തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനമായും സഭാദ്ധ്യക്ഷന്റെ സിംഹാസന ഭദ്രാസനമായും തിരുവനന്തപുരം അതിഭദ്രാസനം സ്ഥാപിക്കപ്പെട്ടതിന്റെ നവതി ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ.
തോമ്മാശ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ 1653 ല്‍ നടന്ന കൂനന്‍ കുരിശു പ്രഖ്യാപനത്തോടെ വിഭജിക്കപ്പെട്ടു പോകുകയും സാര്‍വ്വ്രതിക കൂട്ടായ്മ നഷ്ടപ്പെടുകയും ചെയ്തു. പഴയകൂര്‍ സമുദായത്തില്‍ സീറോ-മലബാര്‍ എന്നും പൌരസ്ത്യ സുറിയാനി സഭ (സൂറായി) എന്നും രണ്ട് സഭകളായപ്പോള്‍ പുത്തന്‍കൂര്‍ സമുദായത്തില്‍ വിഭജനങ്ങളുടെ തുടര്‍ക്കഥകളായിരുന്നു. 1930-ല്‍ പുത്തന്‍കൂര്‍ സമുദായത്തില്‍ നിന്നും വിശിഷ്യാ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ബഥനി മെത്രാപ്പോലിത്താ മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭാ കൂട്ടായ്മയിലെക്ക് എത്തിയ മലങ്കര സുറിയാനി കത്തോലിക്കര്‍ക്കായി 1932 ൽ ഒരു ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് 1932 ജൂണ്‍ 11-ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പായുടെ “ക്രിസ്തോ പാസ്തോരും പ്രിന്‍ചിപ്പി' എന്ന അപ്പസ്തോലിക തിരുവെഴുത്തിറക്കി.
തിരുവനന്തപുരം ആസ്ഥാനമായി ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭ 90 വര്‍ഷം പിന്നിടുമ്പോള്‍ ഭാരതം മുഴുവന്‍ സുവിശേഷം അറിയിക്കുന്നതിനുള്ള നൈയാമികമായ അവകാശമുള്ള സഭയായി വളര്‍ന്നിരിക്കുന്നു. നിലവിൽ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന് കീഴിൽ നാലു ഭ്രദാസനങ്ങള്‍ നിലവിലുണ്ട്. മാര്‍ത്താണ്ഡം ഭദ്രാസനം (1996) ,മാവേലിക്കര ഭ്രദാസനം (2007) , പത്തനംതിട്ട ഭ്രദാസനവും (2010) മിഷന്‍ ഭ്രദാസനമായ (2007) പാറശാല എന്നിവയാണവ.
ആദ്ധ്യാത്മിക- അജപാലന-കാരുണ്യ മേഖലകളിലായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളിലൂടെ നവതി ആഘോഷം നടത്തപ്പെടും. ഇതോടനുബന്ധിച്ച് വൈദികര്‍, സമര്‍പ്പിതര്‍, വിവിധ പ്രേഷിത മേഖലയിലെ നേതൃത്വ നിരയിലുള്ളവര്‍ എന്നിവര്‍ക്ക് ആത്മീയ ഉണര്‍വ് നല്‍കുന്ന നവീകരണ പരിശീലന പദ്ധതികള്‍ മൗണ്ട് കാര്‍മ്മല്‍ ധ്യാന ക്രേന്ദ്രത്തില്‍ സംഘടിപ്പിക്കുന്നതാണ്.
നവതി വര്‍ഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2021 ജൂണ്‍ 11-ന് നടത്തപ്പെടുന്നു. ഹയരാര്‍ക്കി സ്ഥാപന വിളംബര കല്‍പ്പന വായിക്കപ്പെട്ട പാളയം സെന്റ് മേരീസ് സമാധാന രാജ്ഞി ബസലിക്കായില്‍ 2021 ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ 6.30ന് മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ പരിപാടികൾ എല്ലാം തന്നെ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് സഭാ വ്യക്താവ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.