അണ്ണാറക്കണ്ണനും തന്നാലായത്; കുരുന്ന് ഹൃദയങ്ങളിലും കാരുണ്യസ്പർശം

അണ്ണാറക്കണ്ണനും തന്നാലായത്; കുരുന്ന് ഹൃദയങ്ങളിലും കാരുണ്യസ്പർശം

ചെത്തിപ്പുഴ: കാരുണ്യസ്പർശം എന്ന ജീവകാരുണ്യ ധനസമാഹരണ സംരംഭത്തെ വെല്ലുന്ന കാരുണ്യമാണ് ചില കുരുന്നു വിശാല ഹൃദയങ്ങൾ കാഴ്ചവച്ചത്. ജീവൻ ചേട്ടന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെടാതിരിക്കാൻ അവരും ചെയ്തു അവരാലായത്. തങ്ങളുടെ കുടുക്കകളിലെ സമ്പാദ്യത്തിന് സ്വർണ്ണത്തിതിന്റെ തിളക്കം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള തന്റെ ധനസമാഹരണ പ്രവർത്തനങ്ങളെ ‘വിശുദ്ധ തെണ്ട’ൽ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത ഒരു വൈദികനാണ് റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി. ചാരിറ്റി വേൾഡ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ഈ വൈദികന്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ധന സമാഹരണവും ഇത്തരത്തിലുള്ള ഒരു വിശുദ്ധ തെണ്ടൽ ആയിരുന്നു.

ഏതാനും മണിക്കൂറുകൾ മാത്രം അതത്‌ നാട്ടിൽ പിരിവ് നടത്തുകയും ലക്ഷങ്ങൾ ഈ സമയം കൊണ്ട് ലഭിക്കത്തക്കവിധം നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ലഭിക്കുകയും ചെയ്യാറുണ്ട്. ജീവൻ എന്ന 21 കാരന്റെ കാഴ്ച ശക്തി നഷ്ടപ്പെടാതിരിക്കാനായി ശാസ്ത്രക്രിയയ്ക്ക് വേണ്ടത് ആറ് ലക്ഷം രൂപ. ചങ്ങനാശ്ശേരി,ചെത്തിപ്പുഴയിലെ നാടും നാട്ടാരും ഒന്നിച്ചു കൈ കോർത്തു കൊണ്ട് ഈ തുക സമാഹരിക്കാൻ ഇറങ്ങിയപ്പോഴാണ് വിശാല മനസ്കരായ പലരെയും തോല്പിച്ചുകൊണ്ട് ഏതാനും കുരുന്ന് വിശാല മനസുകൾ രംഗത്ത് വന്നത്.



സന്നദ്ധ പ്രവർത്തകരെ പോലും ഞെട്ടിച്ചുകൊണ്ട് "അമ്മേ ഇതുകൂടി കൊടുത്തേക്ക്"എന്ന് പറഞ്ഞ വീട്ടിലെ കുരുന്നുകൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. അതോടൊപ്പം തങ്ങൾക്കു പ്രിയപ്പെട്ട കുടുക്കകളും അവർ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. അവരുടെ അതുവരെയുള്ള സമ്പാദ്യം ആയിരുന്നു. ആ കുടുക്ക നിലത്തിട്ട് പൊട്ടിച്ചപ്പോൾ വിടർന്നത് ഒരു യുവാവിന്റെ സ്വപ്നങ്ങളാണ്.



നാല് വയസുകാരനായ അയിവിൻ മാറട്ടുകളം, ആറ് വയസുകാരനായ ഇവാൻ മാറട്ടുകളം, പത്തുവയസുകാരൻ ഇയ്യാൻ മാറട്ടുകളം എന്നിവർ ചേർന്ന് കൂട്ടിവെച്ച പണ കുടുക്ക പൊട്ടിച്ചപ്പോൾ 570രൂപയും പത്തുവയസുകാരനായ ഡാരുൺ ഷിനോ പടനിലം, ആറ് വയസുകാരനായ ഡോൺ ഷിനോ പടനിലം എന്നിവർ 847രൂപയുമാണ് ജീവൻ ചേട്ടന് വേണ്ടി സമ്മാനിച്ചത്. ആരുടെയും നിർബന്ധമോ പ്രേരണയോ കൂടാതെ, സ്വമനസ്സാലെ അവർ ചെയ്ത ഈ പ്രവർത്തി, ചില സന്നദ്ധ പ്രവർത്തകരുടെ കണ്ണ് നനയിക്കുകയും ചെയ്തു.

വളർന്നു വരുന്ന തലമുറയ്ക്ക് ഇതൊരു വലിയ മാതൃക ആണ്. സ്വാർത്ഥത കളിയാടുന്ന ഇന്നത്തെ സമൂഹത്തിലും കുടുംബത്തിലും ഇത് ഒരു വേറിട്ട കാഴ്ച തന്നെ. നിസ്വാർത്ഥതയുടെ ഉദാഹരണമായി ഈ കുഞ്ഞു ഹൃദയങ്ങളുടെ വിശാലത തിളങ്ങട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.