"സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം ദൈവം സ്നേഹമാണ്." 1 യോഹന്നാൻ 4:8
പലപ്പൊഴും നാം സ്നേഹത്തിൻറെ വില അറിയാതെപോകുന്നു. അത് മനസിലാക്കിത്തരുന്നത് സമയമാണ് എന്ന് പറഞ്ഞുതരുന്ന ഒരു കഥയാണ് വികാരങ്ങളുടെ ദ്വീപ് .
ഒരിക്കൽ വെള്ളപ്പൊക്കത്തിൽ വികാരങ്ങളുടെ ദ്വീപ് മുങ്ങാൻതുടങ്ങി. ഓരോരോ വികാരങ്ങളായി തങ്ങളുടെ വള്ളങ്ങളിൽ രക്ഷപെടാൻ തുടങ്ങി. സ്നേഹത്തിന്നുമാത്രം വള്ളമുണ്ടായിരുന്നില്ല.
ദ്വീപിൽ ഒറ്റപ്പെട്ട സ്നേഹം സമ്പത്തിൻറെ വള്ളം കടന്നുപോകുന്നതുകണ്ട് സഹായം അഭ്യർത്ഥിച്ചു. പക്ഷെ അഹങ്കാരിയായ സമ്പത്ത് സഹായം നിരസിച്ചു.
തുടർന്നുവന്ന പൊങ്ങച്ചവും സഹായം നിരസിച്ചു "നീ നനഞ്ഞതാണ്, നീ കയറിയാൽ എൻ്റെ വള്ളം വൃത്തിഹീനമാകും" പൊങ്ങച്ചം പറഞ്ഞു.
ഇടം കൊടുക്കുമെന്നു കരുതിയ ദുഃഖം "എനിക്ക് ഏകാന്തത വേണം” എന്നുപറഞ്ഞൊഴിഞ്ഞു.
സന്തോഷം പോകുന്നതുകണ്ട് സ്നേഹം ഉറക്കെ വിളിച്ചു. എവിടെ! സ്‌നേഹത്തിൻറെ വിളിപോലും കേൾക്കാതെ സന്തോഷം കടന്നുപോയി.
മരണം മുന്നിൽക്കണ്ട് നിസ്സഹായനായിനിന്ന സ്നേഹത്തെ “കയറൂ” എന്നുപറഞ്ഞാരോ വിളിച്ചു. സ്നേഹം ചാടി വള്ളത്തിൽ കയറി മറുകരയെത്തി. രക്ഷപ്പെട്ട സന്തോഷത്തിൽ തന്നെ രക്ഷിച്ചതാരെന്നു ചോദിക്കാനോ, ഒരു നന്ദിവാക്കെങ്കിലും പറയാനോ മറന്ന സ്നേഹം തന്റെ രക്ഷകനെ തേടി.
കണ്ടുകിട്ടാതെ അടുത്തുനിന്ന ജ്ഞാനത്തോട് ചോദിച്ചു "ആരാണ് എന്നെ രക്ഷിച്ചത്?" ജ്ഞാനം പറഞ്ഞു "സമയം." മറ്റെല്ലാവരും ഉപേക്ഷിച്ച എന്നെ എന്തുകൊണ്ടാണ് സമയം രക്ഷിച്ചത്?" ജ്ഞാനം പറഞ്ഞു "സമയത്തിനേ അറിയൂ സ്നേഹത്തിന്റെ മഹത്വം."
കൊച്ചു കൊച്ചു പ്രശനങ്ങൾ പെരുപ്പിച്ച് ബന്ധങ്ങൾ തകർക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു സത്യമുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരുടെ സ്നേഹവും സംരക്ഷണയും മറ്റുമാണ് നമ്മളെ നമ്മളാക്കിയത്. ആ സ്നേഹം നമ്മളും തിരിച്ചുനൽകാൻ കടപ്പെട്ടവരാണ്.
കാരണം വില്യം ബ്ലേക്ക് തന്റെ "ലിറ്റൽ ബ്ലാക്ക് ബോയ്" എന്ന കവിതയിൽ മനുഷ്യജന്മത്തിന്റെ ഉദ്ദേശത്തെക്കുറിച്ചു പറയുന്നത് “നമ്മളെ ലോകത്തിലെ ഒരു ചെറിയ സ്ഥലത്തേക്ക് വിട്ടിരിക്കുന്നത് ദൈവസ്നേഹത്തിന്റെ കിരണങ്ങൾ വഹിക്കാനാണ്" എന്നാണ്.
സ്നേഹത്തിനെ ചിറകെട്ടി നിർത്താനാകില്ല. അത് അനസ്യൂതം ചുറ്റും പ്രസരിക്കും. മദർതെരേസായിലേക്കും, അതുപോലെ വിശുദ്ധ ജീവിതം നയിക്കുന്നവരിലേക്കും മറ്റുള്ളവർ ആകര്ഷിക്കപ്പെടാൻ കാരണവും ഈ സ്നേഹമാണ്. ജനനം മുതൽ മനുഷ്യൻ തേടുന്നത് പൂർണ്ണതയാർന്ന ദൈവസ്നേഹമാണ്. പ്രായത്തിന്റെ പ്രയാണത്തിൽ മനുഷ്യൻ അതിനെ ഭൗതീക സുഖങ്ങളിലും, സമ്പത്തിലും എല്ലാം തേടി തേടി അതു കിട്ടാതെ വിവശരാകും. അപ്പോൾ ദൈവത്തിന്റെ സ്വരം കേൾക്കാം.
മാതാപിതാക്കളുടേയും, സഹോദരങ്ങളുടേയും, നല്ല ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും സ്നേഹം നഷ്ടപ്പെടുത്താതെ സ്നേഹത്തിൽ പൂർണ്ണതയാർന്ന് ദൈവസ്നേഹത്തെ തേടുക.
സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. 1 കോറിന്തോസ് 13:4
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v