ജപ്പാനില്‍ പ്രളയം; മഴ മൂലം തുര്‍ക്കിയിലും ഗ്രീസിലും കാട്ടു തീ അണയുന്നു

ജപ്പാനില്‍ പ്രളയം; മഴ മൂലം തുര്‍ക്കിയിലും ഗ്രീസിലും കാട്ടു തീ അണയുന്നു

ടോക്യോ: ജപ്പാനില്‍ അതിതീവ്ര മഴ തുടരുന്നു. 1.23 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന നാല് പ്രവിശ്യകളിലെ ജനങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ഫുക്കുവോക്ക, സാഗ, നാഗസാക്കി, ഹിരോഷിമ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പ്രളയഭീഷണിയിലാണ്. ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണ് ജപ്പാനിലെ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഹിരോഷിമയില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. നാഗസാക്കിയിലെ പല പ്രദേശങ്ങളിലും 500 മില്ലിമീറ്റര്‍ അളവിലാണ് മഴ തുടരുന്നത്. ദുരന്തനിവാരണ സേനയുമായി പ്രധാനമന്ത്രി യോഷിഹിദെ സുഗ കൂടിക്കാഴ്ച നടത്തി.

വടക്കന്‍ തുര്‍ക്കിയിലെ കരിങ്കടല്‍ പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. തുര്‍ക്കിയുടെ തെക്കന്‍ മേഖലയില്‍ കാട്ടുതീ ദുരന്തം വിതച്ച് ദിവസങ്ങള്‍ക്കകമാണ് വടക്കന്‍ മേഖലയില്‍ പ്രളയം ഉണ്ടായത്. കസ്റ്റമോണിയ പ്രദേശത്തു പ്രളയം കൂടുതല്‍ നാശം വിതച്ചു. 40 മരണങ്ങളില്‍ 34 ഉം ഈ പ്രദേശത്താണ്.നിരവധി പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. പോസ്റ്റുകള്‍ തകര്‍ന്നതോടെ 330ഓളം ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി.

അതേസമയം തെക്കന്‍ തുര്‍ക്കിയിലെ മര്‍മാറിസ് മേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കാട്ടുതീയില്‍പ്പെട്ട് എട്ട് പേരാണ് മരിച്ചത്. അയല്‍ രാജ്യമായ ഗ്രീസിലും മഴ പെയ്യാന്‍ തുടങ്ങിയതോടെ കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.താപതരംഗവും ശക്തമായ കാറ്റും മൂലമാണ് യൂറോപ്പിന്റെ മെഡിറ്ററേനിയന്‍ മേഖല കാട്ടുതീയുടെ പിടിയിലമര്‍ന്നത്.ഗ്രീസില്‍ വന്‍തോതില്‍ വനം നശിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ എവിയ, ആറ്റിക്ക എന്നീ ദ്വീപുകളില്‍ 3000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.