ജീവിത പങ്കാളി തന്നോട് അവിശ്വസ്തത കാണിക്കുന്നതായി സംശയിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് ഈ കുറിപ്പ്.
രണ്ടു മക്കളുടെ അമ്മയായ അവൾക്ക് അദ്ദേഹത്തെ വിട്ട് പോകാൻ മനസു വന്നില്ല. അവളുടെ ഹൃദയം വല്ലാതെ ആർദ്രമായി. ഭാരപ്പെട്ട മനസുമായി അവൾ ഒരു വൈദികനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ''ദൈവത്തിന് ഒന്നും അസാധ്യമല്ല. നിൻ്റെ ജീവിത പങ്കാളി തിരിച്ചു വരും. ചിലപ്പോൾ നീ സംശയിക്കുന്നതു പോലെ ഒന്നും ഉണ്ടാകണമെന്നില്ല. ഭർത്താവിനു വേണ്ടിയും ഭർത്താവുമായ് ഇടപെടുന്നു എന്ന് നീ സംശയിക്കുന്ന വ്യക്തിക്കു വേണ്ടിയും നിരന്തരം പ്രാർത്ഥിക്കുക. എല്ലാറ്റിനുമുപരിയായ് അയാളെ തുടർന്നും സ്നേഹിക്കാനും ശ്രമിക്കുക."വൈദികൻ പറഞ്ഞതുപോലെ അവൾ ചെയ്തു.
ഒരിക്കൽ ഭർത്താവിൻ്റെ ഫോണിൽ ഒരു സ്ത്രീയുടെ മെസേജ് കാണാനിടയായി. അവൾ ഒന്നും പ്രതികരിച്ചില്ല. ഭാര്യയത് കണ്ടെന്ന് തിരിച്ചറിഞ്ഞ ഭർത്താവിന് അവളെ അഭിമുഖീകരിക്കാൻ വല്ലാതെ പ്രയാസമായി. അയാൾ മനോഗതം ചെയ്തു: ''എൻ്റെ കള്ളത്തരം മനസിലാക്കിയ ഭാര്യ എന്നെയൊന്ന് ശകാരിക്കുകയോ, ദേഷ്യപ്പെടുകയോ ചെയ്യാതെ സ്നേഹിക്കുക മാത്രം ചെയ്യുന്നു. ഇനിയും ഞാൻ അവളോട് വഞ്ചന കാണിച്ചാൽ ദൈവം പോലും പൊറുക്കില്ല." അന്ന് രാത്രി അവൾ ചോദിച്ചു: "എന്നെയും മക്കളെയും ചേട്ടൻ ഇന്നും സ്നേഹിക്കുന്നില്ലേ? ഏതെങ്കിലും ബലഹീന നിമിഷത്തിൽ എന്നെ മറന്നാലും മക്കളെ മറക്കരുത്. ഒരുപക്ഷേ അവർക്കത് താങ്ങാൻ കഴിയണമെന്നില്ല." അവളുടെ വാക്കുകൾ അയാളുടെ മനസിൽ തുളച്ചുകയറി. ഭാര്യയുടെ കരം പിടിച്ച് അയാൾ പറഞ്ഞു: ''എന്നോട് പൊറുക്കണം. ശരിയാണ്, ഒരു ബലഹീന നിമിഷത്തിൽ എൻ്റെ ചിന്തകൾ വ്യതിചലിച്ചിട്ടുണ്ട്. പക്ഷേ വലിയ തെറ്റുകളിലേക്ക് ഞാൻ ഇതുവരെ പോയിട്ടില്ല. അതിന് കാരണം നിൻ്റെ പ്രാർത്ഥനയും ആത്മാർത്ഥതയുമാണ്... ഇനിയൊരിക്കലും തെറ്റിൻ്റെ വഴിയേ പോകാതിരിക്കാൻ എനിക്കുവേണ്ടി നീ പ്രാർത്ഥിക്കണം....."
ആർക്കാണ് ബലഹീനതകൾ ഇല്ലാത്തത്? എന്നാൽ ബലഹീനതകൾ തിരിച്ചറിയുമ്പോഴും തിരുത്തലുകൾ ലഭിക്കുമ്പോഴും നമ്മൾ പ്രതികരിക്കുന്ന രീതിയിലാണ് അനുതാപവും പ്രതികാരവും ഒളിഞ്ഞിരിക്കുന്നത്. ചിലർ തിരുത്തലുകൾ സ്വീകരിച്ച് പുതിയ ജീവിതം ആരംഭിക്കുന്നു. മറ്റു ചിലർ തെറ്റുകൾ അംഗീകരിക്കാതെ തിരുത്തലുകൾ നൽകുന്നവരെ ശത്രുക്കളായ് പരിഗണിച്ച് കൂടുതൽ മോശം അവസ്ഥയിലേക്ക് പോകുന്നു. വീഴ്ചകൾ തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ മാറിൽ അഭയം പ്രാപിച്ച ശിഷ്യനെക്കുറിച്ചാണ് ഈ സുവിശേഷ ഭാഗം. മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ ആ ശിഷ്യനോട് ക്രിസ്തു ചോദിക്കുന്നത് "യോഹന്നാൻ്റെ പുത്രനായ ശിമയോനെ നീ ഇവരേക്കാൾ അധികമായ് എന്നെ സ്നേഹിക്കുന്നുവോ..." (യോഹ 21:15-19) എന്നു മാത്രമാണ്. ആവർത്തിച്ചുള്ള ആ ചോദ്യത്തിൽ അവൻ തെറ്റുകൾ തിരിച്ചറിയുന്നു.. ബോധ്യത്തോടെ തിരിച്ചു നടക്കാൻ അത് കാരണമാക്കുന്നു.തെറ്റുകൾ തിരിച്ചറിഞ്ഞ് തിരിച്ച് നടക്കാൻ നമുക്കും ഒന്ന് പരിശ്രമിച്ചാലോ?
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.