9/11 ആക്രമണം: സൗദി ബന്ധമുള്ള രേഖകളും പരസ്യമാക്കാനുള്ള നീക്കത്തില്‍ നിയമ വകുപ്പ്

9/11 ആക്രമണം: സൗദി ബന്ധമുള്ള രേഖകളും പരസ്യമാക്കാനുള്ള നീക്കത്തില്‍ നിയമ വകുപ്പ്

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11 ആക്രമണത്തിനു പിന്തുണയേകിയ സൗദി അറേബ്യന്‍ നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രേഖകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് നിയമ വകുപ്പ്. ഇതിനായുള്ള പ്രത്യേക അവലോകനം നടത്തുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ്് ഓഫ് ജസ്റ്റിസ് (DOJ)പ്രസ്താവനയില്‍ അറിയിച്ചത് പഴയ നിലപാടില്‍ നിന്നുള്ള അനുകൂല മാറ്റമായാണ് നിരീക്ഷകര്‍ കരുതുന്നത്.

ആക്രമണം നടത്തിയ ഹൈജാക്കര്‍മാരുമായി ബന്ധപ്പെട്ട അന്വേഷണം എഫ്ബിഐ അടുത്തിടെ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയെ അറിയിച്ച കാര്യം നീതിന്യായ വകുപ്പ് വക്താവ് ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കുന്നതിലുണ്ടായിരുന്ന നിയമപരമായ തടസത്തിന്റെ ഒരു ഘട്ടം ഇതോടെ മാറി.സാഹചര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം എഫ്ബിഐ അത്തരം വിവരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ വെളിപ്പെടുത്തും - വക്താവ് പറഞ്ഞു.ആക്രമണ ഇരകളുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യം ശക്തമാക്കിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ അനുകൂല നടപടി കൈക്കൊള്ളാത്ത പക്ഷം 9/11 ദുരന്ത ദിനത്തിന്റെ 20-ാം വാര്‍ഷിക വാര്‍ഷികച്ചടങ്ങ് തങ്ങള്‍ ഉപരോധിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

ഇരകളുടെ കുടുംബാംഗങ്ങള്‍ക്കു പുറമേ, ആക്രമണ വേളയില്‍ ആദ്യം സംഭവസ്ഥലത്തെത്തിയവരും അതിജീവിച്ചവരും ചേര്‍ന്ന് ഇതു സംബന്ധിച്ച് ജോ ബൈഡനുള്ള തുറന്ന കത്തു പുറത്തിറക്കുകയും ചെയ്തു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഒരു കാരണവുമില്ലെന്നും ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും അവകാശവാദങ്ങള്‍ അപ്രസക്തമാണെന്നുമാണ് ഏകദേശം 1,700 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നത്.ഇക്കാര്യത്തില്‍ മുന്‍ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടിയതാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകിയും സമ്മതിച്ചിരുന്നു.സൗദി അറേബ്യന്‍ നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ നഷ്ട പരിഹാരക്കേസുകള്‍ക്കും അത് പുതിയ സ്വഭാവമേകും.

'സര്‍ക്കാര്‍ മുമ്പ് പ്രത്യേകാവകാശങ്ങള്‍ ഉറപ്പു വരുത്തിയ രേഖകളുടെ പുതിയ അവലോകനം നടത്താനും എത്രയും വേഗം പരസ്യപ്പെടുത്താനും പ്രതിജ്ഞാബദ്ധമായ നീതിന്യായ വകുപ്പിന്റെ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.'- ബൈഡന്‍ പറഞ്ഞു. 'എന്റെ ഹൃദയവും എന്റെ പ്രാര്‍ത്ഥനകളും കഷ്ടത അനുഭവിക്കുന്ന 9/11 കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭരണകൂടം ഈ സമൂഹത്തിലെ അംഗങ്ങളുമായി ആദരപൂര്‍വ്വം ഇടപഴകുന്നത് തുടരും. മുന്നോട്ട് പോകുന്നതിന് അവരുടെ ശബ്ദങ്ങളെയും ഉള്‍ക്കാഴ്ചയെയും ഞാന്‍ സ്വാഗതം ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൂര്‍ണ്ണ സുതാര്യതയിലേക്കുള്ള നീക്കമാവില്ല നീതിന്യായ വകുപ്പിന്റേതെന്ന ആശങ്കയാണ് തനിക്കുള്ളതെന്ന് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങളുടെ കൂട്ടയ്മയ്ക്കു വേണ്ടി നിയമ പോരാട്ടം നടത്തുന്ന അഭിഭാഷകനായ ബ്രെറ്റ് ഈഗിള്‍സണ്‍ അറിയിച്ചു. എന്തായാലും മുന്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ഹൈജാക്കര്‍മാരുമായി ബന്ധപ്പെട്ട അന്വേഷണം എഫ്ബിഐ അവസാനിപ്പിച്ചെന്നു സമ്മതിച്ചത് നിര്‍ണ്ണായകമായതിനാല്‍ 9/11 ലെ ഗ്രൗണ്ട് സീറോയില്‍ പ്രസിഡന്റിനൊപ്പം നമുക്കും നില്‍ക്കാം.- ആക്രമണത്തില്‍ പിതാവിനെ നഷ്ടമായ അദ്ദേഹം അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.