ഗ്രെയ്റ്റര്‍ കുട്ടനാട് ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കണം

 ഗ്രെയ്റ്റര്‍ കുട്ടനാട്  ഡെവലപ്‌മെന്റ് അതോറിറ്റി  രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കണം

'കുട്ടനാടിന്റെ കണ്ണീരുണങ്ങണം' - 5

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകേണ്ടതിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗ്രേയ്റ്റര്‍ കുട്ടനാട് ഡവലപ്പ്‌മെന്റ് അതോറിറ്റി (ജി.കെ.ഡി.എ) അടിയന്തിര പ്രാധാന്യത്തോടെ രൂപീകരിക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണം.
ജനങ്ങള്‍ കക്ഷി, രാഷ്ട്രീയ, ജാതി മത ഭേദമന്യേ ഗ്രെയ്റ്റര്‍ കുട്ടനാട് ഡെവലപ്‌മെന്റ് അതോറിറ്റിയോട് സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വളരെ വ്യക്തമായ മാറ്റങ്ങള്‍ ഒരു വര്‍ഷം കൊണ്ട് കുട്ടനാടിന്റെ സമസ്ത മേഖലയിലും വരുത്താവുന്നതാണ്.

കുട്ടനാടന്‍ ഗ്രാമപഞ്ചായത്തുകളിലെ ഉള്‍നാടന്‍ തോടുകള്‍, പുഴകള്‍, പമ്പയാര്‍ എന്നിവിടങ്ങളിലെ പോള, പായല്‍, കടകെല്‍, തോടുകളിലേക്കു ചെരിഞ്ഞു കിടക്കുന്ന മരങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റേണ്ടതാണ്. ഇതിന് വേണ്ട സാമ്പത്തിക ചിലവുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന തൊഴിലുറപ്പു പദ്ധതിയിലൂടെ മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്താവുന്നതാണ്.

കുറച്ചു കൂടി വിശദീകരിച്ചു പറഞ്ഞാല്‍ കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിലെ 120 വാര്‍ഡുകളില്‍, ഒരു വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള 150 മുതല്‍ 200 വരെ സഹോദരിമാരും അയല്‍ക്കൂട്ടം എന്ന പേരില്‍ ഏകദേശം 100 മുതല്‍ 150 വരെ പുരുഷന്മാരുമുണ്ട്. ഇത്തരത്തില്‍ ഒരു പഞ്ചായത്തില്‍ ഏകദേശം 3,000ന് അടുത്ത് തൊഴില്‍ ഉറപ്പില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടാകും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഈ തരത്തിലുള്ള തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഒരു പഞ്ചായത്ത് നന്നാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചുട്ടുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ ഒരു വാര്‍ഡില്‍ ഏകദേശം 5,000ന് അടുത്ത് തൊഴിലവസരങ്ങള്‍ ഉണ്ടാകും.

ഇത്തരത്തില്‍ മൂന്ന് മാസം പ്രവര്‍ത്തിക്കുമ്പോള്‍ ഏകദേശം 15,000 തൊഴിലവസരങ്ങള്‍ ഒരു വാര്‍ഡില്‍ തന്നെ ഉണ്ടാകുന്നതാണ്. ഇതു പോലെ 11 വാര്‍ഡിലും പ്രവര്‍ത്തിക്കുമ്പോള്‍ 60,000 തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മൂന്ന് മാസം കൊണ്ട് കുട്ടനാട്ടിലെ എല്ലാ തോടുകളിലും പുഴകളിലും ഉള്ള പായല്‍, കടകെല്‍ എന്നിവ വാരി മാറ്റാവുന്നതാണ്. ഇതോടൊപ്പം തന്നെ അയല്‍ക്കൂട്ടം വഴിയായി തോടുകളിലേക്കു ചെരിഞ്ഞു കിടക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാവുന്നതാണ്. ഇതിന് തടസവാദം ഉന്നയിക്കുന്ന പരിസ്ഥിതിവാദികള്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ജീവനെ പറ്റി കാര്യമായി ചിന്തിക്കേണ്ടതാണ്.

ഓരോ പഞ്ചായത്തിലും ഉള്ള വാര്‍ഡ് മെമ്പര്‍മാരോടൊപ്പം കേന്ദ്ര, സംസ്ഥാന, സൈനിക മേഖലകളില്‍ നിന്നും വിരമിച്ച 10 പേരെയും കൂടി ഉള്‍പ്പെടുത്തി ഈ പ്രവത്തങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ടതാണ്. ഇത് കേരളാ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെ കുറയ്ക്കുന്നതും കുട്ടനാടന്‍ ജനതയുടെ അതിജീവനത്തിന് കേരളാ സര്‍ക്കാര്‍ നല്‍കുന്ന ശക്തമായ പിന്തുണയുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അതിവേഗം നടപ്പിലാക്കാവുന്നതുമാണ്. 11 പഞ്ചായത്തിലും ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുമാണ്.

ചെറുതോടുകള്‍ നികത്തി റോഡ് ആക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിപൂര്‍ണമായി നിര്‍ത്തി വയ്ക്കേണ്ടതാണ്. ഇടത്തോടുകളിലെയും പമ്പയാറ്റിലെയും ചെളി, എക്കല്‍ എന്നിവ എടുത്ത് അതാത് പരിസരവാസികള്‍ക്ക് കൊടുക്കുന്ന സംവിധാനം ഓരോ പഞ്ചായത്തുകളിലും നടപ്പില്‍ വരുത്തണം. അതിനാവശ്യമായ ജെസിബി ഒരു വാര്‍ഡിന് ഒന്ന് അല്ലെങ്കില്‍ രണ്ട് വാര്‍ഡിന് ഒന്ന് എന്ന നിലയില്‍ അഞ്ച് മുതല്‍ ആറ് വരെ ഒരു പഞ്ചായത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വഴിയായി ലഭ്യമാക്കേണ്ടതാണ്. ഈ പ്രവര്‍ത്തനം ഡിസംബര്‍ മാസം തുടങ്ങി ഏപ്രില്‍ മാസം കൊണ്ട് അവസാനിപ്പിക്കുന്ന രീതിയില്‍ ക്രമീകരിക്കേണ്ടതാണ്.

ഈ ഒരു പ്രവര്‍ത്തനം ഒരു വര്‍ഷം നടപ്പിലാക്കിയാല്‍ കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി മാറും. ഈ ചെളികള്‍ അതാത് പ്രദേശത്തുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുമ്പോള്‍ കരഭൂമിയുടെ ഉയരം കൂടുകയും തോടിലെ നീര്‍ച്ചാലുകള്‍ ഒഴുകുന്നതിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും. അതോടൊപ്പം ഫലഭൂയിഷ്ടിയും കൈവരും. ഇത്തരത്തില്‍ ഭൂമി ഫലഭൂയിഷ്ടമാകുമ്പോള്‍ കുട്ടനാട്ടിലെ സാധാരണ ജനത്തിന് അവരുടെ കര കാര്‍ഷികാദായം അനുബന്ധമായി വര്‍ധിപ്പിക്കാനാകും.

ഇതുവഴി കാലാകാലങ്ങളില്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കരഭൂമിയുടെ കാര്‍ഷിക നഷ്ടപരിഹാര തുക കൃഷി ഭവന്‍ വഴി കൊടുക്കുന്നത് പകുതിയായി കുറയുന്നതാണ്. അതോടൊപ്പം കരഭൂമിയിലേക്ക് വെള്ളം കയറുന്നത് കുറയുന്നത് മൂലം കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിലെയും ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറക്കുവാനും സാധിക്കും. അതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നേട്ടം വളരെ വലിയതാണ്. പമ്പയാറ്റില്‍ നിന്നും എടുക്കുന്ന ചെളി അഥവാ എക്കല്‍ മണ്ണ് പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തുന്നതിനു ഉപയോഗിക്കുമ്പോള്‍ തുടരെയുള്ള മടവീഴ്ചകള്‍ ഒഴിവാകുന്നതുമാണ്.

വാഴ, കപ്പ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കരക്കൃഷി , താറാവ്, കോഴി, തുടങ്ങിയവ നഷ്ടപെടുന്നതിലൂടെയുമുള്ള നഷ്ടപരിഹാരത്തിനു വേണ്ടി മുടക്കുന്ന തുകയുടെ പകുതി ഭാഗം പോള വാരല്‍, കടകെല്‍, മരം മുറിച്ചു മാറ്റല്‍ എന്നിവയ്ക്കു വേണ്ടിയും ഡിസംബര്‍ ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ ചെറു തോടുകളിലെയും പുഴകളിലെയും കട്ടയെടുത്തു മാറ്റുന്നതിനും ഉപയോഗിക്കാവുന്നതുമാണ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സുപ്രധാന വരുമാനങ്ങളില്‍ ഒന്നാണ് ടൂറിസം. ടൂറിസത്തില്‍ തന്നെ കേരളാ ടൂറിസം ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസത്തിന് സുപ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് കുട്ടനാടന്‍ ടൂറിസം. ഏതാണ്ട് 1500 റോളം ഹൗസ്‌ബോട്ടുകള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് വഴി ഏകദേശം 6,000 ത്തോളം പേര്‍ക്ക് തൊഴിലും മറ്റു അനുബന്ധ സ്ഥാപനങ്ങള്‍ വഴി അത്രത്തോളം തന്നെ ആളുകള്‍ക്ക് തൊഴിലവസരങ്ങളുമുണ്ട്.

ഹൗസ്‌ബോട്ട് ടൂറിസം കൃത്യമായ നിയമവ്യവസ്ഥ നടപ്പാക്കാത്തതിനാല്‍ കുട്ടനാടന്‍ പരിസ്ഥിതിയെ കഴിഞ്ഞ ആറു വര്‍ഷമായി നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഹൗസ്‌ബോട്ടുകളില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ കുട്ടനാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് തിരിച്ചടിയായി മാറുന്നു. കുട്ടനാടന്‍ ജലാശയങ്ങളില്‍ രോഗാണുക്കള്‍ വര്‍ധിക്കുന്നത് മൂലം കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഇവിടെ സര്‍വസാധാരണമായി മാറിയിരിക്കുന്നു.


ഈ പ്രവണതക്ക് കൃത്യമായ ഒരു നിയന്ത്രണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് കുട്ടനാടന്‍ ജനതയെ അവരുടെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ട് വരാന്‍ വളരെയധികം സഹായകരമാണ്. ടൂറിസം ലോബിയുടെ അമിതമായ ഇടപെടല്‍ എക്കല്‍, കട്ട, ചെളി എന്നിവ എടുത്തു മാറ്റുന്നതിന് തടസമായി മാറുന്നു. ഇത് കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന് അടിസ്ഥാന കാരണമാണ് എന്ന് പറയാതെ വയ്യ.

മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകേണ്ടതിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗ്രേയ്റ്റര്‍ കുട്ടനാട് ഡവലപ്പ്‌മെന്റ് അതോറിറ്റി (ജി.കെ.ഡി.എ) അടിയന്തിര പ്രാധാന്യത്തോടെ രൂപീകരിക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണം. നിലവിലുള്ള കുട്ടനാട് എംഎല്‍എയുടെ നേതൃത്വത്തില്‍ 11 പഞ്ചായത്ത് പ്രസിഡന്റുമാരും, മെമ്പര്‍മാരും, മുന്‍ എംഎല്‍എമാരും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും, കുട്ടനാട്ടില്‍ നിന്നുമുള്ള ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും ഇതില്‍ അംഗങ്ങള്‍ ആകേണ്ടതാണ്.

കുട്ടനാടുമായി ബന്ധപ്പെട്ടുള്ള പൊതുമരാമത്ത് സബ് ഓഫീസ്, കൃഷി, ഗതാഗതം, ജലവിഭവം, വൈദ്യുതി എന്നീ വകുപ്പുകള്‍ കുട്ടനാട് എംഎല്‍എയുമായി ചര്‍ച്ച നടത്തി മാത്രമേ പുതിയ പദ്ധതികള്‍ കുട്ടനാട്ടില്‍ നടപ്പില്‍ വരുത്താവു. ഇത്തരത്തില്‍ കക്ഷി, രാഷ്ട്രീയ, ജാതി മത ഭേദമന്യേ ഗ്രെയ്റ്റര്‍ കുട്ടനാട് ഡെവലപ്‌മെന്റ് അതോറിറ്റിയോട് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വളരെ വ്യക്തമായ മാറ്റങ്ങള്‍ ഒരു വര്‍ഷം കൊണ്ട് കുട്ടനാടിന്റെ എല്ലാ മേഖലയിലും വരുത്താവുന്നതുമാണ്.

കുട്ടനാടിനു വേണ്ടി നിരവധിയായ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കുട്ടനാട്ടില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്കു ഇതൊന്നും കാര്യമായ പ്രയോജനം വരുത്തിയിട്ടില്ല. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് റോഡ് വികസനം കൊണ്ട് വന്നതല്ലാതെ പര്യാപ്തമായ ഒരു പദ്ധതിയും നാളിതുവരെ ഭാഗികമായോ പൂര്‍ണമായോ നടപ്പില്‍ വരുത്തിയിട്ടില്ല.

സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്നതും അവര്‍ക്ക് താങ്ങും തണലുമാകുന്ന പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെങ്കില്‍ ഒരു രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കുട്ടനാട് വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്തുകയും സമസ്ത മേഖലയിലും കുട്ടനാടന്‍ ജനത കുട്ടനാടന്‍ ആവാസ വ്യവസ്ഥിതിക്ക് അനുയോജ്യമായി വളരുകയും ചെയ്യും.

അത്യാധുനിക പദ്ധതികള്‍ വയ്ക്കുമ്പോള്‍ കുട്ടനാടന്‍ ജനതയുടെ ജീവിതത്തിന് യാതൊരു വിധ ഭംഗവും വരാന്‍ ഇടയാകരുത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാര്‍ഷിക വൃത്തികള്‍ മാത്രം മതി കുട്ടനാടിന്റെ സമസ്ത മേഖലയും വളരാന്‍. അതിനുതകുന്ന പദ്ധതികള്‍ മാത്രമേ കുട്ടനാടിനെ സംരക്ഷിക്കാന്‍ ഉതകൂ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടനാട്ടിലെ രണ്ടാം കൃഷി സമ്പൂര്‍ണ പരാജയമാകുകയും അതിലൂടെ കര്‍ഷകര്‍ക്കും കുട്ടനാടന്‍ നിവാസികള്‍ക്കും ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മേല്‍പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍ണമായി പരിഗണിക്കണമെന്ന് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് അതിജീവനത്തിനായി പൊരുതുന്ന കുട്ടനാടന്‍ ജനതയ്ക്കു വേണ്ടി ഈ വാര്‍ത്താ പരമ്പര സമര്‍പ്പിക്കുന്നു.
                                                                                                                                                                                                            (അവസാനിച്ചു)
തയാറാക്കിയത് :
ജേക്കബ് കുഞ്ചെറിയ, കൊണ്ടയില്‍, കാവാലം, ആലപ്പുഴ.
ജോബി ജോസഫ്, പാലാക്കുന്നേല്‍ വള്ളാട്ട്, സൗത്ത് പാമ്പാടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.