'ഹെല്‍ത്തി' ആയി ചായ കുടിക്കാം

'ഹെല്‍ത്തി' ആയി ചായ കുടിക്കാം

ചായ കുടിക്കാതെ ഒരു ദിവസത്തിന്റെ ആംഭത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തവരാണ് നമ്മളില്‍ പലരും. ഇന്ത്യയില്‍ ഏറ്റവുമധികം പേരും നിത്യജീവിതത്തില്‍ ആശ്രയിക്കുന്നൊരു പാനീയമാണ് ചായ. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, 'സ്ട്രെസ്' കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും ഉണ്ട്.

അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. 'ഹെല്‍ത്തി' ആയിത്തന്നെ ചായയെ ആസ്വദിക്കാന്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ കരുതേണ്ട അഞ്ച് കാര്യങ്ങള്‍ നോക്കാം.
ഒന്ന്

ആദ്യമേ സൂചിപ്പിച്ചത് പോലെ മിക്കവരും ചായയോടെയാണ് ദിവസം തുടങ്ങുക തന്നെ. എന്നാല്‍ രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാന്‍. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അല്‍പസമയത്തിന് ശേഷം മാത്രമാണ് ചായ കഴിക്കേണ്ടത്.
രണ്ട്

ചായയിലൂടെ അധികപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു ടീസ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ. അതും ദിവസത്തില്‍ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റില്‍ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.
മൂന്ന്

ചിലര്‍ക്ക് പാല്‍ വയറ്റിന് പിടിക്കാത്ത പ്രശ്നമുണ്ടാകാം. ഈ പ്രശ്നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.
നാല്

ചായ തയ്യാറാക്കുമ്പോള്‍ ഗുണമേന്മയുള്ള തേയില തന്നെ ഉപയോഗിക്കുക. അതുപോലെ വിവിധ ഹെര്‍ബുകള്‍, സ്പൈസുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ചായ 'ഹെല്‍ത്തി' ആക്കാവുന്നതാണ്. ഇതില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. പഞ്ചസാരയ്ക്ക് പകരം കരിപ്പട്ടി പതിവാക്കാം. മധുരത്തിന് തേനും ചേര്‍ക്കാവുന്നതാണ്. എന്നാല്‍ തേന്‍ ഒഴിച്ച ശേഷം ഒരിക്കലും ചായ തിളപ്പിക്കരുത്. ചായ തയ്യാറാക്കി, അല്‍പമൊന്ന് ആറിയ ശേഷമാണ് തേന്‍ ചേര്‍ക്കേണ്ടത്.
അഞ്ച്

പാല്‍ പോലെ തന്നെ കഫീനും ചിലര്‍ക്ക് ഒട്ടും യോജിക്കാതെ വരാം. ചായ കഴിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തോന്നുന്നത് ഇതുകൊണ്ടാണ്. ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കുന്നു. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.