ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം
തത്വചിന്തകനായ ഇമ്മാനുവേല്‍ കാന്റ് ഒരിക്കല്‍ പറഞ്ഞു. രണ്ടു കാര്യങ്ങള്‍ എന്നില്‍ അത്ഭുതം സൃഷ്ടിക്കുന്നു. താരക പൂര്‍ണമായ ആകാശ വിതാനവും ഉള്ളിലെ ധാര്‍മിക നിയമവും. ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ തനിക്കു പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഭൂമിയുടെ ഉത്ഭവവും അതിര്‍ത്തിയും മനുഷ്യന്റെ ചോദ്യങ്ങളുടെ ഭാഗമായി.
മനുഷ്യന്റെ ലോകവീക്ഷണം വിവിധ കാലങ്ങളിലും ഘട്ടങ്ങളിലും പല രീതിയിലുമുള്ള വ്യത്യാസങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇത്തരത്തില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണങ്ങളില്‍ ഇന്ന് ഏറ്റവും സര്‍വ്വസമ്മതമായ ബിഗ് ബാംഗ് തിയറി ആദ്യമായി അവതരിപ്പിച്ച ആളാണ് ജോര്‍ജ് ലമൈത്തര്‍.
ബെല്‍ജിയംകാരനായ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു ജോര്‍ജ് ലമൈത്തര്‍. 1894 ല്‍ ജനിച്ചു. അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത് ജെസ്യുട്ട് വൈദികരുടെ സ്‌കൂളിലാണ്. തുടര്‍ന്നുള്ള വിദ്യാഭ്യാസം പ്രശസ്തമായ ലുവൈന്‍ യൂണിവേസിറ്റിയില്‍ ആയിരുന്നു. അവിടെ അദ്ദേഹം സിവില്‍ എന്‍ജിനീയറിങ് പഠിച്ചു. 1914 ല്‍ ഒന്നാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തിന്റെ പഠനം ഭാഗികമായി മുടങ്ങി.
യുദ്ധകാലത്ത് രാഷ്ട്രത്തിനായി സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടു. യുദ്ധാനന്തരം അദ്ദേഹം ഭൗതികശാസ്ത്രവും കണക്കും പഠിച്ചു. ഇക്കാലയളവില്‍ തന്നെ ഒരു രൂപതാ വൈദികനാകാനുള്ള പരിശീലനവും ആരംഭിച്ചു. 1920 ല്‍ തന്റെ ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. 1923 ല്‍ ജോര്‍ജ് ലമൈത്തര്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.
1923 മുതല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് അമേരിക്കയിലെ എംഐടി യൂണിവേഴ്‌സിറ്റിയിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. 1925 ല്‍ ബെല്‍ജിയത്തിലേക്ക് തിരികെ വരികയും ജീവിതാവസാനം വരെ ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയും ചെയ്തു.
ജോര്‍ജ് ലമൈത്തര്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ മനസിലാക്കാന്‍ ഒരു പശ്ചാത്തല പഠനം ആവശ്യമാണ്. അത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കണ്ടെത്തലുകളാണ്. 1917 ലാണ് ഐന്‍സ്റ്റീന്‍ തന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ വാദം അവതരിപ്പിക്കുന്നത്. ഈ സിദ്ധാന്തം അനുസരിച്ച് ഗുരുത്വാകര്‍ഷണം എന്നത് സമയവും കാലവും ഉള്‍ച്ചേരുന്ന നാല് മാനങ്ങളില്‍ പദാര്‍ത്ഥത്തിനു അനുഭവപ്പെടുന്ന മാറ്റമാണ്.
പക്ഷേ, അക്കാലത്തെ ടെലിസ്‌കോപ്പുകള്‍ ആകാശ ഗംഗകളെ നിരീക്ഷിക്കാനുള്ള ശക്തിയില്ലാത്തവയായിരുന്നതിനാല്‍ ഗൗരവമായ പ്രപഞ്ച നിരീക്ഷണങ്ങള്‍ അസാധ്യമായിരുന്നു. ഐന്‍സ്റ്റീന്‍ മുന്നോട്ടു വെച്ച സിദ്ധാന്തമനുസരിച്ച് പ്രപഞ്ചം നിശ്ചലം ആകാന്‍ പാടുള്ളതല്ല. അങ്ങനെയെങ്കില്‍ അത് അതില്‍ തന്നെ ചുരുങ്ങി നശിക്കും. എന്നാല്‍ പ്രപഞ്ചം നിശ്ചലമാണ് എന്നതായിരുന്നു അന്നുവരെയുള്ള ശാസ്ത്ര വിശ്വാസം. അതിനു വിപരീതമായുള്ള നിരീക്ഷണങ്ങളോ പഠന സിദ്ധാന്തങ്ങളോ ആരും അവതരിപ്പിച്ചിരുന്നില്ല.
അതിനാല്‍ തന്റെ സിദ്ധാന്തത്തില്‍ ഐന്‍സ്റ്റീന്‍ കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ് എന്ന ഒരു ആശയം ഉള്‍ച്ചേര്‍ത്തു. പദാര്‍ത്ഥങ്ങളുടെയും വസ്തുക്കളുടെയും പരസ്പര ആകര്‍ഷണത്തെ എതിര്‍ക്കുന്ന ഒരു ശക്തിയായാണ് ഐന്‍സ്റ്റീന്‍ ഇത് അവതരിപ്പിച്ചത്. ഈ പ്രശ്‌നത്തിന് ആദ്യമായി പരിഹാരം അവതരിപ്പിച്ചത് ഡച്ച് ഭൗതിക ശാസ്ത്രജ്ഞനായ വിലെം ഡി സിറ്റര്‍ ആണ്. അദ്ദേഹം പദാര്‍ത്ഥം എന്നൊന്നില്ല എന്ന അയഥാര്‍ത്ഥമായ പരിഹാരമാണ് അവതരിപ്പിച്ചത്.
വികസിക്കുന്ന പ്രപഞ്ചം എന്ന ആശയം തുടര്‍ന്ന് രണ്ടു ശാസ്ത്രജ്ഞര്‍ സ്വതന്ത്രമായി അവതരിപ്പിച്ചു. ആദ്യം 1922 ല്‍ റഷ്യക്കാനായ അലക്‌സാണ്ടര്‍ ഫ്രൈഡ്മാന്‍ ആണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ അലക്‌സാണ്ടര്‍ ഫ്രൈഡ്മാന്‍ ഗണിത ശാസ്ത്രപരമായി ചില സാഹചര്യങ്ങളെ വിലയിരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. താന്‍ മുന്നോട്ടു വെച്ച ഗണിതശാസ്ത്ര സാധ്യതകളിലൊന്നില്‍ പ്രപഞ്ചത്തിന്റെ ചുരുള്‍ അഴിക്കുന്ന താക്കോലുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.
ലമൈത്തര്‍ ആവട്ടെ ഭൗതിക പ്രപഞ്ചത്തിലെ യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് തന്റെ പഠനം നടത്തിയത്. 1927 ല്‍ 'Annales de la Société Scientifique de Bruxelles' എന്ന ഒരു മാസികയില്‍ 'A homogeneous universe of constant mass and growing radius accounting for the radial velocity of extragalactic nebulae' എന്ന തലക്കെട്ടില്‍ ലമൈത്തര്‍ തന്റെ ആശയം മുന്നോട്ടു വെച്ചു.
എന്നാല്‍ ആദ്യ നാളുകളില്‍ ലമൈത്തര്‍ അവതരിപ്പിച്ച സിദ്ധാന്തത്തിനു വേണ്ട പ്രശസ്തി ലഭിച്ചില്ല. 1929 ല്‍ എഡ്വിന്‍ ഹബിള്‍ ഇന്ന് ഹബിള്‍ നിയമം എന്ന് അറിയപ്പെടുന്ന തന്റെ പരീക്ഷണങ്ങളുടെ ഫലം പുറത്തു വിടുകയും അത് ലമൈത്തര്‍ മുന്നോട്ടു വെച്ച ആശയങ്ങളെ പിന്താങ്ങുകയും ചെയ്തു. ഹബിള്‍ കാലിഫോര്‍ണിയയിലെ തന്റെ ടെലിസ്‌കോപ്പിലൂടെ കണ്ടെത്തിയ റെഡ് ഷിഫ്റ്റ് എന്ന പ്രതിഭാസം സ്ഥായിയും സ്ഥിരവുമായ പ്രപഞ്ചത്തിന്റെ സാധ്യതയെ നിഷേധിക്കുകയും വികസിക്കുന്ന പ്രപഞ്ചമാണ് യഥാര്‍ത്ഥ പ്രപഞ്ച മാതൃക എന്ന് തെളിയിക്കുകയും ചെയ്തു.
1930 ല്‍ പല ഭൗതിക ശാസ്ത്രജ്ഞരും വികസിക്കുന്ന പ്രപഞ്ചം എന്ന സത്യത്തിലേക്ക് എത്തുകയും അവര്‍ ഒന്നുചേര്‍ന്ന് ലമൈത്തര്‍ അവതരിപ്പിച്ച പേപ്പര്‍ ഇംഗ്ലീഷ് ഭാഷയില്‍ പുനപ്രസിദ്ധീകരണം നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷത്തില്‍ ലമൈത്തര്‍ തന്റെ പഠനങ്ങളെ യുക്ത്യാധിഷ്തിതമായി കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോയി. പ്രപഞ്ചം വികസിക്കുകയാണെങ്കില്‍ അതിന് ഒരു ആരംഭം ഉണ്ടാവണം. അങ്ങനെയെങ്കില്‍ വിദൂര ഭൂതകാലത്ത് പ്രപഞ്ചത്തിലെ പദാര്‍ത്ഥമെല്ലാം ഒന്നായിരുന്ന ഒരു കാലമുണ്ടാവണം. ഇതിനെ ലമൈത്തര്‍ ആദി കണം ( Primordial atom) എന്ന് വിളിച്ചു.
ഒരു പൊട്ടിത്തെറിയോടെ ഇത് സമയത്തിന്റെയും സ്ഥലത്തിന്റെയും ഉത്ഭവത്തിനു കാരണമാവുകയും ചെയ്തു. ഇതാണ് ബിഗ് ബാംഗ് തിയറിയുടെ അടിസ്ഥാനം. രാജ്യത്തിന്റെ ശാസ്ത്ര മേഖലയിലെ പരമോന്നത ബഹുമതി നല്‍കി ബെല്‍ജിയം അദ്ദേഹത്തെ 1934 ല്‍ ആദരിച്ചു. 1936 ല്‍ ഫ്രാന്‍സിന്റെ ശാസ്ത്ര മേഖലയിലെ പരമോന്നത ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. 1941 മുതല്‍ അദ്ദേഹം ബെല്‍ജിയത്തെ റോയല്‍ അക്കാദമി ഓഫ് സയന്‍സിലെ അംഗമായിരുന്നു.
തന്റെ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലങ്ങളിലും തന്റെ വിശ്വാസം അഭംഗുരം അദ്ദേഹം കാത്തുസൂക്ഷിച്ചു. 1936 മുതല്‍ മരണം വരെയും അദ്ദേഹം വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ അംഗവും 1960 മുതല്‍ അതിന്റെ പ്രസിഡന്റും ആയിരുന്നു. 2018 ഒക്ടോബര്‍ 29 ന് അന്താരാഷ്ട്ര അസ്ട്രോണോമര്‍ യൂണിയന്‍ ഹബിള്‍ നിയമത്തെ ഹബിള്‍- ലമൈത്തര്‍ നിയമം എന്ന് പുനര്‍നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടത് ശാസ്ത്രപര്യവേക്ഷണ മേഖലയില്‍ ഈ കത്തോലിക്കാ പുരോഹിതന്റെ സ്വാധീനമാണ് വെളിവാക്കുന്നത്.
1966 ല്‍ മരണം ഈ ലോകത്തില്‍ നിന്നും പദാര്‍ത്ഥ രഹിതമായ ലോകത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകും വരെയും പ്രപഞ്ച രഹസ്യങ്ങളെയും ദൈവിക രഹസ്യങ്ങളെയും അദ്ദേഹം ഒന്നുപോലെ ധ്യാനിക്കുകയും അവയുടെ പൊരുളറിയാന്‍ പ്രയത്‌നിക്കുകയും ചെയ്തു.
(അടുത്ത ലക്കത്തില്‍ - ഗബ്രിയെലെ ഫല്ലോപ്പിയോ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.