മില്‍ഖാ സിങിന്റെ ശിഷ്യ ട്രാക്ക് മാറി കൈയിലെടുത്തത് സന്യാസ ബാറ്റണ്‍

 മില്‍ഖാ സിങിന്റെ ശിഷ്യ ട്രാക്ക് മാറി കൈയിലെടുത്തത് സന്യാസ ബാറ്റണ്‍


1960 ഒളിമ്പിക്‌സിനുള്ള പട്യാലയിലെ പരിശീലന ക്യാമ്പംഗമായിരുന്ന
ഏലിക്കുട്ടി(സിസ്റ്റര്‍ മേരി ഗ്രാസിയ) യുടെ റിലേ ടീമിന്റെ റോം യാത്ര
മുടങ്ങിയത് രാജ്യത്തിന്റെ സാമ്പത്തിക നില അനുവദിക്കാത്തതിനാല്‍.

കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സിന്റെ ആവേശം ലോകമെങ്ങുമുയരുമ്പോള്‍ 1960 റോം ഒളിമ്പിക്‌സിനുള്ള പട്യാലയിലെ പരിശീലന ക്യാമ്പില്‍ താന്‍ ഉള്‍പ്പെടെയുള്ള അത്ലറ്റിക്കുകള്‍ക്ക് റിലേ ഓട്ടത്തിന്റെ ട്രിക്കുകള്‍ പഠിപ്പിച്ചുതന്ന മില്‍ഖാ സിങിനെ ആദരപൂര്‍വം സ്മരിക്കുന്നു തൊടുപുഴയില്‍ ആതുര ശുശ്രൂഷാരംഗത്തുള്ള സിസ്റ്റര്‍ മേരി ഗ്രാസിയ.

'പറക്കും സിംഗ്' റോമിലേക്കു യാത്ര പറയവേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്നതിനാല്‍ ഒളിമ്പിക്‌സ് റിലേ ടീമിന്റെ പടിവാതില്‍ വരെയെത്തിയ ശേഷം ഇച്ഛാഭംഗവുമായി അന്ന് നാട്ടിലേക്കു മടങ്ങിയ കെ.വി ഏലിക്കുട്ടി പിന്നീട് ട്രാക്ക് മാറ്റി സന്യാസ വ്രതത്തിന്റെ ബാറ്റണ്‍ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദം മനസില്‍ പേറുന്നു ഇപ്പോഴും സിസ്റ്റര്‍ ഗ്രാസിയ. ഒളിമ്പിക് പരിശീലന ക്യാമ്പിലെ ഏറ്റവും തിളക്കമാര്‍ന്ന താരമെങ്കിലും സൗമനസ്യവും സൗഹാര്‍ദ്ദഭാവവും കൂടപ്പിറപ്പായിരുന്നു മില്‍ഖാ സിങിന്. റിലേ ടീമിനെ പരിശീലിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

'ഞങ്ങളേക്കാള്‍ മുപ്പതു മീറ്റര്‍ പിന്നില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്തിരുന്ന അദ്ദേഹം എപ്പോഴും ഫിനിഷിങ് പോയിന്റില്‍ ഇരുപതു മീറ്റര്‍ മുന്നിലായിരുന്നു.' പിന്നീട് ഒരു വര്‍ഷം വരെ അദ്ദേഹവുമായി കത്തുകളിലൂടെ പഴയ ക്യാമ്പംഗങ്ങള്‍ ബന്ധം തുടര്‍ന്നു. സ്നേഹ സമ്പന്നനായ സര്‍ദാര്‍ജി രോഗിയായ വിവരം അറിഞ്ഞതു മുതല്‍ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാറുണ്ടായിരുന്നു.

നേരത്തെ കാര്‍ഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖാ സ്വര്‍ണം നേടിയപ്പോള്‍ രണ്ടാമതായിരുന്ന മാല്‍ക്കം സ്‌പെന്‍സറാണ് റോം ഒളിമ്പിക്‌സിലെ 400 മീറ്ററില്‍ 0.13 സെക്കന്‍ഡ് വ്യത്യാസത്തിന് വെങ്കലം നേടിയിരുന്നു. ഫൈനലില്‍ മത്സരിച്ച ആറു പേരില്‍ ആദ്യ നാലു സ്ഥാനക്കാരും ഒളിമ്പിക് റെക്കോര്‍ഡ് (45.9) മറികടന്നെന്നുള്ള വിവരങ്ങള്‍ നാട്ടിലെത്തി അറിഞ്ഞപ്പോഴുണ്ടായ ദുഃഖം കഴിഞ്ഞ മാസം 18 ന് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വന്നതോടെ വര്‍ദ്ധിച്ചു. കായിക വേദിയുടെ ഗൃഹാതുര സ്മരണകള്‍ കൈവിടാതെ തന്നെ പൈങ്കുളം എസ്.എച്ച് ആശുപത്രിയില്‍ ഇപ്പോഴും സേവന നിരതയാണു സിസ്റ്റര്‍ ഗ്രാസിയ.

കരിമണ്ണൂരിലെ കുഴിക്കാട്ട് കുടുംബത്തില്‍ ജനിച്ച ഏലിക്കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കായിക രംഗത്തേക്ക് കടന്നു വന്നത്. എട്ടാം ക്ലാസിലെത്തിയപ്പോള്‍ പെരുമ്പാവൂരില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ മീറ്റില്‍ ആദ്യമായി പങ്കെടുത്തു. അഞ്ചിനങ്ങളില്‍ നാലിലും മെഡല്‍ നേടി. ഓട്ടം, ലോങ്ങ് ജമ്പ്, ജാവലിന്‍ ത്രോ എന്നിവയിലെല്ലാം തിളങ്ങി.

1960 ലെ ദേശീയ മീറ്റില്‍ ജാവലിനിലെ പ്രകടനം മെഡലിനരികെയെത്തിച്ചെങ്കിലും ഒടുവില്‍ പ്രതീക്ഷ തെറ്റി. പക്ഷേ, സ്പ്രിന്റ്് മികവിലൂടെ റോം ഒളിമ്പിക്‌സിലേക്കുള്ള 400 മീറ്റര്‍ റിലേ ടീമില്‍ മായ മാത്യൂസ്, കെ.ഒ ഏലിക്കുട്ടി, ലീലാമ്മ മാത്യു എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടു. ഏറെ ദുഷ്‌കരമായിരുന്ന തീവണ്ടി യാത്രയ്ക്കു ശേഷം അവരോടൊപ്പം പട്യാല ക്യാമ്പിലെത്തി പരിശീലനം നടത്തി.

എന്നാല്‍ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് ഏലിക്കുട്ടി സന്യാസ ജീവിതമാണ് തെരഞ്ഞെടുത്തത്. ആതുര സേവന താല്‍പര്യമായിരുന്നു അതിനു പ്രധാന കാരണം. നഴ്‌സിംഗ് പഠന കാലത്തും കായികരംഗത്തു തിളങ്ങി. ഇടപ്പിള്ളി എം.എ.ജെ, കോട്ടയം കാരിത്താസ്, മുതലക്കോടം ഹോളിഫാമിലി ആശുപത്രികളില്‍ നഴ്‌സിംഗ് ട്യൂട്ടറായിരുന്നു.

പത്തു വര്‍ഷത്തോളം ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു. മില്‍ഖാ സിങിന്റെ മരണവാര്‍ത്തയറിഞ്ഞശേഷം സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് സനില്‍.പി.തോമസ് സിസ്റ്ററിന്റെ ആനുകാലിക ജീവിതം കണ്ടെടുത്തത് ഇങ്ങനെ:

വൈദ്യശാസ്ത്രത്തിനു കഴിയാത്തത് ദൈവത്തിനു സാധിക്കും എന്ന വിശ്വാസം അടിവരയിടുന്നൊരു അനുഭവം പങ്കുവയ്ക്കട്ടെ. കന്യാസ്ത്രീയായൊരു കായിക താരത്തിന്റെ കഥയാണിത്. അന്വേഷിച്ചാല്‍ കേള്‍ക്കുന്നതു ശുഭവാര്‍ത്തയല്ലെങ്കിലോയെന്നു കരുതി കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ അന്വേഷിക്കാതിരുന്ന സിസ്റ്റര്‍ ഗ്രാസിയയെ കണ്ടെത്തി.ഏറെ നേരം ഫോണില്‍ സംസാരിച്ചു.

കഥ തുടങ്ങുന്നത് 1980കളുടെ മധ്യത്തിലാണ്. മനോരമ പ്രസിദ്ധീകരണമായ വനിതയില്‍ 'കളിക്കളം വിട്ട കളിക്കാരികള്‍ ' എന്നൊരു പരമ്പര ഞാന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ട് ഏതാനും നാള്‍ ആയി. ഒരു നാള്‍ വനിതയില്‍ നിന്ന് ഒരാള്‍ എന്നെ കാണാന്‍ വന്നു. മണര്‍കാട് മാത്യു സാര്‍ കൊടുത്തയച്ചൊരു കുറിപ്പുണ്ട് - എത്രയും വേഗം അന്നമ്മ കൊച്ചമ്മയെ (മിസിസ് കെ.എം. മാത്യു) കാണണം. അടുത്ത ബസിനു കയറി ഞാന്‍ വനിതയില്‍ എത്തി.

രണ്ടു പേരെക്കുറിച്ചുകൂടെ എഴുതണമെന്ന് കൊച്ചമ്മ പറഞ്ഞു. ഒന്ന്, വോളി താരം മറിയാമ്മ. രണ്ട്, സിസ്റ്റര്‍ ഗ്രാസിയ എന്ന മുന്‍ ദേശീയ അത്‌ലിറ്റ് കെ.വി ഏലിക്കുട്ടി. സിസ്റ്ററിനെക്കുറിച്ച് ഇന്നോ നാളെയോ എഴുതിത്തരണം. സിസ്റ്റര്‍ എഴുതിയ കത്ത് വായിക്കാന്‍ തന്നു. അന്നമ്മക്കൊച്ചമ്മയുടെ മുഖത്ത് ഉളളിലെ വിഷമം പ്രകടമായിരന്നു. ആ കത്ത് കൊച്ചമ്മയെ വല്ലാതെ സ്പര്‍ശിച്ചു.

ഞാന്‍ കാരിത്താസ് ആശുപത്രിയില്‍ പോയി സിസ്റ്റര്‍ ഗ്രാസിയയെ കണ്ടു. അവിടെ നഴ്‌സിങ് ട്യൂട്ടറാണ്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ച്ചയായി രക്തപരിശോധനയ്ക്കു വിധേയമാകുന്നതിന്റെ അസ്വാസ്ഥ്യമുണ്ട്. ജാവലിനില്‍ സംസ്ഥാന റെക്കോര്‍ഡ് ഉടമ. സ്പ്രിന്റിലും ലോങ് ജംപിലും ദേശീയ മെഡല്‍ സ്വന്തമാക്കിയ ആള്‍. ജാനിസ് സ്പിങ്കിനും മായാ മാത്യൂസിനും കെ.ഒ ഏലിക്കുട്ടിക്കുമൊപ്പമാണ് ദേശീയ റിലേ സ്വര്‍ണം നേടിയത്.

മില്‍ഖാ സിങിനും രണ്‍ധാവയ്ക്കുമൊക്കെ ഒപ്പം ദേശീയ ക്യാംപില്‍. ബെംഗളുരുവിലും ചെന്നൈയിലും നഴ്‌സിങ് പഠിക്കുമ്പോള്‍ സഭാ വസ്ത്രത്തില്‍ ഓടി ജയിച്ച താരം. സിസ്റ്ററിന്റെ കഥ വനിതയില്‍ അച്ചടിച്ചുവന്നു. പിന്നെ, ഇടയ്ക്കിടെ സിസ്റ്റര്‍ എനിക്ക് കത്തയയ്ക്കുമായിരുന്നു.

1986 ല്‍ എന്നോ സിസ്റ്ററിന്റെ കത്ത്. ഞാന്‍ തൃശൂര്‍ അമല കാന്‍സര്‍ സെന്ററിലുണ്ട്. കാണാന്‍ ആഗ്രഹമുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയാണ് ഞാന്‍ അമലയില്‍ എത്തിയത്. എന്നെ കാത്തു നിന്നിരുന്നതു പോലെ സിസ്റ്റര്‍ വരാന്തയിലേക്കു വരുന്നു. ക്ഷീണിതയെങ്കിലും മുഖത്തെ പ്രസരിപ്പ് കുറഞ്ഞിട്ടില്ല. എന്നെ കണ്ടതും ഏതാനും ചുവട് ഓടി വന്ന് എന്ന കൈകളില്‍ പിടിച്ചു.കാന്റീനില്‍ നിന്നു ചായ വാങ്ങിത്തന്നാണ് യാത്രയാക്കിയത്.പിന്നീട് സിസ്റ്ററിനെ ഞാന്‍ കണ്ടിട്ടില്ല. കത്തുകളും നിലച്ചു.

തൊടുപുഴ കരിമണ്ണൂരില്‍ വീട് കണ്ടെത്താമായിരുന്നെങ്കിലും ഞാന്‍ അതിനു തുനിഞ്ഞില്ല. എന്തോ ഒരു ഭയം. പക്ഷേ, പിന്നീട് മഹാത്ഭുതം സംഭവിച്ചു. അടിമാലിയില്‍ നിന്ന്, കായിക പ്രേമിയായ ഫാ. ജോസ് പറയന്നിലം എന്നെ വിളിച്ചു, മില്‍ഖാ സിങിനെക്കുറിച്ചു സംസാരിക്കാന്‍. മില്‍ഖായ്‌ക്കൊപ്പം ക്യാമ്പില്‍ ഉണ്ടായിരുന്ന കെ.വി ഏലിക്കുട്ടിയെ അടുത്ത നാളില്‍ കണ്ട കാര്യവും പറഞ്ഞു.

അച്ചന്റെ ഇളയ സഹോദരിക്കൊപ്പം പഠിച്ചതാണു സിസ്റ്റര്‍. അച്ചനാണു നമ്പര്‍ തന്നത്. നട്ടെല്ലിനു തേയ്മാനം വന്നതിന്റെ വേദനയല്ലാതെ തനിക്കിപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു സിസ്റ്റര്‍ പറഞ്ഞു. ബോണ്‍ മാരോ ഡിപ്രഷന്‍ ആയിരുന്നു രോഗം. സംശയിച്ച രോഗം ഇല്ലായിരുന്നു. തുടരെ എക്‌സ്‌റേ എടുത്തതും മറ്റും സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു അധികവും. ഇനി ഇടയ്ക്കിടെ വിളിക്കുമെന്നു പറഞ്ഞ് സിസ്റ്റര്‍ ഗ്രാസിയ ഫോണ്‍ വച്ചു. എന്തോ ഒരു മഹാത്ഭുതം കണ്ടതുപോലെ തോന്നുന്നു. ദൈവത്തിനു നന്ദി!



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.