അവളുടെ പ്രിയപ്പെട്ട പാവക്കുട്ടി

അവളുടെ പ്രിയപ്പെട്ട   പാവക്കുട്ടി

ഭവന സന്ദർശനത്തിനായി ഇറങ്ങിയ വികാരിയച്ചൻ ഒരു വീട്ടിലെത്തിയപ്പോൾ സ്വീകരണമുറിയിലെ ചില്ലലമാരയിൽ സൂക്ഷിച്ചിരുന്ന പാവകൾ ശ്രദ്ധയിൽ പെട്ടു."ഇവിടെ ധാരാളം പാവകൾ ഉണ്ടല്ലോ?"അച്ചൻ വീട്ടുകാരോട് ചോദിച്ചു."ഞങ്ങളുടെ മകൾക്ക് പാവക്കുട്ടികൾ വളരെ ഇഷ്ടമാണ്. അവൾക്കു വേണ്ടി വാങ്ങിയതാണിവ.."വീട്ടുടമസ്ഥ മറുപടി നൽകി. "മകൾ ഇവിടെയുണ്ടോ?''അച്ചൻ ചോദിച്ചു.''സ്കൂളിൽ നിന്ന്‌ ഇപ്പോൾ ഇങ്ങെത്തും..."പറഞ്ഞു തീരുംമുമ്പേ അവൾ വീട്ടിലെത്തി.അച്ചൻ അവളെ അരികിലേക്ക് വിളിച്ച് ചോദിച്ചു:"മോൾക്ക് ധാരാളം പാവക്കുട്ടികൾ ഉണ്ടല്ലോ, അവയിൽ ഏറ്റവും ഇഷ്ടം എത് പാവയോടാണ്?"അവൾ തൻ്റെ മുറിയിലേക്കോടി ഒരു പാവയുമായ് തിരിച്ചെത്തി."എനിക്ക് ഈ പാവയെ ആണ് ഏറ്റവും ഇഷ്ടം. ഇതിൻ്റെ ഒരു കൈ ഒടിഞ്ഞതാണ്. ഞാൻ എടുത്തില്ലേൽ മറ്റാരും ഇതിനെ എടുക്കില്ല. അതുകൊണ്ട് ഞാനിതിനെ എൻ്റെ മുറിയിൽ തന്നെയാണ് വച്ചിരിക്കുന്നത്...."ആ കൊച്ചു കുട്ടിയുടെ ജ്ഞാനത്തിനു മുമ്പിൽ അച്ചൻ വിസ്മയഭരിതനായി.നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്ന നല്ലിടയനെയാണ് അച്ചനപ്പോൾ ഓർത്തത്.കഴിവും മികവും ഉള്ളവരുടെ ലോകത്ത് കഴിവു കുറഞ്ഞവരും മുറിവേറ്റവരും അവഗണിക്കപ്പെട്ടവരുമെല്ലാം ഉണ്ടല്ലോ? അവരെക്കൂടി ചേർത്തു നിർത്തുമ്പോഴാണ് ക്രിസ്തുവിൻ്റെ ചൈതന്യത്തിലേക്ക് ഉയരാൻ കഴിയുക എന്ന പാഠം രണ്ടാം ക്ലാസുകാരി പഠിപ്പിക്കുകയായിരുന്നു.

തോമാസ് ശ്ലീഹായ്ക്ക്ദർശനം നൽകിയ ക്രിസ്തുവിനെ നമുക്കോർക്കാം."അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല"(യോഹ 20 :25) എന്ന വാക്കുകളിൽ തോമായ്ക്കേറ്റ മുറിവിൻ്റെ ആഴം ക്രിസ്തു തിരിച്ചറിഞ്ഞു.മുറിവേറ്റ അവന് സൗഖ്യം നൽകാനായ് ക്രിസ്തു  വീണ്ടും പ്രത്യക്ഷപ്പെട്ടു!

നമ്മുടെ വ്യക്തി ബന്ധങ്ങളിൽ മുറിവേറ്റവരെ ചേർത്തു പിടിക്കാനുംരോഗികളോടൊപ്പം ഉണർന്നിരിക്കാനും
ആരാരുമില്ലാത്തവർക്കുവേണ്ടി പ്രാർത്ഥിക്കാനുമെല്ലാം കഴിയുമ്പോൾ മാത്രമേ ക്രിസ്തുവിൻ്റെ പ്രകാശം എങ്ങും പരക്കുകയുള്ളൂ എന്ന സത്യം നമുക്ക് തിരിച്ചറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.