അമേരിക്കയില്‍ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ വാക്‌സിന്‍; മാറ്റിവയ്ക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

അമേരിക്കയില്‍ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ വാക്‌സിന്‍; മാറ്റിവയ്ക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് എല്ലാ പൗരന്മാര്‍ക്കും നല്‍കാനുള്ള പദ്ധതി മാറ്റിവയ്ക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം സ്വീകാര്യമല്ലെന്ന് യു എസ് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍. ലോകമെമ്പാടുമുള്ള ചില രാജ്യങ്ങള്‍ ആദ്യ ഡോസ് വാക്‌സിനു വേണ്ടി യാചിക്കുന്നതിനിടെ, വാക്‌സിനേഷനെടുത്ത അമേരിക്കക്കാര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ വാഗ്ദാനം ചെയ്യുന്നതിനെ ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കിള്‍ റയാന്‍ വിമര്‍ശിച്ചിരുന്നു.

'ഇതിനകം ജീവരക്ഷാ കവചം ഉള്ള ആളുകള്‍ക്ക് അധിക ലൈഫ് ജാക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക പദ്ധതിയിടുന്നു. എന്നാല്‍, മറ്റുള്ളവരെ ഒരു ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ മുങ്ങാന്‍ വിടുകയാണ്,' റയാന്‍ പറഞ്ഞതിങ്ങനെ.അതേസമയം, ലൈഫ് ജാക്കറ്റുകള്‍ മാത്രമല്ല അധിക ലൈഫ് ജാക്കറ്റുകളും നല്‍കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് വൈറ്റ് ഹൗസ് കോവിഡ് പ്രതികരണ കോര്‍ഡിനേറ്റര്‍ ജെഫ് സിയന്റ്‌സ് പറഞ്ഞു. 'പകര്‍ച്ചവ്യാധി അവസാനിപ്പിക്കാന്‍, ഞങ്ങള്‍ക്ക് അമേരിക്കന്‍ ജനതയെ സംരക്ഷിക്കേണ്ടതുണ്ട്. ഒപ്പം ലോകത്തിന് വാക്‌സിനേഷന്‍ നല്‍കുന്നതിനായി കൂടുതല്‍ ശ്രമം തുടരുകയും ചെയ്യും.രണ്ടും നിര്‍ണായകമാണ്'- സിയന്റ്‌സ് ചൂണ്ടിക്കാട്ടി.

ഇതിനിടെ, മൂന്നാം ഡോസ് നല്‍കാനുള്ള തീരുമാനം യു എസ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ രോഗപ്രതിരോധ വിഭാഗം മേധാവികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. വാക്‌സിനേഷന്റെ പ്രാരംഭ ഡോസുകള്‍ക്കു ശേഷം കൊറോണ വൈറസിനെതിരായ സംരക്ഷണം കാലക്രമേണ കുറയാന്‍ തുടങ്ങുമെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നതായും , ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗബാധ ഏറുന്നതായും ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് എട്ടു മാസം തികഞ്ഞ 18 വയസ്സിന് മുകളിലുള്ള അമേരിക്കക്കാര്‍ക്കാണ് സെപ്റ്റംബര്‍ 20 മുതല്‍ ബൂസ്റ്റര്‍ വാക്്‌സിന്‍ നല്‍കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഷോട്ട് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതു പരിഗണനയിലാണ്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. 2020 ലും ഈ വര്‍ഷം ആദ്യവും വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായിരിക്കും ആദ്യം ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. അതേസമയം, തീരുമാനത്തിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.