പരാതിപ്പുസ്തകം അടച്ചു വെക്കാം

പരാതിപ്പുസ്തകം  അടച്ചു വെക്കാം

"അച്ചാ, വിരോധമില്ലെങ്കിൽ ആശുപത്രി വരെ ഒന്നു വരാമോ?"അപരിചിതനായ ഒരാളാണ്  ഒരാളാണ് വിളിച്ചത്. ഭാര്യയ്ക്ക്  ബ്രെയിൻ ട്യൂമറാണ്. വിദഗ്‌ദ ചികിത്സയ്ക്കായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാൾ പറഞ്ഞതു പ്രകാരം ആശുപത്രിയിൽ എത്തിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടാണ് ആ സ്ത്രീ എന്നെ സ്വീകരിച്ചത്. അവർ പറഞ്ഞു:"അച്ചോ, ഞാനൊരു നഴ്സാണ്. എൻ്റെ രോഗത്തിൻ്റെ തീവ്രത എനിക്കറിയാം. ഇനിയുമെത്ര നാൾ ജീവിച്ചിരിക്കുമെന്ന് പറയാനാകില്ല. ഈ രോഗം വന്നതിൽ എനിക്ക് ഒട്ടും പരാതിയുമില്ല. എൻ്റെ മക്കൾക്കാണെങ്കിൽ പ്രായപൂർത്തിയായി. കർത്താവറിയാതെ ഒന്നും സംഭവിക്കില്ലെന്ന് എനിക്ക് നന്നായറിയാം. അച്ചനോട് വരാൻ പറഞ്ഞത് എൻ്റെ ഭർത്താവിനു വേണ്ടിയാണ്. അദ്ദേഹം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി. അദ്ദേഹത്തെ ഒന്നാശ്വസിപ്പിക്കണം. ഈ പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർത്ഥിക്കണം."ആ സ്ത്രീയുടെ ശിരസിൽ കരങ്ങൾവച്ച് പ്രാർത്ഥിച്ച ശേഷം അവരുടെ ഭർത്താവിനെ കൂട്ടി വരാന്തയിൽ പോയിരുന്നു. അയാൾ വിതുമ്പികൊണ്ട് പറഞ്ഞു:"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി. ഇതുവരെ പുതിയ വസ്ത്രത്തിനു വേണ്ടിയോ, സ്വർണ്ണത്തിനു വേണ്ടിയോ, ഇഷ്ടമുള്ള ഭക്ഷണത്തിനു വേണ്ടിയോ അവൾ പരാതിപ്പെട്ടിട്ടില്ല. ഉള്ളതുകൊണ്ട് ജീവിക്കാൻ അവൾക്ക് നന്നായറിയാം. കുറച്ചു നാളായ് തലവേദനയാണെന്ന് പറയുന്നു. എന്നാലും അതും സഹിച്ച് അവൾ ജോലിക്ക് പോകും. ഇപ്പോഴും അവൾക്ക് ഈ അസുഖമൊന്നും ഒരു കുഴപ്പവുമില്ല.... എൻ്റെ ഭാര്യയോടൊത്ത് ഇനിയും ജീവിക്കണമെന്നാണ് അച്ചാ എൻ്റെ ആഗ്രഹം."അയാളെ ആശ്വസിപ്പിക്കാനായ് എനിക്ക് വാക്കുകളില്ലായിരുന്നു. അല്പനേരം സംസാരിച്ച ശേഷം ഞാൻ ആശ്രമത്തിലേക്ക് മടങ്ങി. അന്ന് രാത്രി ആ സ്ത്രീയുടെ വാക്കുകൾ ഞാനോർത്തു. കടുത്ത വേദനയിലും ദൈവത്തോടോ കുടുംബാംഗങ്ങളോടോ ഒരു പരാതിപോലും പറയാതെ സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച അവരുടെ എക ആവശ്യം ഭർത്താവിനെ ധൈര്യപ്പെടുത്തണമെന്ന് മാത്രമായിരുന്നു. അപൂർവ്വം ചിലർക്കുമാത്രം ലഭിക്കാവുന്ന ഭാഗ്യമാണ് ആ സ്ത്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. "ജീവിത സഹനങ്ങൾ പരാതിയില്ലാതെ സ്വീകരിക്കുമ്പോൾ മാത്രമേ അവ അനുഗ്രഹങ്ങളായ് തീരുകയുള്ളു" എന്ന ബിഷപ് ഫുൾട്ടൻ.ജെ.ഷീനിൻ്റെ വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു.

അനുദിന ജീവിതത്തിൽ എത്രയോ നിസാര കാര്യങ്ങൾക്കാണ് നമ്മൾ പരാതികളുന്നയിക്കുന്നത്? ഭക്ഷണത്തിന് രുചി കുറഞ്ഞതിൻ്റെ പേരിൽ,വസ്ത്രം, സ്വത്ത്, അഴക്.... ഇങ്ങനെ എന്തിൻ്റെയെല്ലാം പേരിലാണ് നമ്മുടെ പരാതികൾ സത്യത്തിൽ അവനവനോടുള്ള സ്നേഹം വർദ്ധിക്കുമ്പോഴാണ് പരാതികൾ ഏറുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: "തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും"
(യോഹന്നാന്‍ 12 : 25).

സഹനങ്ങളെ പരാതിയില്ലാതെ സ്വീകരിച്ചവരാണ് വിശുദ്ധർ. അങ്ങനെയൊരു വിശുദ്ധയാണ് അൽഫോൻസാമ്മ.കടുത്ത വേദനയിലും പരാതികളുന്നയിക്കാതെ ക്രൂശിതനെ നെഞ്ചോടു ചേർത്ത ആ ജീവിത മാതൃക നമുക്കെല്ലാം വെല്ലുവിളിയാണ്. പരാതികളും പരിഭവങ്ങുളും മാറ്റിവച്ച് ഉള്ളത്കൊണ്ട് തൃപ്തിപ്പെടാനും കർത്താവിൻ്റെ കരുണയിൽ ആശ്രയിക്കാനും നമുക്ക് കഴിയട്ടെ.

വി.അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26