ആംബുലന്‍സ് വളയം തിരിച്ച് ചീറിപ്പായുന്ന മറിയാമ്മ ബാബു

ആംബുലന്‍സ് വളയം തിരിച്ച് ചീറിപ്പായുന്ന മറിയാമ്മ ബാബു

കോവിഡ് പിടിമുറുക്കിയതോടെ നാടുമുഴുവന്‍ ആംബുലന്‍സുകളുടെ കുതിപ്പാണ്. ഒരുവേള ആംബുലന്‍സ് ഡ്രൈവര്‍മാരെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ആരോഗ്യവകുപ്പ് പ്രത്യേകം അഭിനന്ദിക്കുക വരെ ചെയ്തു. പുരുഷന്‍മാര്‍ കൈയടക്കിയിരുന്ന ഈ മേഖലയില്‍ കുതിപ്പിന്റെ തേരോട്ടം നടത്തുന്ന ഒരു വനിത സാരഥിയുണ്ട്, കോഴിക്കോട് തിരുവമ്പാടി സ്വദേശിനി മറിയാമ്മ ബാബു. രോഗം മൂര്‍ച്ഛിച്ച് ജീവനുവേണ്ടി കിതയ്ക്കുന്നവര്‍ക്കായി മറിയാമ്മ ചേച്ചിയുടെ ആംബുലന്‍സ് കുതിക്കുകയാണ്.

പി.പി.ഇ. കിറ്റ് ധരിച്ച് അര്‍ധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടം. തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലന്‍സ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവര്‍ഷമായി മറിയാമ്മ ആംബുലന്‍സ് ഓടിക്കാന്‍ തുടങ്ങിയിട്ട്. പാലിയേറ്റീവ് സന്നദ്ധപ്രവര്‍ത്തകയെന്ന നിലയില്‍ തികച്ചും സൗജന്യമായിട്ടാണ് ചേച്ചിയുടെ സേവനം. കിടപ്പുരോഗികളെ വീട്ടില്‍ച്ചെന്ന് പരിപാലിക്കുന്ന പാലിയേറ്റീവ് കെയറിലെ ആംബുലന്‍സില്‍ ഒരു ദിവസം ഡ്രൈവര്‍ ഇല്ലാതെ വന്നപ്പോള്‍ മറിയാമ്മ ചുമതല ഏറ്റെടുക്കുകയായിരുന്നു. കോവിഡ് മഹാമാരി വന്നപ്പോഴും മറിയാമ്മ പകച്ചില്ല.

തിരുവമ്പാടിയിലെ സാമൂഹികപ്രവര്‍ത്തകന്‍ മതിച്ചിപ്പറമ്പില്‍ ബാബു ജോസഫിന്റെ ഭാര്യയാണ്. ചക്കിട്ടപ്പാറ സ്വദേശിനി മറിയാമ്മ. ചെറുവിള്ളാട്ട് വര്‍ക്കി-മേരി ദമ്പതിമാരുടെ മൂത്ത മകള്‍. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരി. കര്‍ണാടകയിലെ ചേരിനിവാസികള്‍ക്കിടയില്‍ രണ്ടുവര്‍ഷം കമ്യൂണിറ്റി ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചു. ലിസ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ വൈസ് പ്രസിഡന്റായ മറിയാമ്മ മഹിളാ കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റും ആര്‍.ആര്‍.ടിയുമാണ്.

പഠിക്കുന്ന കാലത്തു തന്നെ വീട്ടിലെ വാഹനങ്ങള്‍ മറിയാമ്മ ഓടിക്കാറുണ്ടായിരുന്നു. വാഹനങ്ങളോടുള്ള കമ്പവും സന്നദ്ധസേവന മനസ്സും തന്നെയാണ് വളയം പിടിച്ചുള്ള ഈ ജീവന്‍ മരണ പോരാട്ട യാത്രയ്ക്ക് പ്രചോദനം. മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ കുതിക്കുകയാണ് മറിയാമ്മ ചേച്ചിയും ചേച്ചിയുടെ ആംബുലന്‍സും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.