തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനാകുമെന്ന പ്രചാരണം ശക്തമായി. സുധാകരന്റെ പേര് മാത്രമാണ് ഹൈക്കമാന്‍ഡിന്റെ അന്തിമ പരിഗണനയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഈ വാർത്തകൾ താരീഖ് അന്‍വര്‍ നിഷേധിച്ചു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും എത്രയും വേഗം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എൽ.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അൻവറിന്റെ റിപ്പോർട്ട്. നിലവിൽമറ്റു പേരുകൾ പരിഗണനയിൽ ഇല്ലെന്നാണു വിവരം. അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ വൈകാതെ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ അധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരെന്ന നിലയില്‍ കെ. സുധാകരന്‍, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവര്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്കുള്ള സ്വാഭാവിക പരിഗണനാ പട്ടികയിലുണ്ടായിരുന്നു. പി.ടി. തോമസ്, കെ. മുരളീധരന്‍ എന്നീ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരന്‍ നിലപാട് സ്വീകരിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ ഇല്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നിലപാടാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകാന്‍ ഇടയാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അദ്ദേഹത്തിനു വിയോജിപ്പില്ലെന്നാണ് സൂചന.
എന്നാൽ സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുടെ കൂടി അഭിപ്രായങ്ങള്‍ ആരായാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.