുള്ള മാനസികാരോഗ്യവും നാം ആർജ്ജിക്കണം. അതൊരു കലയാണ്. വിമർശനങ്ങളെ തഞ്ചത്തിൽ കൈകാര്യം ചെയ്യണം.

"വിമർശനങ്ങളെ വികാരപരമായല്ല, വിവേകപൂർവ്വം നേരിടാം"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.