കോടതി മുറികള്‍ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ് ജഡ്ജി മരിസേല മൂര്‍
ഡാളസ്: തിങ്കളാഴ്ച മുതല്‍ ഡാളസ് കൗണ്ടി കോടതികളില്‍ വരുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ് ജഡ്ജി മരിസേല മൂര്‍ ഉത്തരവായി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാസ്‌ക് ആവശ്യമില്ലെന്ന സംസ്ഥാന ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ എക്സിക്യൂട്ടീവ് ഉത്തരവിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ന്യായാധിപയുടെ പുതിയ ഉത്തരവ് വന്നത്. അതിനിടെ, കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതിനെതുടര്‍ന്ന് ഡാളസ് കൗണ്ടിയില്‍ കോവിഡ് റിസ്‌ക് ലെവല്‍ റെഡ് ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ 189 ശതമാനം വര്‍ധനയാണുണ്ടായത്. കൗണ്ടി മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച്, വൈറസ് പകരാനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ളപ്പോഴാണ് റെഡ് ലെവല്‍ പ്രഖ്യാപിക്കുന്നത്. ഇന്‍ഡോറിലും എല്ലാവരും മാസ്‌കുകള്‍ ധരിക്കണമെന്നാണു നിര്‍ദേശം.
കൗണ്ടികളിലും നഗരങ്ങളിലും സ്‌കൂള്‍ ജില്ലകളിലും പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കരുതെന്ന ഗവര്‍ണറുടെ നിലപാടിനു കടകവരുദ്ധമായ ഉത്തരവിറക്കാന്‍ മൂര്‍ പ്രേരിതയായത് ഡാളസ് കൗണ്ടിയില്‍ കോവിഡ് റിസ്‌ക് ലെവല്‍ റെഡ് ആയി ഉയര്‍ത്തപ്പെട്ടതോടെയാണ്. വാക്സിനേഷന്‍ എടുത്താലും ഇല്ലെങ്കിലും കോടതിയില്‍ പ്രവേശിക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. അനുസരിക്കാന്‍ വിസമ്മതിക്കുന്നവരുടെ പ്രവേശനം നിരോധിക്കാം.
ജോര്‍ജ് അലന്‍ ബില്‍ഡിംഗ്, ക്രൗളി കോര്‍ട്ട് ഹൗസ്, ഹെന്റി വേഡ് ജുവനൈല്‍ ജസ്റ്റീസ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ബാധകമായിരിക്കും അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ ഉത്തരവ്. വിളിച്ചിട്ടു വരുന്ന വ്യക്തികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ളതാണ് ഈ നടപടിയെന്ന് മൂര്‍ പറഞ്ഞു. പിപിഇ, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ മാറ്റമില്ലാതെ തുടരും. ഇതിന്റെ പേരില്‍ ചര്‍ച്ചകള്‍ഉണ്ടാകേണ്ട കാര്യമില്ലെന്ന് മൂര്‍ പറഞ്ഞു. 'കോടതി മുറികള്‍ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അദ്ദേഹം അത് ഉദ്ദേശിച്ചതായി ഞാന്‍ കരുതുന്നില്ല.'
ടെക്‌സസ് സുപ്രീം കോടതി പറയുന്നതനുസരിച്ച്, കോടതി നടപടികള്‍ കോവിഡിന്റെ ഭീഷണിയിലാകാതിരിക്കാന്‍ ജുഡീഷ്യറി അതോറിറ്റി ന്യായമായ നടപടികള്‍ സ്വയം കൈക്കൊള്ളേണ്ടതുണ്ടെന്ന് മൂര്‍ തന്റെ ഉത്തരവില്‍ പറയുന്നു. 'ജുഡീഷ്യറി, ഞങ്ങളുടെ പാതയാണ്. അവിടത്തെ ഞങ്ങളുടെ ഉത്തരവാദിത്തം ഗവര്‍ണറെ ഏല്‍പ്പിക്കാന്‍ കഴിയില്ല. കോടതി മുറികളിലുള്ളവരുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കണം,' മൂര്‍ നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.