ഒരു വല്യമ്മയുടെ പരാതി: "അച്ചാ ഇപ്പോഴത്തെ പിള്ളേർക്ക് കുടുംബ പ്രാർത്ഥന ചൊല്ലുമ്പോൾ ഒട്ടും ശബ്ദമില്ല. അതുവരെ കളിയും ചിരിയുമായ് ഓടിനടക്കുന്ന അവർക്ക് പ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയാൽ പിന്നെ ക്ഷീണവും ഉറക്കവുമാണ്. അച്ചനറിയുമോ, ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഉറക്കെ പ്രാർത്ഥിച്ചില്ലേൽ മാതാപിതാക്കൾ വഴക്കു പറയുമായിരുന്നു. ഉറക്കം തൂങ്ങിയാൽ നല്ല അടിയും കിട്ടും. ഇന്ന് പല കുടുംബങ്ങളിലും പറയുന്നത് 'പതുക്കെ പ്രാർത്ഥിച്ചാൽ മതി... നാട്ടുകാർ കേൾക്കും' എന്നാണ്. എൻ്റെ മകൻ്റെ കുട്ടികളും പ്രാർത്ഥനയുടെ കാര്യത്താൽ നല്ല ഉഴപ്പാണ്. ഞാൻ ഇക്കാര്യം എൻ്റെ മകനോട് പറഞ്ഞപ്പോൾ, 'പിള്ളേർ എങ്ങനെ വേണമെങ്കിലും പ്രാർത്ഥിക്കട്ടെ, അമ്മ അതിൽ ഇടപെടണ്ട' എന്നായിരുന്നു മറുപടി. ഇങ്ങനെപോയാൽ വരും കാലങ്ങളിൽ കുടുംബ പ്രാർത്ഥന ചൊല്ലുന്ന കുടുംബങ്ങൾ ഉണ്ടാകുമോ എന്ന് സംശയമാണ്...."
ആ വല്യമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഞാനും ചിന്തിച്ചു. വീടുകളിൽ മാത്രമല്ല, ദൈവാലയത്തിലെ തിരുക്കർമ്മങ്ങളിൽ  പോലും പ്രതിവചന പ്രാർത്ഥനകൾക്ക് സ്വരമുയർത്താത്തവരുടെ എണ്ണം ഇന്ന് വർദ്ധിച്ചു വരികയല്ലെ ?എന്തുകൊണ്ടാണെന്നറിയില്ല ഉറക്കെ പ്രാർത്ഥിക്കുന്നതും പ്രാർത്ഥിക്കാൻ ഒരുമിച്ച് കൂടുന്നതുമെല്ലാം ഇന്ന് പലർക്കും അന്തസില്ലായ്മയാണ്.
ഇവിടെയാണ് ബർതിമേയൂസ് എന്ന അന്ധയാചകൻ നമുക്ക് വെല്ലുവിളിയാകുന്നത്. " ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!" (മര്‍ക്കോസ് 10 : 47) എന്ന് എത്ര ഉച്ചത്തിലാണ് അവൻ വിളിച്ചു പ്രാർത്ഥിക്കുന്നത്. പലരും അവനോട് ശബ്ദിക്കരുതെന്ന് ശഠിച്ചിട്ടും അവൻ്റെ നിലവിളി നിലക്കുന്നില്ല. അവസാനം "ഞാൻ നിനക്ക് എന്തു ചെയ്തു തരണം?" എന്ന ചോദ്യവുമായ് ക്രിസ്തു അവനരികിലെത്തുന്നു. അവിടെ അവൻ്റെ മിഴികളിൽ വെളിച്ചം പരന്നു.
നമ്മുടെ ജീവിതത്തിലും ദൈവീക പ്രകാശം വ്യാപരിക്കണമെങ്കിൽ ആത്മാർത്ഥമായ യാചനകളുടെ സ്വരം ദൈവസന്നിധിയിൽ എത്തണമെന്ന സത്യം മറക്കാതിരിക്കാം.
 
                        
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.