കാബൂള്‍: കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നിരോധിച്ച് താലിബാന്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലുള്ള റീജണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് താലിബാന്‍ ഈ പ്രദേശം പിടിച്ചടക്കിയത്.
അഫ്ഗാനിസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയും താലിബാന്‍ നല്‍കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി.
അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആയിരുന്ന 1996-2001 കാലഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം കാണ്ഡഹാറില്‍ ആയുധധാരികളായ താലിബാന്‍കാര്‍ ഒരു ബാങ്കില്‍ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒന്‍പത് വനിതാ ജീവനക്കാരെ അവരുടെ വീടുകളില്‍ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു.
ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ മുന്നേറ്റം നടത്തുകയാണ്. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാന്‍ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങള്‍ക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.