പണിതീരാത്ത വീട്

പണിതീരാത്ത വീട്

അയൽവാസിയായ പട്ടാളക്കാരൻ്റെ വീടുവെഞ്ചിരിപ്പ് കഴിഞ്ഞിട്ട് അധിക നാളായില്ല.  പണികൾ ഇനിയും തീരാനിരിക്കെ വീടുവെഞ്ചിരിപ്പ് നടത്തിയതിനെക്കുറിച്ചായിരുന്നു അവിടെ ചെന്നപ്പോൾ എൻ്റെ ചിന്ത. ഇക്കാര്യം മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, വീട്ടുടമസ്ഥൻ പറഞ്ഞു: ''അച്ചാ, പണികൾ തീർന്നിട്ടില്ല, എങ്കിലും അത്യാവശ്യ പണികൾ കഴിഞ്ഞപ്പോൾ കയറിക്കൂടാമെന്നു കരുതി. ചാച്ചനും അമ്മയ്ക്കും പ്രായമായില്ലെ. പല വയ്യായ്കളും അവർക്കുണ്ട്. പഴയ വീട്ടിൽ ഒട്ടും സൗകര്യമില്ല. കൂടാതെ രാത്രിയും പകലുമെല്ലാം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുപോലും പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. അവരുടെ സുരക്ഷയ്ക്കുവേണ്ടിയാണ്  ധൃതിപിടിച്ച് വീട്താമസം മാറ്റിയത്." നന്മനിറഞ്ഞ ആ വാക്കുകൾ എൻ്റെ ഹൃദയത്തെ കുളിരണിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗാരോപണ തിരുനാൾ വേളയിൽ അമ്മയെ സ്വർഗത്തിലേക്ക് ആനയിച്ച നന്മനിറഞ്ഞ മകനെയും നമ്മൾ ഓർക്കണം. ദൈവഹിതത്തിനു മുമ്പിൽ ശിരസു നമിച്ച പരിശുദ്ധ മറിയം,
ദൈവേഷ്ടം നിറവേറ്റുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞു. അതിനുവേണ്ടി അവഹേളനങ്ങൾ ഏറ്റുവാങ്ങാനും സംയിക്കപ്പെടാനും മകൻ്റെ ദാരുണാന്ത്യത്തിന് സാക്ഷ്യം വഹിക്കാനും അവൾ തയ്യാറായി. ദൈവത്തെ ചങ്കോട് ചേർക്കുന്നവർക്കു മാത്രമെ ദൈവഹിതം തിരിച്ചറിയാനും നിറവേറ്റാനും സാധിക്കൂ. അങ്ങനെയുള്ള മറിയത്തിന് ദൈവം നൽകിയ സമ്മാനമാണ് സ്വർഗാരോപണം! ജീവിത പ്രതിസന്ധികളിൽ നമ്മൾ ഉഴലുമ്പോൾ കാനായിലെ കല്യാണ വേളയിൽ മറിയം പറഞ്ഞ വാക്കുകൾ ഓർമയിൽ സൂക്ഷിക്കുക: ''അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍" (യോഹന്നാന്‍ 2 : 5). ദൈവഹിതം തിരിച്ചറിയാനും അനുസരിക്കാനും കഴിയുന്നതിലൂടെയാണ് നമ്മുടെ ജീവിതത്തിലെ കഷ്ടതയുടെ പച്ചവെള്ളം അദ്ഭുതത്തിൻ്റെ പുതുവീഞ്ഞായ് മാറുക എന്ന സത്യം മറക്കാതിരിക്കാം. അതുപോലെ തന്നെ ദൈവേഷ്ടം
അനുസരിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും തിരിച്ചറിയാം. പരിശുദ്ധ കന്യകാമാതാവിൻ്റെ സ്വർഗാരോപണ തിരുനാളിൻ്റെയും സ്വാതന്ത്ര്യ ദിനത്തിൻ്റെയും മംഗളങ്ങൾ! ( 15.08.2021)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.