“നിങ്ങൾ മനസിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.”
എസ് കെ പൊറ്റക്കാടിൻ്റെ ഒരു ദേശത്തിന്റെ കഥയിൽ വിവരിക്കുന്ന ഒരു സംഭവമുണ്ട്. ഗ്രാമത്തിലെ പൊതുകുളത്തിൽ ദിവസവും വെള്ളം കുടിക്കാൻ വരുന്ന കുരങ്ങച്ചൻ വികൃതികൾ കാട്ടി എന്നും കുട്ടികളെ രസിപ്പിച്ചു. ഒരുനാൾ കുളക്കടവിലിരുന്ന കുരങ്ങച്ചന്റടുത്തേയ്ക്ക് ഒരു നീർക്കോലിപ്പാമ്പ് നീന്തിവന്നു. കടിയിൽനിന്നു രക്ഷപെടാനായി കുരങ്ങച്ചൻ പാമ്പിനെ കടന്നുപിടിച്ചു. പാമ്പിന്റെ പിടച്ചിൽകണ്ടുപേടിച്ച കുരങ്ങൻ മുഖംതിരിച്ചിരുന്നു. കുരങ്ങന്റെ പിടുത്തത്തിൽ പാവം പാമ്പ് ചത്തു. പാമ്പുചത്തതറിയാതെ കുരങ്ങച്ചൻ പാമ്പിനേയും കൊണ്ട് തന്റെ ഇരിപ്പുതുടർന്നു പാമ്പ് അഴുകിയിട്ടും കുരങ്ങച്ചൻ പിടിവിടാതെ അതേ ഇരിപ്പുതന്നെ.
നമ്മളും പലപ്പോഴും ഈ കുരങ്ങച്ചനെപ്പോലെയല്ലെ? നമ്മുടെ വേണ്ടാത്ത ശീലങ്ങളും വാശികളും ചിന്താഗതികളും മുറുകെപ്പിടിച്ച് തനിക്കും മറ്റുള്ളവർക്കും പലപ്പോഴും പ്രശ്നങ്ങൾ തീർത്തു ജീവിച്ചുനീങ്ങുന്നു. ഇവ മാറ്റിയാൽ മറ്റുള്ളവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ ഒരു ചെറിയ ത്യാഗത്തിന്ന് തയാറാകുക. ഇടക്കൊക്കെ ജീവിതപാതയിലെ സിഗ്നലിൽ നിർത്തി ചുറ്റുമൊന്നുനോക്കുക. ലോകം മാറിയിട്ടുണ്ടോ എന്ന്, നിങ്ങളുടെ ശീലങ്ങളും, വാശികളും, ചിന്താഗതികളും തിരുത്താൻ സമയമായോയെന്ന്?
കാലത്തിനും, സാഹചര്യത്തിന്നും അനുസരിച്ച് മാറുക. മാറ്റമുള്ളവനാണ് മനുഷ്യൻ. അനിവാര്യമായ മാറ്റം നമ്മുക്കും ചുറ്റുമുള്ളവർക്കും ആനന്ദം പകരും. നമ്മിലെ മറ്റുള്ളവർക്ക് മുഷിപ്പുണ്ടാക്കുന്ന, ദൈവഹിതത്തിനു യോജിക്കാത്ത ശീലങ്ങളും, വാശികളും, ചിന്താഗതികളും മാറ്റി മറ്റുള്ളവർക്ക് ആനന്ദം നൽകി കടന്നുപോകാൻ ശ്രമിക്കുക.
മഹാകവി അക്കിത്തം പാടിയതുപോലെ.
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചിലവാക്കവെ ഹൃദയത്തിലുലാവുന്നു നിത്യനിർമ്മല പൗർണ്ണമി"
"നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?" 1 കോറിന്തോസ് 3:16
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.