ശുചീകരണ തൊഴിലാളിയില്‍ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്കുള്ള ആശയുടെ പ്രയാണം സിനിമയെ വെല്ലും. രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം നേടിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ 40കാരി ആശ കണ്ഡാര.
ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആശ കണ്ഡാര എന്ന ജോധ്പൂര്‍കാരി. തനിക്ക് ഈ നിലയിലെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഏവര്‍ക്കും അതിന് കഴിയുമെന്നാണ് ഇത്തവണത്തെ രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഇടംപിടിച്ച ആശയ്ക്ക് പറയാനുള്ളത്. ഉടന്‍ തന്നെ ഡെപ്യൂട്ടി കളക്ടറായി ആശ നിയമിതയാകും.
1997ലായിരുന്നു ആശയുടെ വിവാഹം. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളെ എങ്ങനെ വളര്‍ത്തുമെന്ന ചോദ്യത്തിന് മുന്നില്‍ ആശ തളര്‍ന്നില്ല. മാതാപിതാക്കള്‍ ആശയ്ക്കൊപ്പം നിന്നു. 2016ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ജോധ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അവര്‍.
2018 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം വന്നപ്പോള്‍ സന്തോഷം. തൊട്ടടുത്ത വര്‍ഷം മെയിന്‍ പരീക്ഷയും എഴുതി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫലം വരാന്‍ വൈകി. ജൂലൈ 13ന് ഫലം വന്നപ്പോള്‍ ഉയര്‍ന്ന വിജയം. ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു. പിതാവാണ് തനിക്ക് പ്രചോദമായത്.
'എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ സഹായിച്ചു.'ചെറുപ്പത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹമെന്നും ആശ പറയുന്നു. പ്രതിസന്ധികളോട് പടവെട്ടി തന്നെയാണ് ആശയുടെ പിതാവ് രാജേന്ദ്ര കണ്ഡാരയും മുന്നേറിയത്. ദരിദ്രമായ കുടുംബാവസ്ഥയിലും പഠനത്തില്‍ മുന്നിലായിരുന്നു അദ്ദേഹം. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ അക്കൗണ്ടന്റായാണ് അദ്ദേഹം വിരമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.