ക്യാന്‍സറിനോട് പൊരുതി യവ ഓടിക്കയറിയത് ജനഹൃദയങ്ങളിലേയ്ക്ക്

ക്യാന്‍സറിനോട് പൊരുതി യവ ഓടിക്കയറിയത് ജനഹൃദയങ്ങളിലേയ്ക്ക്

സഹാനുഭൂതിയും പരസ്പര സ്‌നേഹവും ഒക്കെ വെറും വാക്കുകളില്‍ ഒതുങ്ങുന്ന ഒരു കാലഘട്ടമാണിത്. കോവിഡ് മഹാമാരി മനുഷ്യനെ കുറെയൊക്കെ മാറ്റി ചിന്തിക്കാന്‍ പ്രാപ്തനാക്കി. താന്‍പോരിമയും ഞാനെന്ന ഭാവവുമാണ് പലപ്പോഴും മനുഷ്യനെ ഭരിക്കുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ക്യാന്‍സറിനോട് പൊരുതുന്ന സഹതാരത്തെ ട്രാക്കിലൂടെ ഓടാന്‍ സഹായിക്കുന്ന പെണ്‍കുട്ടികള്‍. സഹാനുഭൂതിയുടെ കഥ പറഞ്ഞ ഒരു വീഡിയോ. സമൂഹമാധ്യമങ്ങളിലൂടെ ധാരാളം ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. ന്യൂയോര്‍ക്കിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്ക് മേഖലയില്‍ നടന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലാണ് സംഭവം നടന്നത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ക്യന്‍സറിനോട് പൊരുതുന്ന യവ ക്ലിംഗ്‌ബേയി എന്ന പെണ്‍കുട്ടിയെ റിലേ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.


ഫിനിഷിംഗ് ലൈന്‍ കടന്നതിന് പിന്നാലെ സെഹന്‍ദോവ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കയ്യടിച്ചും ആര്‍ത്തു വിളിച്ചും ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. യവക്ക് ചുറ്റും കൂടിയ സുഹൃത്തുക്കള്‍ ഉറക്കെ വിളി ച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു, യവ ഞങ്ങളുടെ പോരാളിയാണ് എന്ന്. ആ കൂട്ടുകാരികള്‍ മാലാഖമാരെപ്പോലെ അവള്‍ക്ക് ചുറ്റും നിന്നാല്‍ എങ്ങനെ പോരാളി ആകാതിരിക്കും.


സ്‌കൂളിലെ ക്രോസ് കണ്‍ട്രി ടീമിന്റെ ഭാഗമായിരുന്നു യവ ക്ലിംഗ്‌ബേയി. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ട്രാക്കിലൂടെ ഓടാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. താടിയെല്ലിലാണ് യവക്ക് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത്. കീമോ, റേഡിയോ തെറാപ്പി ചികില്‍സകളാണ് യവക്ക് നല്‍കി വരുന്നത്. ഇതിനിടെ തലച്ചോറിലും ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി. ഇതിനെ തുടര്‍ന്ന് ഭക്ഷണം ഇറക്കുന്നതിനും ശ്വസിക്കുന്നതിനും യവയ്ക്ക് പ്രയാസം അനുഭവപ്പെടാറുണ്ട്.
ചികിത്സ തുടരുന്നതിനോടൊപ്പം യവക്ക് മാനസികമായ കരുത്തും ഊര്‍ജ്ജവും നല്‍കണമെന്നും കുടുംബാഗങ്ങളും സുഹൃത്തുക്കളും ഉറപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു മീറ്റ് സംഘടിപ്പിച്ചത്. ഷെന്‍ അത് ലറ്റിക്ക് എന്ന ട്വിറ്റര്‍ പേജാണ് സുഹൃത്തുക്കളുടെ കൈപിടിച്ച് യവ റിലേ പൂര്‍ത്തിയാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത്.


യവയെ ട്രാക്കില്‍ കാണാന്‍ കഴിയുന്നത് എത്ര മനോഹരമായ കാഴ്ച്ചയാണ്. 4ഃ1 റിലേയില്‍ ടീം അംഗങ്ങള്‍ യവക്ക് ഒപ്പം എപ്പോഴും സഹായത്തിനുണ്ടായിരുന്നു. ക്യാന്‍സറിന് എതിരെയുള്ള യവയുടെ പോരാട്ടം തുടരും ഒപ്പം നമ്മളെ അവള്‍ അതിശയിപ്പിച്ച് കൊണ്ടേയിരിക്കും' - വീഡിയോ പങ്കുവെച്ച് ഷെന്‍ അത് ലറ്റിക്ക് അവരുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.


മുന്‍ അമേരിക്കന്‍ പ്രഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായ റെക്‌സ് ചാമ്പാനും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഒരു ടീമായി നില്‍ക്കുക എന്നതിന് അപ്പുറം മറ്റൊന്നുമില്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇതിനോടകം രണ്ടു ലക്ഷത്തില്‍ അധികം ആളുകളാണ് ട്വിറ്ററില്‍ വീഡിയോ കണ്ടിരിക്കുന്നത്. കൂടാതെ നിരവധി റീട്വീറ്റുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സമാന്‍ഷിപ്പും മനുഷിത്വവുമുളള കുട്ടികളാണ് ഇവരെന്നും മനോഹരമായ കാഴ്ച്ചയാണിതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട ശേഷം കരച്ചില്‍ വന്നെന്ന് മറ്റ് ചിലര്‍ പറയുന്നു. ഒരുപാട് പേര്‍ കണ്ട് പഠിക്കേണ്ട കാഴ്ച്ചയാണിതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.


നേരത്തെ യവയുടെ ഹെഡ് കോച്ചായിരുന്ന റോബ് ക്ലോട്ടിയര്‍ ചികില്‍ക്കായി പണം കണ്ടെത്തുന്നതിനായി മാരത്തണ്‍ നടത്തിയിരുന്നു. തന്റെ വീട്ടില്‍ നിന്നും യവയുടെ വീട് വരെയാണ് റോബട്ട് ഓടിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന മാരത്തണ്‍ ചികിത്സക്ക് തുക കണ്ടെത്തുന്നതിനോടൊപ്പം ക്യാന്‍സര്‍ അവബോധവും ലക്ഷ്യം വെച്ചിരുന്നായിരുന്നു കോച്ചിന്റെ മാരത്തണ്‍ നടത്തം. സമൂഹത്തിന് നല്ല അവബോധം വളര്‍ത്താന്‍ ഈ പെണ്‍കുട്ടികളുടെ ചെറിയ ഉദ്യമത്തിന് സാധിച്ചു. ലോകത്തിന് മുന്നില്‍ നല്ല മാതൃകകളാകാന്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കഴിയട്ടെ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.