അഫ്ഗാന്‍ പ്രസിഡന്റ് ഘാനി രാജ്യം വിട്ടു

അഫ്ഗാന്‍ പ്രസിഡന്റ്   ഘാനി രാജ്യം വിട്ടു


കാബൂള്‍: അഫ്ഗാനില്‍ ഇനി താലിബാന്‍ ഭരണം. താലിബാന്‍ പടയാളിക്കൂട്ടം കാബൂള്‍ വളഞ്ഞതോടെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി സ്ഥാനം രാജിവച്ചശേഷം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. ഘാനി എവിടെയെന്ന് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രസിഡന്റിന്റെ ഓഫിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.അതേസമയം, ഘാനിയും കൂട്ടാളികളും താജിക്കിസ്ഥാനിലേക്കാണ് കുടുംബ സമേതം പോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

മുന്‍ ആഭ്യന്തരമന്ത്രി അലി അഹമ്മദ് ജലാലി പ്രസിഡന്റ് ആയുള്ള ഇടക്കാല സര്‍ക്കാര്‍ വരുമെന്നാണ് സൂചനകള്‍.ഘാനിയെ അപായപ്പെടുത്താതിരിക്കാന്‍ അന്താരാഷ്ട്ര ധാരണകള്‍ ഉരുത്തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ്, പ്രസിഡന്റ് എന്നുവരുള്‍പ്പെടെ ഭരണ നേതാക്കള്‍ രാജ്യം വിട്ടെന്നും താലിബാനുമായുള്ള അധികാര കൈമാറ്റ ചര്‍ച്ച ദോഹയിലാകും നടക്കുക എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ദോഹയിലുണ്ടെന്നാണ് വിവരം.പ്രസിഡന്റിന്റെ കൊട്ടാരത്തിലോ ഓഫീസിലോ താലിബാന്‍ കൊടി നാട്ടുകയോ കാബൂളിന്റെ അധികാരം ഔദ്യോഗികമായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.

യു എസ് ഹെലികോപ്റ്ററുകള്‍ നിലവില്‍ കാബൂള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കാബൂള്‍ പൂര്‍ണ അരാജകത്വത്തിലാണെന്നാണ് വിവരം.ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന്് താലിബാന്‍ വക്താക്കള്‍ അറിയിച്ചിരുന്നു.സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്ന് താലിബാന്‍ വക്താക്കള്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വലും പറഞ്ഞു. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ക്കു സാധ്യതയില്ലെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു.അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവ് പറഞ്ഞു.

ബലപ്രയോഗത്തിലൂടെ കാബൂള്‍ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും താലിബാന്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ നേരത്തെ പറഞ്ഞ കാര്യം കാബൂളില്‍ എത്തിയ ശേഷവും ആവര്‍ത്തിച്ചത് പ്രതീക്ഷാ നിര്‍ഭരമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കാബൂളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിര്‍ദേശം നല്‍കിയതായി വക്താക്കള്‍ അറിയിച്ചു. അതേസമയം, നഗരത്തില്‍ നിന്ന് വന്‍തോതില്‍ ജനങ്ങള്‍ നഗരത്തിന് പുറത്തേക്ക് പോകുന്നുണ്ട്.

പല തവണ നയതന്ത്ര കവചിത എസ് യു വികള്‍ കാബൂളിലെ യുഎസ് എംബസി വിട്ടു പോയി.സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നയതന്ത്രജ്ഞര്‍ തന്ത്രപ്രധാനമായ രേഖകള്‍ അടിയന്തിരമായി നശിപ്പിച്ചു.രേഖകള്‍ കത്തിച്ചതോടെ എംബസിയുടെ മേല്‍ക്കൂരയ്ക്ക് സമീപം വന്‍ തോതില്‍ പുക കാണപ്പെട്ടു.പോരാട്ടം പോലുമില്ലാതെയാണ് താലിബാന്‍ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു.അതിനു മുമ്പായി രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ഷെരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 28 എണ്ണവും താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും നേരത്തെ കീഴടക്കി.

അതേസമയം, പ്രസിഡന്റ് ഘാനിയുമായി സഹകരിച്ച് അഫ്ഗാന്‍ സര്‍ക്കാരിനു വേണ്ടി പ്രതിരോധ, പോരാട്ട തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ ആറ്റ മുഹമ്മദ് നൂര്‍, അബ്ദുള്‍ റഷീദ് ദോസ്തും എന്നീ രണ്ട് യുദ്ധ വീരന്മാരും ഉസ്ബെക്കിസ്ഥാനിലേക്ക് അതിര്‍ത്തി കടന്ന് ഓടിപ്പോയതായി ദോസ്തുമായി അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു.'ഞങ്ങളുടെ ഉറച്ച പ്രതിരോധം ഉണ്ടായിരുന്നിട്ടും, ദുഃഖകരമെന്നു പറയട്ടെ, സംഘടിതവും ഭീരുത്വ ജഡിലവുമായ ഒരു വലിയ ഗൂഢാലോചനയുടെ ഫലമായി അഫ്ഗാന്‍ സുരക്ഷാ സേനയുടെ ഉപകരണങ്ങള്‍ താലിബാന്റെ കൈയിലെത്തി'- നൂര്‍ ട്വിറ്ററില്‍ കുറിച്ചു.'മാര്‍ഷല്‍ ദോസ്തുമിനെയും എന്നെയും കുടുക്കാനുള്ള തന്ത്രം ചിലര്‍ ആസൂത്രണം ചെയ്തു; പക്ഷേ അവര്‍ വിജയിച്ചില്ല.'

താലിബാന്റെ അടിച്ചമര്‍ത്തല്‍ഭരണത്തിലേക്ക് മടങ്ങിവരാന്‍ മിക്ക അഫ്ഗാനികളും ഭയപ്പെടുന്നു. ഈ ഭീകര സംഘടന മുമ്പ് അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്നത് ഇസ്ലാമിക നിയമത്തിന്റെ പേരിലുള്ള കഠിനമായ അടിച്ചമര്‍ത്തലിലൂടെയായിരുന്നു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും സ്‌കൂളില്‍ പോകാനും വിലക്കുണ്ടായിരുന്നു. ഒരു പുരുഷ ബന്ധു കൂടെയില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനും നിരോധനമുണ്ടായിരുന്നു.'താലിബാന്‍ വന്നാല്‍ സ്ത്രീകള്‍ക്ക് അസ്ഥിത്വം ഉണ്ടാകില്ല'- രാജ്യത്തെ ജില്ലാ ഭരണ നേതൃത്വമുള്ള ചുരുക്കം വനിതാ ഗവര്‍ണര്‍മാരിലൊരാളായ സലീമ മസാരി മാധ്യമ അഭിമുഖത്തില്‍ ഭയം പ്രകടിപ്പിച്ചു.'താലിബാന്‍ നിയന്ത്രിക്കുന്ന പ്രവിശ്യകളില്‍, സ്ത്രീകള്‍ അവരുടെ വീടുകളില്‍ തടവിലാണ്.'

അതിനിടെ ഒരു പ്രസ്താവനയില്‍, തങ്ങളുടെ പോരാളികള്‍ ആരുടെയും വീടുകളില്‍ പ്രവേശിക്കുകയോ ബിസിനസ്സുകളില്‍ ഇടപെടുകയോ ചെയ്യില്ലെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാന്‍ സര്‍ക്കാരുമായോ വിദേശ സേനയുമായോ സഹകരിച്ചു പ്രവര്‍ത്തിച്ചവര്‍ക്ക് 'പൊതുമാപ്പ്' നല്‍കുമെന്നും അവര്‍ പറഞ്ഞു.പക്ഷേ, ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്ക തീവ്രമാണ്. 'ഇസ്ലാമിക ഭരണകൂടം എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും ബഹുമാനവും സംരക്ഷണവും നല്‍കും.ഈ പ്രിയപ്പെട്ട രാജ്യത്തില്‍ സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുന്നു,' തീവ്രവാദികള്‍ അറിയിച്ചു. ' ആരും അവരുടെ ജീവിതത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല.'- പ്രസ്താവനയിലെ വാക്കുകള്‍.

കാബൂളില്‍ പ്രവര്‍ത്തനക്ഷമമായ എ ടി എമ്മുകളുടെയെല്ലാം മുന്നില്‍ ക്യൂ അനന്തമായി നീളുന്നു. പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളില്ലെല്ലാം ഇതര സ്ഥലങ്ങളില്‍ നിന്ന് പോന്ന അഭയാര്‍ത്ഥികള്‍ തമ്പടിച്ചരിക്കുകയാണ്. താലിബാനെ ഭയന്ന് പലായനം ചെയ്തിട്ടും താലിബാന്റെ കീഴില്‍ തന്നെ കുരുങ്ങാനാണ് തങ്ങളുടെ വിധിയെന്ന് അവര്‍ തിരിച്ചറിയുകയാണിപ്പോള്‍. അതേ സമയം പഴയ ക്രൂര ശൈലികളില്‍ നിന്ന് ഇത്തിരിയെങ്കിലും മാറ്റം വന്ന താലിബാന്‍ പോരാളികളെയാണ് നിലവില്‍ കാണാനാകുന്നതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പണ ദൗര്‍ലഭ്യമായിരുന്നു പഴയ താലിബാന്റെ അതിരു വിട്ട മനുഷ്യത്വരഹിത നടപടികളുടെ പ്രധാന കാരണമെന്ന നിരീക്ഷണം ശക്തമായിരുന്നു. ആ സ്ഥിതിയെല്ലാം മാറി. ആഗോള തലത്തില്‍ സാമ്പത്തിക സുസ്ഥിരതയാര്‍ജിച്ച ഭീകര പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലാണിപ്പോള്‍ താലിബാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.