സീന്യൂസ് ലൈവ് റീഡേഴ്സ് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു
പെര്‍ത്ത്: നന്മയുടെ സ്വരമുയര്‍ത്താന്‍ ആളുകള്‍ കുറഞ്ഞു പോയതാണ് തിന്മ വ്യാപിക്കാന്‍ കാരണമായതെന്നും അന്ധകാരത്തെ നിര്‍വീര്യമാക്കി പ്രകാശം പരത്താന്‍ നമുക്കു കഴിയണമെന്നും കെ.സി.ബി.സി. മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി. സീന്യൂസ് ലൈവ് റീഡേഴ്സ് കോണ്‍ഫറന്‍സിന്റെ (ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ്) ഉദ്ഘാടനത്തോടുബന്ധിച്ച് 'ക്രൈസ്തവ വിരുദ്ധ മാധ്യമ നിലപാടുകള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
ക്രൈസ്തവ വിശ്വാസികള്‍ക്ക് അവരുടെ ആശയങ്ങള്‍ കൈമാറാനും പ്രതികരിക്കാനും പ്രതിരോധിക്കാനും ക്രിയാത്മകമായ വേദി ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സത്യാനന്തര കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. നുണ വീണ്ടും വീണ്ടും പറഞ്ഞ് വിജയിപ്പിച്ചെടുത്താല്‍ അതാണു സത്യമായി മാറുന്നത്. കാലഘട്ടത്തിന്റെ ആവശ്യകതയായ സിന്യൂസ് ദൈവപദ്ധതിയായിരുന്നു. ദൈവഹിതം മനുഷ്യരിലൂടെ പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
ദൈവത്തിന്റെ മനുഷ്യ രക്ഷാകര ചരിത്രം പിശാച് തെറ്റായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇരുട്ടിനെ അകറ്റാന്‍ പ്രകാശത്തിനു മാത്രമേ കഴിയൂ. പ്രകാശത്തിന്റെ കഥ സഭ പകര്‍ന്നു നല്‍കുമ്പോള്‍ സമാന്തരമായി അന്ധകാരത്തിന്റെ കഥ ലോകം പറയുന്നു. എന്നാല്‍ പ്രകാശത്തിന്റെ കഥകള്‍ അന്ധകാരത്തെ നിര്‍വീര്യമാക്കുന്നു. പ്രകാശത്തിന് മാത്രമേ അസ്തിത്വമുള്ളൂ.
മരച്ചില്ലയില്‍ ഇരിക്കുന്ന പക്ഷി അതിന്റെ ശക്തി കണ്ടെത്തുന്നത് മരത്തിന്റെ ചില്ലയിലല്ല, സ്വന്തം ചിറകുകളിലാണ്. അതുപോലെ സഭാ മക്കള്‍ കരുത്തു കണ്ടെേത്തണ്ടത് തിരുസഭയിലാണ്. എല്ലാ നന്മകളും കൂടിച്ചേരുന്ന യേശുവിലും സഭയിലും ശക്തി കണ്ടെത്തുമ്പോള്‍ തിന്മകളെ എളുപ്പം നിര്‍വീര്യമാക്കാനാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
സീന്യൂസ് ലൈവ് റീഡേഴ്സ് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ് കോണ്‍ഫറന്‍സ് ബിഷപ്പ് മാര്‍ ബോസ്‌കോ പൂത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
സഭയ്‌ക്കെതിരേയുള്ള മാധ്യമങ്ങളുടെ കടന്നാക്രമണങ്ങളോടു പ്രതികരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പൂത്തൂര്‍ പറഞ്ഞു. സീന്യൂസ് ലൈവ് റീഡേഴ്സ് കോണ്‍ഫറന്‍സ് (ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് മാര്‍ ബോസ്‌കോ പൂത്തൂര്‍.
കമ്പോള സംസ്‌കാരത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന വിപണിയാണ് മാധ്യമലോകം. ആള്‍ക്കൂട്ട രാഷ്ട്രീയം, മതവിരുദ്ധ നിലപാടുകള്‍, ലൈംഗികത എന്നിവയൊക്കെയാണ് ഏറ്റവും വിപണി മൂല്യമുള്ള വാര്‍ത്താ ഉല്‍പന്നങ്ങള്‍. ഈ സാഹചര്യത്തില്‍ തിരിച്ചറിവും വിവേചന ബുദ്ധിയുമാണ് നമുക്കു വേണ്ടത്. ശത്രുക്കളും മുതലെടുപ്പുകാരുമാണോ സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്നു നാം തിരിച്ചറിയണം. കഴുകന്മാരെപ്പോലെയാണ് മാധ്യമങ്ങള്‍. ജീര്‍ണമായ ജഡം ഭക്ഷിക്കാനാണ് അവ തഴേക്കിറങ്ങിവരുന്നത്. മനുഷ്യന്റെ ജീര്‍ണമായ അവസ്ഥകളിലാണു പിശാച് ആധിപത്യം നേടാന്‍ ശ്രമിക്കുന്നത്. അതിനാല്‍ പ്രതിരോധിക്കാനുള്ള ആര്‍ജവം സ്ഥായിയായി കൈവരിക്കുകയാണ് വേണ്ടതെന്നും മാര്‍ ബോസ്‌കോ പൂത്തൂര്‍ പറഞ്ഞു.
'ക്രൈസ്തവ വിരുദ്ധ മാധ്യമ നിലപാടുകള്‍' എന്ന വിഷയത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തുന്നു.
മെല്‍ബണ്‍ സിറോ മലബാര്‍ രൂപത മീഡിയ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. അജിത് ചേരിയേക്കര, സിറോ മലബാര്‍ മിഷന്‍ ന്യൂസിലന്‍ഡ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് അരീക്കല്‍, ഓസ്‌ട്രേലിയ ഷെപ്പാര്‍ട്ടണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളി വികാരി ഫാ. വര്‍ഗീസ് വിതയത്തില്‍, മെല്‍ബണ്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഡയറക്ടര്‍ ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍, മെല്‍ബണ്‍ സിറോ മലബാര്‍ രൂപത കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി, എസ്.എം.വൈ.എം. ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ന്യൂസിലന്‍ഡ് കാറ്റെക്കിസം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റെജി ചാക്കോ, ഓസ്ട്രേലിയ അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രി യൂത്ത് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജീന്‍ സജീവ്, ഓസ്ട്രേലിയ നഴ്സസ് മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ സോഫി ഷാജി, ജീസസ് യൂത്ത് നാഷണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഓസ്ട്രേലിയ) ദീപക് കുര്യാക്കോസ്, സിന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം, എഡിറ്റോറിയല്‍ അഡൈ്വസര്‍ പ്രകാശ് ജോസഫ്, ജിബി ജോയി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
സിന്യൂസ് ലൈവ് ആന്‍ഡ് ഗ്ലോബല്‍ മീഡിയ സി.ഇ.ഒ. ലിസി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. സീന്യൂസ് ലൈവ് ഓസ്ട്രേലിയ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലൈസ മാത്യൂ നന്ദിയും അര്‍പ്പിച്ചു. ന്യൂസിലാന്‍ഡില്‍നിന്നും ഓസ്‌ട്രേയിയയില്‍നിന്നുമായി ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.