കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 7)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 7)

"നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽനിന്നാണൊഴുകുന്നത്." സുഭാഷിതങ്ങൾ 4:23

ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസ് സമൂഹത്തിന്  പാഠങ്ങൾ പകർന്നുനല്കിയത് ഓരോ തവണയും ഓരോ വഴികളിലൂടെയാണ്. ഒരുനാൾ അദ്ദേഹം കത്തിച്ച റാന്തലുമാ യി ഏതൻസിലെ തെരുവിലൂടെ നട്ടുച്ചക്ക് എന്തോ തിരഞ്ഞു നടക്കാൻ തുടങ്ങി.

കണ്ടവർക്ക് ആശ്ചര്യമായി. തത്വചിന്തകനായ ഡയോജനീസ്  എന്താണ് ഇങ്ങനെ എന്നു ജനം ചിന്തിച്ചു. കുറച്ച് യുവാക്കൾ ധൈര്യസമേതം അദ്ദേഹത്തെ സമീപിച്ചുചോദിച്ചു. അങ്ങെന്താണ് നട്ടുച്ചയ്ക്ക് കത്തിച്ച റാന്തലുമായ് തേടുന്നത്. അദ്ദേഹം അവരെ നോക്കി പറഞ്ഞു. ഞാൻ മനുഷ്യരെ തേടുകയാണ്.  യുവാക്കൾ ചോദിച്ചു അപ്പോൾ ഞങ്ങളാരും മനുഷ്യരല്ലേ? അദ്ദേഹം ചോദിച്ചു നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനാകുമോ? “ഇല്ല.” എന്നവർ ഉത്തരം കൊടുത്തു. വീണ്ടും അദ്ദേഹം ചോദിച്ചു നിങ്ങൾക്ക് സംസാരത്തിൽ മിതത്വം പാലിക്കാനാകുന്നുണ്ടോ? അവരുടെ ഉത്തരം ഇല്ല എന്നായിരുന്നു. മൂന്നാമതൊരുചോദ്യംകൂടി ചോദിച്ചു. നിങ്ങൾക്ക് നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാനാകുമോ? അതിനും ഇല്ല എന്നായിരുന്നു മറുപടി. “ഞാൻ ഒരാളെ മനുഷ്യനായി പരിഗണിക്കണമെങ്കിൽ അവന് വികാരങ്ങളിലും, വാക്കുകളിലും, പ്രവൃത്തിയിലും നിയന്ത്രണമുണ്ടായിരിക്കണം. അതായത് മനസിന്റെ നിയന്ത്രണം.”

നാം ജീവിതത്തിൽ നേടേണ്ട ഒരു ജീവനകലയാണ് മനസിന്റെ നിയന്ത്രണം. മനസ്സിനെ നിയന്ത്രിക്കാൻ അറിയാതെവന്നാൽ പലപ്പോഴും നാം പ്രശ്നങ്ങളിൽ ചെന്നുചാടും. അവിടെയാണ് പ്രാർത്ഥനയുടേയും, ധ്യാനത്തിന്റെയും വായനയുടേയും, മത്സരക്കളികളുടേയും ഒക്കെ പ്രാധാന്യം. ഇവയെല്ലാം മനസ്സിനെ നിയന്ത്രിക്കാൻ നമ്മളെ പഠിപ്പിക്കുന്നു.

പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഞാൻ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണം അല്ലെങ്കിൽ മറ്റുള്ളവർ എന്റെ ഇഷ്ട്ടത്തിനനുസരിച്ചു പ്രവൃത്തിക്കണം, ചിന്തിക്കണം എന്നൊക്കെയുള്ള തെറ്റായ കാഴ്ചപ്പാടുകൾ.
മറ്റുള്ളവർ മാറാൻ വാശിപിടിക്കാതെ നമ്മൾ മാറുക പ്രശ്നങ്ങൾ പരിഹരിക്കാൻ അത്രയും എളുപ്പം മറ്റുവഴികളില്ല. അതിന് മനസിന്റെ നിയന്ത്രണമാണ് മുഖ്യം.

"നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും." റോമാ 12: 2


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.