ന്യൂഡല്‍ഹി: ബിജെപിയെ ഭയക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല.
'ആര്‍.എസ്.എസിനെ ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്'- കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ യോഗത്തില്‍ രാഹുല്‍ വ്യക്തമാക്കി.
അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദയ്ക്ക് ബിജെപി സുപ്രധാന പദവി നല്‍കുമെന്നാണ് വിവരം. ജൂണിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനു പാര്‍ട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ കരുതുന്നു. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് രാഹുല്‍ കിഷോറിനെ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.