'ചൊവ്വാ ഗ്രഹ വാസ'ത്തിന് നാസ ആളെത്തേടുന്നു ; പണം ഇങ്ങോട്ടു തരും

'ചൊവ്വാ ഗ്രഹ വാസ'ത്തിന് നാസ ആളെത്തേടുന്നു ; പണം ഇങ്ങോട്ടു തരും


ടെക്‌സസ്: ചൊവ്വയില്‍ മനുഷ്യരെ എന്ന് എത്തിക്കാനാകുമെന്ന കാര്യത്തില്‍ കൃത്യമായൊന്നും പറയാന്‍ കഴിയുന്നില്ലെങ്കിലും 'ചൊവ്വാ വാസത്തിനു'ള്ള അവസരമൊരുക്കുന്നു നാസ. ചുവന്ന ഗ്രഹത്തില്‍ മനുഷ്യര്‍ എത്തിയ ശേഷം അവിടെ കഴിച്ചുകൂട്ടുമ്പോള്‍ ഏതു തരത്തിലായിരിക്കും ശരീരത്തിന്റെയും മനസിന്റെയുമെല്ലാം മാറ്റമെന്നറിയുകയാണ് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി ഇതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ലക്ഷ്യം.

നാല് പേരെയാകും ചൊവ്വയിലെ അവസ്ഥയില്‍ ജീവിക്കാന്‍ നാസ തിരഞ്ഞെടുക്കുന്നത്.ഭേദപ്പെട്ട തുക പ്രതിഫലവും നല്‍കും. ബഹിരാകാശത്തേക്ക് പോകുന്നതിനു പകരം, ഈ സന്നദ്ധ പ്രവര്‍ത്തകര്‍ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിനുള്ളില്‍ ത്രീ ഡി പ്രിന്റ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച 1,700 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന മൊഡ്യൂളായ മാര്‍സ് ഡ്യൂണ്‍ ആല്‍ഫയില്‍ ആകും താമസിക്കുക. സ്വകാര്യ മുറികള്‍, ഒരു അടുക്കള, രണ്ട് കുളിമുറി, ഒരു വര്‍ക്കൗട്ട് റൂം, വിളകള്‍ വളര്‍ത്താനുള്ള സ്ഥലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ മൊഡ്യൂള്‍.ഏതോ വിദൂര ലോകത്തിലെന്നതുപോലെയാകും ഒരു വര്‍ഷത്തെ ജീവിതം. ഇടയ്ക്കു പുറത്തു വരാനൊന്നും കഴിയില്ല.പ്രധാനപ്പെട്ട ശാസ്ത്രീയ ഡാറ്റ സമാഹരിക്കാന്‍ സഹകരിക്കേണ്ടിവരും.

നാസ മൂന്ന് പരീക്ഷണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. ആദ്യ ദൗത്യം അടുത്ത വര്‍ഷം തുടങ്ങും. പിന്നീട് 2024 ലും 2025 ലും. സിമുലേറ്റഡ് സ്‌പേസ് വാക്ക്, വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗം, ശാസ്ത്രീയ ഗവേഷണം, റോബോട്ടിക് നിയന്ത്രണം, ആശയവിനിമയം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അന്തേവാസികളെ ആദ്യമേ പഠിപ്പിക്കും. 2022 അവസാനത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് ഒരു വര്‍ഷം നാല് ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യും.ആരോഗ്യമുള്ള, പ്രചോദിതരായ യുഎസ് പൗരന്മാരില്‍ നിന്നാകും തിരഞ്ഞെടുപ്പ്. വിമാനം പൈലറ്റ് ചെയ്യാന്‍ അറിയണം. പുക വലിക്കാത്തവര്‍ അപേക്ഷിച്ചാല്‍ മതിയാകും. 30 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവര്‍ക്കാകും മുന്‍ഗണന. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ ഉന്നത യോഗ്യത അനിവാര്യം.

ഒരു ഡോക്ടറല്‍ പ്രോഗ്രാമിനായി രണ്ട് വര്‍ഷം ജോലി പൂര്‍ത്തിയാക്കിയവര്‍ക്കും മെഡിക്കല്‍ ബിരുദം ഉള്ളവര്‍ക്കും ടെസ്റ്റ് പൈലറ്റ് പ്രോഗ്രാം കഴിഞ്ഞവര്‍ക്കുമാണ് സാധ്യത കൂടുതല്‍. കൂടാതെ, നാല് വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയമുള്ള, സൈനിക ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫീല്‍ഡില്‍ സയന്‍സ് ബിരുദം നേടിയ അപേക്ഷകരെയും പരിഗണിക്കും.സാഹസികതയില്‍ ശക്തമായ ആഗ്രഹമുണ്ടെങ്കില്‍, ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യ യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാകാന്‍ നാസ വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.