ഇന്ന് ലോക സോഷ്യല്‍ മീഡിയ ദിനം

ഇന്ന് ലോക സോഷ്യല്‍ മീഡിയ ദിനം


മനുഷ്യന്‍ ഒരു സാമൂഹ്യജീവി എന്നു പറയുന്നപോലെ തന്നെ ഒരു സോഷ്യല്‍ മീഡിയ ജീവിയാണെന്നും പറയേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും, വാണിജ്യവും എല്ലാം ഒറ്റ പ്ലാറ്റ് ഫോമില്‍. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ അഥവാ സമൂഹ മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കാരണം. അത് സൃഷ്ടാവിനെപ്പോലെ സര്‍വ്വ വ്യാപിയുമാണ്. ഇന്നത്തെ കാലത്ത് ഒരു സമൂഹ മാധ്യമങ്ങളിലും ഇല്ലാത്തവര്‍ ചുരുക്കമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ക്ലബ്ഹൗസ് എന്നിങ്ങനെ സമൂഹ മാധ്യമങ്ങളുടെ നിര വളരെ വിശാലമായി നീണ്ടുകിടക്കുകയാണ്. ഇവയ്ക്കായുള്ള ദിവസമാണ് ജൂണ്‍ 30, ലോക സോഷ്യല്‍ മീഡിയ ദിനം.
ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളില്‍ സോഷ്യല്‍ മീഡിയ ചെലുത്തിയ സ്വാധീനം തിരിച്ചറിയുന്നതിനോടൊപ്പം ആഘോഷിക്കാന്‍ 2010 ജൂണ്‍ 30 മുതലാണ് സോഷ്യല്‍ മീഡിയ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയെ ബഹുമാനിക്കാന്‍ ഒരു ദിവസം എന്ന നിലക്കാണ് മഷബിള്‍ ഈ ദിവസം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദ, മള്‍ട്ടി-പ്ലാറ്റ്‌ഫോം മീഡിയ ബിസിനസ്സാണ് മഷബിള്‍.
ന്യുജനറേഷന്‍ സമൂഹമാധ്യമങ്ങളുടെ തലതൊട്ടപ്പന്‍മാരായ മൈസ്‌പേസ്, ഓര്‍ക്കുട്ട് തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാം ഇന്ന് ഉപയോഗിക്കുന്ന പല സമൂഹ മാധ്യമങ്ങളും. ട്വിറ്റര്‍ പലരും വാര്‍ത്തകള്‍ പെട്ടെന്നറിയാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും വിഡിയോകള്‍ കണ്ട് രസിക്കുന്നവരാണ് നമ്മളില്‍ പലരും. ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഇതൊന്നും താല്പര്യം ഇല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങ് വെബ്സൈറ്റുകളുണ്ട്. കഴിഞ്ഞില്ല വൈന്‍, സ്‌നാപ്പ്ചാറ്റ് എന്തിന് ലിങ്ക്ഡ്ഇന്‍ വരെ സോഷ്യല്‍ മീഡിയയുടെ പരിധിയില്‍ വരും.
സമൂഹ മാധ്യമങ്ങള്‍ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. തോട്ടിറമ്പിലും മതില്‍ക്കെട്ടിലും കൂട്ടും കൂടിയിരുന്ന് സൊറ പറഞ്ഞിരുന്നവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളുണ്ടാക്കി സ്വന്തം മുറിക്കുള്ളില്‍ തന്നെ കഴിയുന്നു. അതിന് പല തിക്തഫലങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ ലോകത്ത് അത് അനിവാര്യവുമാണ്. ലോകത്തെ മറ്റേതോ കോണിനുള്ള നമ്മുടെ സുഹൃത്ത് ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നുള്ളത് പലപ്പോഴും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും നാം മനസിലാക്കുന്നു. എന്തെങ്കിലും പുതിയതായി വാങ്ങിയാല്‍ അല്ലെങ്കില്‍ യാത്ര പോയാല്‍ അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാതെ നമ്മളില്‍ പലര്‍ക്കും ഉറക്കം വരില്ല.
സിനിമ താരങ്ങളെയും, കമ്പനികളുടെ തലപ്പത്തിരിക്കുന്നവരെയും പിന്തുടരാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ട്വിറ്റര്‍. പ്രശസ്തരായ പലര്‍ക്കും വെരിഫൈഡ് ആയ ട്വിറ്റര്‍ അക്കൗണ്ടുണ്ട് എന്നത് തന്നെ കാരണം. ഒരുപരിധിവരെ കമ്പനികളുടെ പേടിസ്വപ്നമാണ് സമൂഹ മാധ്യമങ്ങള്‍. ഒരു കമ്പനിയുടെ ഉത്പന്നമോ, സേവനമോ അത്ര പോരാ എന്നുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ പ്രശ്‌നം ഉന്നയിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. കൂടുതല്‍ പേര് ഇവ കാണും എന്നുള്ളതുകൊണ്ട് തന്നെ കമ്പനികള്‍ പെട്ടന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും.
സോഷ്യല്‍ മീഡിയ ജനങ്ങള്‍ക്ക് നല്‍കുന്ന കരുത്ത് കുറച്ചൊന്നുമല്ല. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിലപാടുകള്‍, അഭിപ്രായങ്ങള്‍, ആശയങ്ങള്‍ തുറന്ന് പറയാന്‍ അവസരമൊരുക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന സവിശേഷത. ഉപയോക്താക്കള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും, അഭിപ്രായങ്ങള്‍ പങ്കിടാനും, അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. പലരെയും പ്രശസ്തരാക്കിയതും സമൂഹ മാധ്യമങ്ങളാണ്. യൂട്യൂബിലൂടെ പ്രശസ്തരാവുകയും വരുമാനം നേടുന്ന പലരും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സാദ്ധ്യതകളുടെ ഒരു വലിയ ലോകമാണ് തുറന്നിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.