നിങ്ങളുടെ കുടുംബം തകർക്കുന്ന രോഗം...

നിങ്ങളുടെ കുടുംബം തകർക്കുന്ന രോഗം...

കഴിഞ്ഞ മുപ്പത് വർഷമായി മദ്യപാനാസക്തരായ ആളുകളുടെയിടയിലും അവരുടെ കുടുംബങ്ങളുടെയിടയിലും പ്രവർത്തിച്ച അനുഭവം എന്നെ പഠിപ്പിച്ചത് മദ്യപാനാസക്തി ഒരു കുടുംബ രോഗമാണ് എന്നാണ്. മദ്യപാനിയുടെ കുടുംബാംഗങ്ങളെ ഈ രോഗം വളരെ ഭീകരമായി വേട്ടയാടുന്നുണ്ട്, പ്രത്യേകിച്ച് കുട്ടികളെ ! അവരുടെ പഠനവും മുന്നോട്ടുള്ള ജീവിത സാഹചര്യങ്ങളുമെല്ലാം അടഞ്ഞുപോകുന്നതായും കണ്ടിട്ടുണ്ട്.

ഇരുന്നൂറോളം മദ്യാസക്തരായ രോഗികൾ കടന്നുപോയിട്ടുള്ള പ്രത്യാശാ ഭവനിലെത്തിയ ഒരു സർക്കാരുദ്യോഗസ്ഥനെ ഓർമ്മ വരുന്നുണ്ട്. ഈ പറയുന്ന വ്യക്തി വളരെ മിടുക്കനായ ഒരാളായിരുന്നു. അദ്ദേഹത്തിന്  ടൂറിസം ഡിപ്പാർട്ട്മെന്റിൽ വളരെ ഉയർന്ന ഒരു ജോലിയുണ്ടായിരുന്നു, ഭാര്യയും കുഞ്ഞുമോനും അമേരിക്കയിൽ താമസം. സൗഹൃദാന്തരീക്ഷത്തിലെപ്പോഴോ ആരംഭിച്ച മദ്യപാനം പിന്നീട് അഡിക്ഷനായപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമായിത്തുടങ്ങി. മദ്യമില്ലാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാൻ പറ്റാത്ത ഒരു സാഹചര്യം ആ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായി.   

കടുത്ത മദ്യപാനാസക്തി മൂലം ഭാര്യയും മകനും ഒക്കെ അകലാൻ തുടങ്ങി. ആ വ്യക്തിയുടെ മാതാപിതാക്കൾ എനിക്ക് വളരെ അടുത്തറിയാവുന്ന രണ്ട് പേരായിരുന്നു. അവരുടെ വേദന താങ്ങാനാവുന്നതിലുമധികമായിരുന്നു.പത്തു വർഷകാലം ഞാൻ തന്നെ വ്യക്തിപരമായി ആ വ്യക്തിയുടെ ചികിത്സയ്ക്ക് പരിശ്രമിച്ചു. പല വലിയ ഹോസ്പിറ്റലുകളിലും ഡീ അഡിക്ഷൻ സെന്റെറുകളിലുമായി 60 ലക്ഷം രൂപയെങ്കിലും ഈ പത്തു വർഷത്തിനിടയിൽ ആ കുടുംബം ചെലവാക്കിയിട്ടുണ്ട്.   

മദ്യപാനാസക്തി ക്രമാതീതമായി വളർന്ന ഘട്ടത്തിൽ ശാരീരികമായ പല രോഗാവസ്ഥകളിലേക്കും അദ്ദേഹമെത്തി. ആന്തരീകാവയവങ്ങൾ ദ്രവിച്ച് ഒടുവിൽ 42ാം വയസ്സിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. മകനെ മാക്സിമം സഹായിക്കാനുള്ള ശ്രമം നടത്തി അവസാനം അദ്ദേഹത്തിന്റെ അമ്മയും മാനസിക വ്യഥ മൂലം നിര്യാതയായി.  ഇതേ പോലെയുള്ള ധാരാളം കേസുകൾ പ്രത്യാശാ ഭവനിൽ നിന്നും പറയാൻ സാധിക്കുമെന്നതിനാലാണ് മദ്യപാനം ഒരു കുടുംബ രോഗമാണെന്ന് പറഞ്ഞത്. കൂടാതെ ഇത് ഒരു പ്രോഗ്രസീവ് ഡിസീസ് കൂടിയാണ്. പലപ്പോഴും പ്രൈമറി ആൽക്കഹോളിസത്തിൽ നിന്നും സെക്കന്റെറി ആൽക്കഹോളിസത്തിലെത്തുമ്പോഴാണ് കുടുംബാംഗങ്ങളെ ഇത് ബാധിക്കുന്നത്. പിന്നീട് മദ്യമില്ലാതെ പറ്റില്ല എന്ന മൂന്നാം ഘട്ടത്തിലെത്തുമ്പോഴേയ്ക്കും ഏറെ വൈകിയിരിക്കും. ആ ഘട്ടത്തിലെത്തുന്നതിനു മുമ്പ് സഹായം തേടാൻ രോഗിയും കുടുംബാംഗങ്ങളും തയ്യാറായാൽ നമുക്ക് മദ്യാപാനാസക്തനെ മാത്രമല്ല ആ കുടുംബത്തേയും രക്ഷിക്കാനാകും.

Prince Augustine

Founding Director

Prathyasha Bhavan, De Addiction Centre

Mailakkomp, Thodupuzha


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.