ഭാര്യയ്ക്ക് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് ഒരാൾ എന്നെ വിളിച്ചു. എൻ്റെ നിർദ്ദേശപ്രകാരം അവർ ആശ്രമത്തിൽ വന്നു.തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത് ഭർത്താവായിരുന്നു.ഭാര്യയുടെ പ്രശ്നത്തെക്കുറിച്ച് അയാൾ വിവരിച്ചു:"അവൾക്ക് ബാധകൂടിയതാണ്. ചില സമയങ്ങളിൽ തനിച്ചിരുന്ന് സംസാരിക്കും. ഈയിടെയായി ഒരു പണിയും എടുക്കില്ല. എന്തിനും ഏതിനും വല്ലാത്ത ദേഷ്യമാണ്. ചിലയവസരങ്ങളിൽ വെറുതെയിരുന്ന് കരയും. എൻ്റെ കൂടെയല്ല കിടക്കുന്നതും..."
അദ്ദേഹം സംസാരിച്ചു തീർന്നപ്പോൾ ഞാൻ ഭാര്യയെ വിളിച്ചു. അവർ പറഞ്ഞു:"എനിക്ക് ചെകുത്താൻ കൂടിയെന്നാണ് ഭർത്താവ് പറയുന്നത്. ഇതും പറഞ്ഞ് എന്നും വഴക്കാണ്. പണ്ടത്തെപ്പോലെ എനിക്ക് ആരോഗ്യമില്ല. കൂടാതെ വാതത്തിൻ്റെ അസുഖവുമുണ്ട്. ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ട്. ഇടക്കിടെ കരച്ചിൽ വരും. അതെല്ലാം അഭിനയമാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യും. അപ്പോഴാണ് ഞാൻ ദേഷ്യപ്പെടുക.രണ്ടാഴ്ചയായി ഞാൻ വേറെ മുറിയിലാണ് കിടക്കുന്നത്.അതിന് കാരണമുണ്ട്.ഭർത്താവിന് ഫാൻ ഉപയോഗിക്കുന്നത് ഇഷ്ടമല്ല. എനിക്കാണേൽ ചൂട് ഒട്ടും സഹിക്കാനും പറ്റുന്നില്ല...''എന്നോട് സംസാരിക്കുന്നതിനിടയിൽ തന്നെ അവർ പലയാവർത്തി കരഞ്ഞു.ഞാനവരോട് പറഞ്ഞു:"ചേച്ചി ഒരു ഡോക്ടറെ കാണണം.മനസിന് ധൈര്യം കുറയുന്നതാണ് പ്രശ്നം. അതാണ് അമിതമായ സങ്കടവും ദേഷ്യവും വരാൻ കാരണം."അവർ അതിന് സമ്മതം മൂളി.ഒരു സൈക്യാട്രിസ്റ്റിനെ പിന്നീട് കാണുകയും വിഷാദ രോഗത്തിനുള്ള മരുന്ന് കഴിക്കുകയും ചെയ്തു.നമ്മുടെ കുടുംബങ്ങളിൽ മാനസിക രോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചു വരികയാണ്. ഉത്സാഹക്കുറവ്. പതിവായി സംസാരിക്കുന്നവരോട് പോലും ഇടപെടാൻ മടി. തനിച്ചിരിക്കാൻ" *താത്പര്യപ്പെടുക. ആത്മഹത്യ പ്രവണത തുടങ്ങി അനേകം ലക്ഷണങ്ങൾ ഇതിന് പിൻബലമാണ്.
തക്ക സമയത്തെ കൗൺസിലിങ്ങും ഡോക്ടറുടെ സഹായവും ലഭ്യമാക്കുക എന്നത് അത്യന്താപേക്ഷിതമാണ്.അല്ലാതെ നമുക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ പിശാചുബാധയാണെന്നു പറയുന്ന രീതി വ്യക്തിയുടെ നാശത്തിലേക്ക് നയിക്കുമെന്നതിന് സംശയമില്ല. ക്രിസ്തുവിൻ്റെ പ്രബോധനങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്ന യഹൂദപ്രമാണിമാർ അവന് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് വചനത്തിൽ കാണാൻ സാധിക്കും (Refയോഹന്നാന്‍ 8 : 48-59).
ഊഹാപോഹങ്ങൾ വച്ച് മറ്റുള്ളവരെ വിധിക്കാതെ യഥാർത്ഥമായ ജ്ഞാനത്തിനും തിരിച്ചറിവിനും വേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26