വേദപാഠ ക്ലാസിൽ സിസ്റ്റർ ഒരു ചോദ്യം ചോദിച്ചു: "മക്കളെ, നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസത്തെക്കുറിച്ച് പറയാമോ?" "കഴിഞ്ഞ വർഷം വേളാങ്കണ്ണിയ്ക്ക് തീർത്ഥാടനം പോയതായിരുന്നു എൻ്റെ ജീവിതത്തിലെ സന്തോഷകരമായ ദിനം" എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി. പിന്നെയും പലപല ഉത്തരങ്ങൾ..... "പപ്പ ഒരു കാർ വാങ്ങിയ ദിവസം...." "എനിക്ക് സൈക്കിൾ വാങ്ങിത്തന്ന ദിവസം" "ആദ്യമായ് കുഴിമന്തിയും അൽഫാമും കഴിച്ച ദിവസം....." എന്നിങ്ങനെ പോകുന്നു.
അതുവരെ ഒരു വാക്കു പോലും മിണ്ടാതിരുന്ന ഒരു പെൺകുട്ടിയുടേതായിരുന്നു അടുത്ത ഊഴം: "സിസ്റ്റർ, എനിക്ക് ഏറ്റവും സന്തോഷം നൽകിയത് രണ്ടുദിവസങ്ങളാണ്. ആദ്യത്തേത്, എൻ്റെ പപ്പ മദ്യപാനം ഉപേക്ഷിച്ച ദിവസം. അടുത്തത്; മൂന്നുവർഷം വേർപിരിഞ്ഞു കഴിഞ്ഞ പപ്പയും മമ്മിയും ഒന്നിച്ച ദിവസം." അവളുടെ വാക്കുകളിൽ ആ ക്ലാസ് മുറി നിശബ്ദമായി. കണ്ണീരോടെ അവൾ തുടർന്നു: ''മാതാപിതാക്കൾ കലഹിച്ചു കഴിയുന്നതു പോലെ ഭീകരമായ അവസ്ഥ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവരുടെ വഴക്കുകളിൽ ഒറ്റപ്പെട്ടുപോയത് ഞാനും എൻ്റെ സഹോദരനുമായിരുന്നു. എപ്പോഴും ശകാരങ്ങളും ഉപദ്രവങ്ങളും മാത്രം. പലപ്പോഴും പപ്പയും മമ്മിയും ഞങ്ങളെ തല്ലുന്നത് എന്തിനാണെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. എത്ര രാത്രികൾ ഞങ്ങൾ ഭക്ഷണം കഴിക്കാതെ ഉറങ്ങിയിട്ടുണ്ടെന്നറിയാമോ? 'നിനക്ക് വിശക്കുന്നുണ്ടോ' എന്ന ഒരു ചോദ്യം കേൾക്കാൻ ചില ദിവസങ്ങളിൽ ഞാൻ കൊതിച്ചിട്ടുണ്ട്. എന്തായാലും കലഹങ്ങൾ അവസാനിച്ചപ്പോൾ വീട് സ്വർഗമായി...." അന്നത്തെ ക്ലാസിൽ കരയാത്തതായി ആരുമില്ലായിരുന്നു.
പല കുടുംബങ്ങളിലും നടക്കുന്ന യാഥാർത്ഥ്യത്തിൻ്റെ ചുരുളഴിയുന്ന വാക്കുകളായിരുന്നു ആ കുട്ടിയുടേത്. മാതാപിതാക്കളുടെ സ്വാർത്ഥമായ ആഗ്രഹങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു പോകുന്നത് മക്കളാണ്. മക്കളുടെ കണ്ണീരൊപ്പേണ്ടവർ തന്നെ കണ്ണീരൊഴുകാൻ കാരണമാകുമ്പോൾ വീടിൻ്റെ അകത്തളങ്ങളിൽ അവർ ശോകമൂകരാകുന്നു.അതു കൊണ്ടാണ്; "അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും" (ലൂക്കാ 15 : 10) എന്ന് ക്രിസ്തു പറഞ്ഞത്. അതെ, കുടുംബത്തിലെ അനുതാപമാണ് സ്വർഗത്തിലെ സന്തോഷം! കുടുംബമാകുന്ന വിളക്കിൽ സന്തോഷത്തിൻ്റെ തിരിതെളിക്കാൻ മാതാപിതാക്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആ തിരിവെട്ടത്തിൽ മക്കളുടെ ജീവിതങ്ങൾ പ്രകാശപൂരിതമാകട്ടെ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.