വിശ്വാസം അതല്ലേ എല്ലാം

വിശ്വാസം അതല്ലേ എല്ലാം

കോവിഡിന് വളരെ മുമ്പ് നടന്നതാണിത്. സ്ഥിരമായി പള്ളിയിൽ വന്നിരുന്ന ഒരു ചേട്ടൻ ഇടയ്ക്ക് വച്ച് വരാതായി. അദ്ദേഹത്തിൻ്റെ ഭാര്യയോട് കാര്യം തിരക്കിയപ്പോൾ പറഞ്ഞതിങ്ങനെയാണ്: ''ഒരു വീടിനു വേണ്ടി പ്രാർത്ഥന തുടങ്ങിയിട്ട് കുറെ നാളായി. പുതിയൊരു വീട് ഉണ്ടാകാതെ ഇനി പളളിയിൽ വരില്ലെന്ന വാശിയിലാണദ്ദേഹം. പറ്റുമെങ്കിൽ അച്ചൻ വീട്ടിൽ വന്ന് അങ്ങേരോടൊന്ന് സംസാരിക്കണം." അവർ ആവശ്യപ്പെട്ടതുപോലെ ഞാൻ വീട്ടിൽ ചെന്നു. ഭാര്യ പറഞ്ഞതുപോലെ വീടിൻ്റെ കാര്യം ശരിയാകാതെ പള്ളിയിലേക്കില്ലെന്ന നിലപാട് തന്നെ അദ്ദേഹം ആവർത്തിച്ചു. ശാന്തമായ് അദ്ദേഹത്തെ കേട്ട ശേഷം ഞാൻ ചോദിച്ചു: "കഴിഞ്ഞ നാളുകളിൽ ദൈവം നൽകിയ കൃപകളെല്ലാം ചേട്ടൻ മറന്നുവോ? രണ്ടു മക്കൾക്ക് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയതും മകന് ജോലി ലഭിച്ചതുമെല്ലാം ഇത്ര പെട്ടെന്ന് മറന്നു പോയോ? അന്ന് ദൈവം വലിയവനാണെന്നു പറഞ്ഞ വ്യക്തിയാണോ ഇന്ന് ദൈവത്തെ തള്ളിപ്പറയുന്നത്? ദൈവത്തിനറിയാം ചേട്ടന് വീടുവേണമെന്ന്. അത് തക്ക സമയത്ത് ലഭിക്കുകയും ചെയ്യും. ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന സമയത്ത് നല്ലവനും അവയ്ക്ക് കാലതാമസം വരുമ്പോൾ ദൈവത്തെ മോശമായും ചിത്രീകരിക്കുന്നത് യുക്തമാണോ? പരീക്ഷയിൽ വിജയിക്കുമ്പോൾ നാം മക്കളെ സ്നേഹിക്കുകയും അവർ പരാജയപ്പെട്ടാൽ നാം അവരെ തള്ളിക്കളയുകയുമാണോ ചെയ്യുന്നത്? കാര്യസാധ്യത്തിന് മാത്രം കൂട്ടു പിടിക്കുന്ന ബന്ധങ്ങൾ ശാശ്വതമാണെന്ന് തോന്നുന്നുണ്ടോ?" ഏതായാലും എൻ്റെ ചോദ്യങ്ങൾ അദ്ദേഹം നിശബ്ദനായി നിന്നു കേട്ടു . ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം പള്ളിയിൽ വീണ്ടും വന്നു തുടങ്ങി.

നമ്മുടെ ജീവിതത്തിലും സ്ഥിതി മറിച്ചല്ലല്ലോ? ദൈവത്തിൽ നിന്ന് നന്മകൾ സ്വീകരിക്കുമ്പോഴും വിശ്വാസത്തിൽ നിലനിൽക്കാൻ അടയാളങ്ങൾ അന്വേഷിക്കുന്നവരല്ലേ നമ്മൾ? അങ്ങനെയുള്ളവരെ നോക്കി ക്രിസ്തു പറഞ്ഞ വാക്കുകൾ:
"ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു" (മത്തായി 12 : 39) എന്നാണ്.

ദൈവത്തെ കളിപ്പാവയാക്കുന്ന വിശ്വാസമല്ല നമുക്ക് വേണ്ടത്. പ്രതിസന്ധികൾക്കു നടുവിലും ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന ആഴമേറിയ വിശ്വാസമാണ് നമ്മൾ സ്വന്തമാക്കേണ്ടത്. അതിനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.