എഴുപത് വയസ് പ്രായമുള്ള അപ്പനുമായാണ് മക്കൾ കാണാൻ വന്നത്. "അച്ചാ, അപ്പന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. വല്ലപ്പോഴുമൊന്ന് മദ്യപിക്കും. മദ്യപിച്ച് കഴിഞ്ഞാൽ പിന്നെ വല്ലാത്ത ബഹളമാണ്. ഈയിടെയായി 'എനിക്കിനി ജീവിക്കേണ്ട, ചത്താൽ മതി... ഞാൻ ചാകും...' എന്നൊക്കെ വിളിച്ചു പറയുന്നു. അച്ചനൊന്ന് പ്രാർത്ഥിക്കണം." ഞാൻ അദ്ദേഹവുമായ് സംസാരിച്ചു. മനസു നിറയെ ഉണങ്ങാത്ത മുറിവുകളുടെ കൂമ്പാരമാണെന്ന് മനസിലായി. ശക്തമായ ആത്മഹത്യ പ്രേരണ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ നിർബന്ധമായും സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് മക്കളോട് നിർദ്ദേശിച്ച് പ്രാർത്ഥിച്ച് പറഞ്ഞയച്ചു. വൃദ്ധനായ അപ്പനെ സൈക്യാട്രിസ്റ്റിൻ്റെയടുത്ത് കൊണ്ടുപോകാനുള്ള മടി കൊണ്ട് അവർ അപ്പന് നല്ലതു വരാൻ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന ഖേദകരമായ വാർത്തയാണ് പിന്നീട് കേൾക്കാൻ കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ മക്കൾ വന്ന് ഇപ്രകാരം പറയുകയുണ്ടായി: "ഒരുപക്ഷേ അച്ചൻ അന്ന് പറഞ്ഞ വാക്കുകൾ ഗൗരവമായെടുത്തിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു."
ചില താക്കീതുകളും സൂചനകളും അവഗണിക്കുന്നത് നാശത്തിലേക്ക് നയിക്കുമെന്നത് യാഥാർത്ഥ്യമാണ്.
ക്രിസ്തുവിൻ്റെ വചനം ശ്രദ്ധിക്കൂ: "അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെ തന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക" (മര്‍ക്കോ 13 : 28-29).
കർത്താവിൻ്റെ രണ്ടാം വരവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗമാണിതെങ്കിലും അനുദിന ജീവിതവുമായ് ഏറെ ബന്ധമുണ്ടിതിന്. നമ്മുടെ മാതാപിതാക്കളുടെയും ജീവിത പങ്കാളിയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പെരുമാറ്റങ്ങളിൽ നിന്നും നന്മതിന്മകൾ തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ. അപകട സൂചനകൾ അവഗണിക്കുന്നത് ആപത്തു ക്ഷണിച്ചു വരുത്തും എന്ന സത്യവും മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26