"ഈ ഇടവകയിലേക്ക് വികാരിയായി വന്ന വർഷം വീടു സന്ദർശനത്തിനിടയിലാണ് ഞാൻ തോമസിനെ പരിചയപ്പെടുന്നത് (യഥാർത്ഥ പേരല്ല). വളരെ പാവപ്പെട്ട കുടുംബമാണവൻ്റേത്. തകർന്നു വീഴാറായ വീട്ടിൽ ക്യാൻസർ ബാധിച്ച് അവൻ കിടപ്പിലായിരുന്നു." ഇടവകാംഗമായ ഒരു യുവാവിനെക്കുറിച്ചുള്ള വികാരിയച്ചൻ്റെ വാക്കുകളായിരുന്നു ഇത്. അദ്ദേഹം തുടർന്നു. "ചികിത്സക്കുവേണ്ടി കുറച്ച് പണമല്ല വേണ്ടിയിരുന്നത്. പൊതുയോഗത്തിൽ പ്രത്യേക അജണ്ട വച്ച്, കുടുംബക്ഷേമനിധിയിൽ നിന്നും അവന് വീടുവച്ചു നൽകി. രൂപതയിലെ ചികിത്സാ ഫണ്ടിൽ നിന്നും സഹായവും നൽകി. ഇതും കൂടാതെ വ്യക്തിപരമായ രീതിയിലും അവനെ സഹായിച്ചിട്ടുണ്ട്. എന്നാൽ അവൻ അതെല്ലാം മറന്നിരിക്കുന്നു.
ഇപ്പോൾ ഇടവകയിലെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രധാന വ്യക്തി അവനാണ്. എന്തിനും ഏതിനും കുറ്റംമാത്രം കണ്ടു പിടിക്കുന്ന അയാളുടെ ശൈലി ഇടവകയെ മുഴുവനും വേദനയിലാഴ്ത്തുന്നു. മാത്രമല്ല തുടരെത്തുടരെ സഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതും അവൻ്റെ പതിവായി. ഒരിക്കൽ ഞാനവനോട് പറഞ്ഞു: ദൈവം നിന്നോട് എന്തുമാത്രം കരുണ കാണിച്ചു എന്ന് നീ മറക്കരുത്. നിനക്കുവേണ്ടി എത്ര കുർബാനകൾ അർപ്പിക്കപ്പെട്ടു. എത്രയോ ആരാധനകൾ നടത്തി. എത്രയോ പേർ ഉപവസിച്ച് പ്രാർത്ഥിച്ചു. ദൈവം നിനക്ക് സൗഖ്യം നൽകിയപ്പോൾ സഭയും ദൈവവുമെല്ലാം ശത്രുപക്ഷത്തായി....ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു...."
അവൻ ആ വാക്കുകളൊന്നും ചെവികൊള്ളാതെ ഇപ്പോഴും പതിവ് ശൈലി തുടരുകയാണ്. നമ്മിൽ നിന്ന് ക്ഷേമം സ്വീകരിച്ച വ്യക്തികൾ നമ്മെ കുത്തിനോവിക്കുമ്പോൾ നമ്മുടെ ഹൃദയവും നുറുങ്ങാറില്ലെ? ചിലപ്പോഴെങ്കിലും അവർക്ക് ചെയ്ത ഉപകാരങ്ങൾ മറ്റാർക്കെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുമില്ലേ? ക്രിസ്തുവിനുമുണ്ടായിരുന്നു അങ്ങനെയൊരു ചിന്ത; കൊറാസിൻ, ബത്സയ്ദാ നഗരങ്ങളെക്കുറിച്ച്. അനുതപിക്കാത്ത അവിടുത്തെ ജനത്തെ നോക്കി അവിടുന്ന് വിലപിക്കുന്നു: ''കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!"(മത്തായി 11 : 21). കർത്താവിൽ നിന്ന് കൃപകൾ സ്വീകരിക്കുമ്പോൾ അവിടുത്തോട് ചേർന്നു നിൽക്കാനുള്ള ബാധ്യതയും നമുക്കുണ്ടെന്ന് മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.