26-ാം വയസില്‍ കൈകള്‍ നഷ്ടമായി; 49-ാം വയസില്‍ തുന്നിച്ചേര്‍ത്തു: ഫെലിക്സിന് പുതുജീവന്‍

26-ാം വയസില്‍ കൈകള്‍ നഷ്ടമായി; 49-ാം വയസില്‍ തുന്നിച്ചേര്‍ത്തു: ഫെലിക്സിന് പുതുജീവന്‍

റേക്യവിക്: ഇരുപത്താറാം വയസിലാണ് ഐസ്ലന്‍ഡ് സ്വദേശി ഫെലിക്സിന് കൈകള്‍ നഷ്ടപ്പെട്ടത്. ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ക്കു ശേഷം 49-ാം വയസില്‍ ഫെലിക്സിന് പുതിയ കൈകള്‍ ലഭിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെയാണ് ഇരു കൈകളും വിജയകരമായി തുന്നിച്ചേര്‍ത്തത്. 1998-ല്‍ ഫെലിക്സിന് വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് കൈകളിലേക്ക് തീപടര്‍ന്നാണ് അപകടം സംഭവിച്ചത്. മൂന്ന് മാസത്തോളം കോമയിലായിരുന്ന ഫെലിക്സിനെ രക്ഷിച്ചെടുക്കാനായി 54 ശസ്ത്രക്രിയകളാണ് മൂന്ന് മാസത്തിനിടെ ഡോക്ടര്‍മാര്‍ ചെയ്തത്. ജീവന്‍ രക്ഷിക്കാനായി കൈകള്‍ മുറിച്ചുകളയുക എന്നതല്ലാതെ ഒരു മാര്‍ഗവും ഡോക്ടര്‍മാര്‍ക്ക് മുന്നിലില്ലായിരുന്നു. കോമയില്‍ നിന്നും രക്ഷപ്പെട്ട് മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ഫെലിക്സ് അപകടത്തിന്റെ ഓര്‍മകളില്‍പെട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.അതിനിടെ 2007-ല്‍, ഐസ്ലന്‍ഡ് സര്‍വകലാശാലയുടെ ഒരു പരസ്യം ഫെലിക്സ് കാണാനിടയായി. പ്രശസ്ത സര്‍ജന്‍ ഡോ. ജീന്‍-മൈക്കല്‍ ഡുബെര്‍നാര്‍ഡ് സര്‍വകലാശാല സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട പരസ്യമായിരുന്നു അത്. 1998-ല്‍ ആദ്യമായി കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിലൂടെ പ്രശസ്തനാണ് ഡുബെര്‍നാര്‍ഡ്. ഡോക്ടറുമായി ബന്ധപ്പെട്ട ഫെലിക്സ് തന്റെ കൈകള്‍ മാറ്റിവയ്ക്കുന്നതിലുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ച് മനസിലാക്കി. എന്നിട്ടും നാലു വര്‍ഷം ഫെലിക്സിന് കാത്തിരിക്കേണ്ടി വന്നു അപേക്ഷ ശസ്ത്രക്രിയാ വിദഗ്ധര്‍ അംഗീകരിക്കുന്നതിന്. ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന പണത്തിനായി ഫെലിക്സ് ഐസ്ലന്‍ഡില്‍ ക്രൗഡ് ഫണ്ടിങ് കാമ്പയിന്‍ ആരംഭിച്ചു.

2021 ജനുവരിയില്‍ അപകടത്തിന്റെ 23-ം വാര്‍ഷികത്തില്‍ അങ്ങനെ ഫെലിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തന്റെ കൈകളുമായി സാമ്യമുള്ള ഒരു ഡോണറെ ലഭിച്ചതിനെതുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ വിജയകരമായി ഫെലിക്സിന് രണ്ട് കൈകളും തോളുകളും തുന്നിച്ചേര്‍ത്തുകൊടുത്തു. ഫെലിക്സിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടിപ്പോള്‍ ആറ് മാസം കഴിഞ്ഞു. തീവ്രമായ പരിശ്രമത്തിലൂടെ ഫെലിക്സിന് ഇപ്പോള്‍ കൈകള്‍ ചലിപ്പിക്കാന്‍ സാധിക്കും. അപകടത്തിന്റെയും മുന്‍കാല ജീവിതത്തിന്റെയും മുറിവുകള്‍ ഉണങ്ങി ഫെലിക്‌സ് ഇന്ന് കൈകള്‍ നീട്ടി ചിരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.