ഓർമ്മ (കവിത)

ഓർമ്മ (കവിത)

പ്രിയ സ്റ്റാൻ വിട,
നിൻ്റെ നെഞ്ചിലൂറിയ സ്നേഹ
ജ്വാലയ്ക്ക് മരണമില്ല...
ഒരു തേങ്ങലിൽ അടയുന്നതല്ല
നീ തുറന്ന പാതകൾ ...
വേറിട്ട കാഴ്ചകൾ....
കണ്ടതൊക്കെയും
നീതി പുലരുന്ന സ്വപ്നങ്ങൾ ....

തീർത്തില്ല മണിമന്ദിരങ്ങൾ
സ്വസ്ഥമായൊന്ന് ഉറങ്ങിയോ നീ.....
വാക്കില്ലാത്തോർക്ക് വാക്കായും,
കാഴ്ചയില്ലാത്തോർക്ക്
കാഴചയായും ഉയർന്നു-
യർന്നവൻ്റെയുടയാട വലിച്ചുകീറി.....
നീതിപീഠങ്ങളറിഞ്ഞില്ല നീതി....
വിറക്കും കൈകൾ ഒരിറ്റു
ദാഹജലത്തിനായ് പിടഞ്ഞു .......
പിഴ...പിഴ... പിഴയാണിതെൻ്റെയും ...
മൗനത്തിന്നു മാപ്പില്ല,വെള്ളയടിച്ച
കുഴിമാടങ്ങളാണ് ചുറ്റും,
ബലിയായ് പകുത്തമേനിയും
ചുടുരക്തം നിറച്ച കാസയു-
മായിരുന്നു നിൻ ശക്തി,
മരണമില്ല നീതിക്കും
ചങ്കിലെ പ്രണയത്തിനും..
ജ്വലിക്കുമൊരഗ്നിയായതെന്നും ....
വിട... പ്രിയ സ്റ്റാൻ വിട....!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26