ലോകം എന്നത് പലതരത്തിലുള്ള മനുഷ്യർ ഉൾക്കൊള്ളുന്ന ഒരു വലിയ സമൂഹമാണ്. അവിടെ മാതാപിതാക്കളും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഉൾക്കൊള്ളുന്നു. വിവിധ തരത്തിലുള്ള ഭാഷയും സംസ്കാരവും ഈ ലോകത്തിലെ ഓരോ കോണിലും നമുക്ക് കാണുവാൻ സാധിക്കും. ഈ സമൂഹത്തിലെ മനുഷ്യരായിട്ടും പോലും ഒരു പരിഗണനയും കിട്ടാത്ത ഒരുപാട് ആളുകളുണ്ട്. എന്നാൽ അതിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും വളരെയധികം അവഗണന ഏറ്റുവാങ്ങുന്നതുമായ വിഭാഗമാണ് മാനസികരോഗികളും അനാഥരും.
പല വഴികളിലും കടത്തിണ്ണകളിലും മഴയും വെയിലും തണുപ്പും സഹിച്ചു കഴിയുന്നവർ. അവരുടെ ഇല്ലായ്മകളെ മറന്നു ആരോവച്ചുനീട്ടിയ ഒരു പൊതിച്ചോറിലും ആരോ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളിലും കാലുകൾ കയറാൻ ബാക്കിവയ്ക്കാത്ത ചെരുപ്പുകളിലും ജീവിക്കുന്ന ചിലർ. അവർക്ക് സമൂഹം നൽകിയ ജീർണിച്ച ചില പേരുകളുണ്ട്. 'തെരുവ് ജീവികൾ' അല്ലെങ്കിൽ 'ഭ്രാന്തന്മാർ'. മാനസിക സംഘർഷങ്ങൾ മൂലം മനസിന്റെ താളം തെറ്റി തെരുവുകൾ തോറും ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്നവർ. ഇങ്ങനെ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നമ്മുടെ സഹജീവികൾക്ക് ആശ്വാസത്തിന്റേയും കാരുണ്യത്തിന്റേയും വെളിച്ചം പകർന്നു നൽകുന്ന ഒരു വലിയ കുടുംബം നമ്മുടെ ഈ സമൂഹത്തിലുണ്ട്. സന്തോഷ് ജോസഫിന്റെയും മിനി സന്തോഷിന്റെയും 430-ഓളം അംഗങ്ങളുള്ള കോട്ടയം ജില്ലയിലെ പാലായിൽ പ്രവർത്തിക്കുന്ന 'മരിയസദനം'.
വിധി അനാഥരാക്കപ്പെട്ട മനോരോഗികളും തെരുവുകളിൽ ജീവിതം പുലർത്തുന്നവരെയും ഒരു നേരത്തെ അന്നത്തിനായി കൈനീട്ടുന്നവരുൾപ്പെടെയുള്ള അനേകരുടെ ജീവിതത്തെ തെളിമയാർന്ന സാഹചര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ മരിയസദനം എന്ന കാരുണ്യ പ്രസ്ഥാനത്തിന് സന്തോഷ് ജോസഫ് 1998 മാർച്ച് 14നാണ് തുടക്കം കുറിക്കുന്നത്. ഈ ലോകത്ത് സ്വന്തം മനസ്സിന്റെ താളം തെറ്റി അനാഥത്വത്തിലേക്ക് നോവുമായി തെരുവുകളിൽ അലയുന്നവർക്ക് ആലയം ഒരുക്കി എന്നത് ഇദ്ദേഹത്തിന്റെ മനുഷ്യത്വമുള്ള ഒരു ഹൃദയത്തിന്റെ മാതൃകയാണ്.
എന്നാൽ വെറുമൊരു സംരക്ഷണകേന്ദ്രം ഒരുക്കി എന്നതല്ല മരിയസദനത്തെ വ്യത്യസ്തമാക്കുന്നത്. ഇവിടെ സംരക്ഷിക്കപ്പെടുന്നവർക്ക് ഏതൊരു വ്യക്തിക്കും കിട്ടേണ്ട പരിഗണനയും അവകാശങ്ങളും അവരവരുടെ കഴിവുകൾ സ്വയം തിരിച്ചറിയുവാനുള്ള അവസരങ്ങൾ നൽകുകയും അതിനു വേണ്ട കാര്യങ്ങളെല്ലാം ഏർപ്പെടുത്തിയുമാണ് ഈ സ്ഥാപനം മുന്നോട്ടു പോകുന്നത്. അതിനു ഉത്തമ ഉദാഹരണമാണ് മരിയസദനം കലാസമിതിയും, റിഥം ഓഫ് മൈൻഡ് എന്ന ഗാനമേള സംഘവും.
തന്റെ സഹജീവികളിലെ വ്യത്യസ്തത മനസിലാക്കി അവരെ ചേർത്ത് പിടിക്കാനും അവരവരുടെ കഴിവുകൾ മനസിലാക്കി എവിടെയോ നഷ്ടപ്പെട്ടുപോയ ഓർമകളെയും അതിലുപരി ജീവിതത്തെ തന്നെ തിരിച്ചു പിടിക്കാനുള്ള ഒരു വേദിയായിട്ടാണ് മരിയസദനം കലാസമിതിക്ക് രൂപം കൊടുത്തത്. ബാല്യത്തിൽ തെരുവിൽ എറിയപ്പെട്ട ഉറ്റവരും ഉടയവരും ഇല്ലാതെ എവിടെയോ അലഞ്ഞുതിരിഞ്ഞു ജീവിക്കാൻ മറന്നുപോയ മറവി ആകുന്ന കാർ മേഘത്തിൽ ഒളിച്ച് പാട്ടിന്റെ വരികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു കലാസമിതി എന്ന ഒരു കൂട്ടം കഴിവുകളുടെ കൂട്ടായ്മ.
മരിയസദനത്തിന്റെ ഗാനമേള സംഘവും നാടക അവതരണങ്ങളുമെല്ലാം മനുഷ്യ മനസ്സിന് ഉണർവ് നൽകി ഒരു തിരിച്ചുവരവ് നൽകുവാനുള്ള മരുന്നായിരുന്നു. ഇവ കൂടാതെ 'മരിയസദനം തയ്യൽ യൂണിറ്റ്' പുനരധിവാസ രംഗത്തെ മറ്റൊരു ചുവടുവയ്പ്പാണ്. ഇവിടെ നിന്നും നിർമ്മിക്കുന്ന വസ്ത്രങ്ങളും മറ്റും വിപണനത്തിനായി വയ്ക്കുകയും ചെയ്യുന്നുണ്ട്. 'My minds eye' എന്നെ സ്റ്റോറിൽനിന്ന് നൈറ്റി ചവിട്ടി തുടങ്ങിയ വിവിധ തരത്തിലും വർണത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കും. എന്നാൽ വിപണനം ലക്ഷ്യമാക്കി ഉള്ളതല്ല ഈ പ്രവർത്തനങ്ങൾ എന്നും മറിച്ച് ഒരു വ്യക്തിയുടെ അറിവിനെയും കഴിവിനെയും ഒരുപോലെ കൂട്ടിച്ചേർത്തു സ്വയം പര്യാപ്താരാക്കുക എന്നതാണ് ലക്ഷ്യം.
അതോടൊപ്പം തന്നെ മെഴുകുതിരി യൂണിറ്റ്, സോപ്പ്, സോപ്പ് പൊടി, ഉല്പാദന യൂണിറ്റ്, അന്നപൂർണ, വെൽഡിങ് പെയിന്റിങ് യൂണിറ്റ്, വളം നിർമ്മാണ യൂണിറ്റ് തുടങ്ങി വിവിധ മേഖലകളിൽ മുന്നേറ്റം നേടുവാനുള്ള തരത്തിൽ എല്ലാവിധ സംവിധാനങ്ങളും മരിയസദനം ഓരോ അംഗങ്ങൾക്കും ഏർപ്പെടുത്തി കൊടുക്കുന്നു.
ഇവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുവാനായി മാനസികമായി തകർന്ന ആളുകൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ അച്ചാറുകൾ ബോട്ടിൽ ആർട്ട് പെയിന്റിംഗ് എന്നിവ സമൂഹത്തിലെ മുഖ്യ ധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മൊബൈൽ റിഹാബിലിറ്റേഷൻ ഷോപ്പ് ആരംഭിച്ചു. അതിന്റെ വിപണനത്തിനായി സൗകര്യങ്ങൾ ചെയ്തു വരുന്നു. മൊബൈൽ റീഹാബിലിറ്റേഷൻ എന്ന നൂതന പ്രസ്ഥാനം മാനസിക ആരോഗ്യ പുനരധിവാസ മേഖലയിലെ തന്നെ പുതിയൊരു ആശയമാണ്. ഇതിലൂടെ മരിയസദനം തുറന്നുകാട്ടുന്നത് പച്ചയായ മനുഷ്യനെ യഥാർത്ഥ ഞങ്ങളെ തൊട്ടുകാട്ടുന്ന ഒരു വേദിയായിട്ടാണ്.
സമൂഹത്തിൽ ഒറ്റപ്പെടുന്ന മാനസിക രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിഗണന ലക്ഷ്യമാക്കിയുള്ള മരിയ സാധനത്തിന് പ്രവർത്തനമാണ് 'ഗ്രേസ് 'എന്ന കൂട്ടായ്മ. സമൂഹത്തിന്റെ അജ്ഞതമൂലം ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സ്വീകരിക്കാത്തവരാണ് 'മനോരോഗികൾ' എന്ന് നമ്മൾ വിളിക്കുന്ന ഒരു കൂട്ടം മനുഷ്യർ. സമൂഹത്തിന്റെ ഈ അജ്ഞതയെ മാറ്റി ഇവരിലൂടെ എന്തെങ്കിലും ചെയ്യുവാൻ സാധിക്കും എന്ന് തെളിയിക്കുകയാണ് മരിയസദനം. ഒരു മുറിയുടെ നാലു കോണുകൾ ക്കിടയിൽ ഒതുങ്ങി ജീവിതത്തെ ജീവിച്ചു തീർക്കേണ്ടവരല്ല ഈ വ്യത്യസ്തതകളുള്ള മനുഷ്യർ എന്ന ചിന്തയാണ് ഈ സ്ഥാപനം മുന്നോട്ടു വയ്ക്കുന്നത്.
മാനസികാരോഗ്യകേന്ദ്രത്തിൽ ഒരിക്കൽ അയക്കപ്പെട്ട കഴിഞ്ഞാൽ പിന്നീട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ സ്വീകരിക്കാൻ മടിക്കുന്ന മനസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നത്. ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സഹോദരങ്ങൾക്ക് സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്യുക എന്നതാണ് മരിയസദനം എന്ന ഭൂമിയിലെ സ്വർഗ്ഗം ഇന്നത്തെ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.