ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങിയ ജസീന്തയ്ക്ക് പിന്നിലെ ആ പുരുഷന്‍ !

ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങിയ ജസീന്തയ്ക്ക് പിന്നിലെ ആ പുരുഷന്‍ !

കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തിയ ന്യൂസിലന്റിന്റെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേനുള്ള കൈയടി ഇനിയും നിലച്ചിട്ടില്ല. വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ട് എന്ന് പറയാറുണ്ട്. ആ അംഗീകാരം അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം സ്വപ്നങ്ങള്‍ക്കു പകരം നല്‍കുന്ന ഒരു പദവിയാണ്. നിശ്ശബ്ദയായി ഏറ്റുവാങ്ങിയ നഷ്ടങ്ങളുടെ, പങ്കുവയ്ക്കാനാവാതെ പോയ പ്രാരാബ്ധങ്ങളുടെ അടുക്കളപ്പുറങ്ങളില്‍ വെറും കൈയോടെ നില്‍ക്കേണ്ടി വന്ന ഒരു പെണ്‍ജീവിതത്തിനു ഏറ്റവുമൊടുവില്‍ പ്രഖ്യാപിക്കുന്ന പ്രോത്സാഹന സമ്മാനം. ആ സമ്മാന പ്രഖ്യാപനം അവളില്‍ ഒരുപാട് സന്തോഷം നല്‍കാറുമുണ്ട്. അതുപോലെ തന്നെയാണ് പല സ്ത്രീകളുടേയും ജീവിത വിജയത്തിന് പിന്നില്‍ ഒരു പുരുഷന്റെ കരുത്തുറ്റ കരങ്ങളും ഉണ്ടാകാറുണ്ട്.

ജസീന്ത ആന്‍ഡേന്‍ എന്ന സ്ത്രീവിജയത്തിനു പിന്നില്‍ പിന്തുണയായി ഒരു പുരുഷന്‍ അഭിമാനപൂര്‍വം അനുഗമിക്കുകയും അപ്പോള്‍ കാലം കൂടുതല്‍ സൗന്ദര്യപ്പെടുകയും ചെയ്യുന്നതിന്റെ മറ്റൊരു കാഴ്ച കൂടിയുണ്ട്. ജസീന്തയുടെ ഭര്‍ത്താവ് ക്ലാര്‍ക്ക് ഗയ്ഫോര്‍ഡ്. ടി.വിയിലെ അറിയപ്പെടുന്ന അവതാരകനായിട്ടും അതെല്ലാം അവസാനിപ്പിച്ച് കുഞ്ഞിന്റെ മുഴുവന്‍ സമയ ആയയായി അയാള്‍ പാര്‍ലമെന്റിന്റെ ഒന്‍പതാം നിലയിലെ പ്രധാനമന്ത്രിയുടെ മുറിയോടു ചേര്‍ന്നുള്ള താല്‍ക്കാലിക ക്രഷില്‍ അവരുടെ പെണ്‍കുഞ്ഞിനെയും നോക്കി ഇരിക്കുന്നുണ്ട്. ആ കൈകളില്‍ കൊച്ചിനുള്ള പാലിന്റെ കുപ്പിയുണ്ട്, എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ പാകത്തില്‍ നാപ്പികള്‍ നിറച്ചുവച്ച ബാഗുണ്ട്, അമ്മമാര്‍ ജോലിയോടൊപ്പമോ അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ചോ ചെയ്തുകൊണ്ടിരിക്കുന്ന കൂലിയില്ലാത്ത വേലകളുമായി ഗയ്ഫോര്‍ഡ് അവര്‍ക്കു പിന്നില്‍ അണിനിരക്കുന്നുണ്ട്.

ഭാര്യ യു.എന്‍ അസ്സംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള കന്നിപ്രസംഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു കത്തിക്കയറുമ്പോള്‍ ഗയ്ഫോര്‍ഡ് റസ്റ്റ്റൂമില്‍ കൊച്ചിന്റെ നാപ്പി മാറ്റുകയായിരുന്നു, ന്യൂയോര്‍ക്കിലേക്കു തിരിക്കാന്‍ നേരം എടുത്തുവച്ച ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ബാഗില്‍ തിരയുകയായിരുന്നു, നാപ്പി മാറ്റുന്നതിനിടിയാല്‍ അവിടേക്കു വന്ന ജപ്പാന്‍ പ്രതിനിധിയെ കണ്ടു കണ്മിഴിച്ച മകളെക്കുറിച്ചു അയാള്‍ ചെയ്ത ട്വീറ്റ്, ആദ്യമായി യുഎന്‍ അസ്സംബ്ലിയില്‍ മൂന്നുമാസമുള്ള കൈക്കുഞ്ഞുമായെത്തിയ ജസീന്തയുടെ വാര്‍ത്തയ്‌ക്കൊപ്പം ട്രെന്‍ഡ് ചെയ്യപ്പെട്ടു.
അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രിയായി ജസീന്ത ചാനലുകളില്‍ നിറഞ്ഞപ്പോള്‍ കൈകുഞ്ഞുങ്ങളുമായി ദീര്‍ഘയാത്രകള്‍ക്കു പുറപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ന്യൂസിലന്‍ഡിന്റെ പ്രഥമപുരുഷന്‍ അഭിമുഖങ്ങള്‍ നല്‍കി. കട്ടിലില്‍ സ്വന്തമായി കയറാന്‍ മകളെ പരിശീലിപ്പിക്കുകയും ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അവള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ കാണിച്ച ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ആത്മഹര്‍ഷത്തോടെ അയാള്‍ പങ്കുവച്ചു.

അധികാരവും അംഗീകാരവുമായി ഭാര്യ പറന്നുയരുമ്പോള്‍ അതിനുപിന്നില്‍ ആത്മനൊമ്പരങ്ങള്‍ ഒന്നുമില്ലാതെ അയാള്‍ നിലയുറപ്പിച്ചു. യുഎന്‍ അസ്സംബ്ലിയില്‍ ഭാര്യ പ്രസംഗിക്കുമ്പോള്‍ സദസ്സിലിരുന്നു ഇങ്ങനെ കൈയടിച്ചു. പങ്കുവയ്ക്കപ്പെടുന്നവയില്‍ അടുക്കളകളും, എച്ചില്‍പാത്രങ്ങളും, ആട്ടുതൊട്ടിലുകളുമെല്ലാം ആണ്. വിജയിക്കുന്ന ഏതൊരു സ്ത്രീക്കു പിന്നിലും ഒരു പുരുഷനുണ്ട് എന്ന് പറയുന്നതില്‍ അത്ര കുറച്ചിലൊന്നും ഇല്ലന്നേ...!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.