തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. സമാജികര്‍ക്ക് നിയമ പരിരക്ഷയില്ലെന്നും പൊതു മുതല്‍ നശിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബഞ്ച് വിധിയില്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും തങ്ങളെ വ്യക്തിപരമായി കോടതി പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. ഇതേസാഹചര്യത്തില്‍ കോടതികളില്‍ നിന്ന് എതിര്‍പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ നിരവധി മന്ത്രിമാര്‍ സംസ്ഥാനത്ത് രാജിവച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, കെ എം മാണി, ആര്‍ ബാലകൃഷ്ണപിള്ള, കെ പി വിശ്വനാഥന്‍, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, തോമസ് ചാണ്ടി, എം പി ഗംഗാധരന്‍ തുടങ്ങിയവര് ഇത്തരത്തില്‍ രാജിവെച്ചവരാണ്.
കോടതി പരാമര്‍ശങ്ങളുടെ പേരില്‍ കെ കരുണാകരന്‍ രണ്ടു തവണയാണ് മന്ത്രിപദം രാജിവച്ചത്. 1977 ഏപ്രില്‍ 25ന് രാജന്‍ കേസിലെ പരാമര്‍ശമായിരുന്നു ആദ്യത്തെ രാജിക്ക് കാരണം. രാജന്‍ കേസില്‍ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കി, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ, കക്കയത്തെ പൊലീസ് മര്‍ദനത്തില്‍ 1977 മെയ് 22ന് രാജന്‍ കൊല്ലപ്പെട്ടു എന്ന് സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കേണ്ടി വന്നു. 1995ല്‍ ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ രാജി. കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് എതിരെ ജസ്റ്റിസ് കെ ശ്രീധരന്‍, ബി എന്‍ പട്നായിക് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റെ വിമര്‍ശനങ്ങളാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. അന്ന് എകെ ആന്റണിയും വി എം സുധീരനും കരുണാകരന്‍ രാജി വയ്ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് സുധീരന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. 1995 മാര്‍ച്ച് 16നായിരുന്നു കരുണാകരന്റെ രാജി. മാര്‍ച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി.
1986ല്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിലുള്ള കോടതിവിധിയിലാണ് കരുണാകരന്‍ മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന എം.പി ഗംഗാധരന്‍ രാജിവെച്ചത്. മകളുടെ വിവാഹത്തിന് ഗംഗാധരന്‍ കൂട്ടുനിന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കരുണാകരന്‍ ഗംഗാധരനോട് രാജിയാവശ്യപ്പെടുകയായിരുന്നു.
1995ല്‍ കേരള കോണ്‍ഗ്രസിലെ അതികായനായ ആര്‍ ബാലകൃഷ്ണപിള്ളയാണ് രാജി വച്ച മറ്റൊരു മന്ത്രി. രണ്ടു തവണയാണ് പിള്ളയ്ക്ക് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. ഒന്ന് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരിലായിരുന്നു. 1985ലാണ് സംഭവം. കെ കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റി ആയിരുന്നു പ്രസംഗം.
കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബികളെ പോലെ സമരത്തിന് (ഖലിസ്ഥാന്‍) നിര്‍ബന്ധിതമാകും എന്നായിരുന്നു പ്രസംഗം. തന്റെ പ്രസംഗം മാതൃഭൂമി പത്രം വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇതേക്കുറിച്ച് പിന്നീട് ബാലകൃഷ്ണപിള്ള പരാതിപ്പെട്ടത്. സംഭവം ഹൈക്കോടതിയിലെത്തിച്ചത് കെപിസിസി പ്രസിഡണ്ടായിരുന്ന കെഎം ചാണ്ടിയുടെ മകനാണ്. തുറന്ന കോടതിയില്‍ വാദം കേട്ട ജസ്റ്റിസ് രാധാകൃഷ്ണ മേനോന്‍ പിള്ളയ്‌ക്കെതിരെ പരാമര്‍ശം നടത്തി. മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്ന പരാമര്‍ശത്തില്‍ 1985 ജൂണ്‍ അഞ്ചിന് ബാലകൃഷ്ണ പിള്ള രാജിവെക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.