ദുബായ്: പൊന്നിന്‍ തിരുവോണത്തെ സന്തോഷത്തോടെ വരവേറ്റ് ഗള്‍ഫ് മലയാളികളും. വീടുകളിലും ഓഫീസുകളിലും പൂക്കളമിട്ട് സദ്യവട്ടമൊരുക്കിയും തിരുവോണത്തെ ആഘോഷമാക്കിയിരിക്കുകയാണ് പ്രവാസി മലയാളികളും. ഉത്രാട ദിനമായ ഇന്നലെ സൂപ്പർ മാർക്കറ്റുകളിലും പൂക്കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. അതേസമയം, ഉത്രാടവും തിരുവോണവും വെളളി ശനി ദിവസങ്ങളിലായതിനാല്‍, വ്യാഴാഴ്ചയായിരുന്നു പല കമ്പനികളും ജീവനക്കാർക്കായി ഓണാഘോഷം സംഘടിപ്പിച്ചത്. ശനിയാഴ്ച, തിരുവോണ ദിനത്തില്‍ ജോലിയുളള പലരും വെള്ളിയാഴ്ച സദ്യവട്ടമൊരുക്കി ഓണമാഘോഷിച്ചു. ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്ക് രാജ്യങ്ങളുടെയോ ഭാഷയുടേയോ അതിർവരമ്പുകളില്ല. വിവിധ രാജ്യക്കാർ ഒത്തൊരുമിച്ച് പൂക്കളമൊരുക്കി സദ്യയുണ്ണുന്ന നാനാത്വത്തിലെ ഏകത്വം തന്നയാണ് ഗള്‍ഫോണം. ബാച്ചിലർ മുറികളിലും എല്ലാവരും ഒരുമിച്ച് സദ്യയൊരുക്കി ഓണമുണ്ണുന്ന കാഴ്ച സന്തോഷകരം തന്നെ.
റെഡിമെയ്ഡ് സദ്യയൊരുക്കി ഹോട്ടലുകള്‍
യുഎഇയിലെ വിവിധ ഹോട്ടലുകള്‍ ഓണത്തോട് അനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കാന്‍ സദ്യവട്ടങ്ങളുടെ പ്രത്യേകതകള്‍ എടുത്തുപറഞ്ഞാണ് റെഡിമെയ്ഡ് സദ്യയുടെ പരസ്യം നല്‍കുന്നത്. വിഭവങ്ങളുടെ എണ്ണം കൂടുതന്നതിന് അനുസരിച്ച് സദ്യയുടെ നിരക്കിലും വർദ്ധനവുണ്ട്. ചക്ക,അട, ഉള്‍പ്പടെയുളള റെഡിമെയ്ഡ് പായസവും ഹോട്ടലുകളില്‍ ലഭ്യം.
കോവിഡ് മുന്‍കരുതലില്‍ ഓണം
യാത്രയിലെ ആശങ്കകള്‍ നാട്ടിലെ അവധിക്കാല യാത്രമാറ്റിവയ്ക്കുന്നതിലേക്കെത്തിയപ്പോള്‍ പലർക്കും ഇത് സുഹൃത്തുക്കള്‍ക്കൊപ്പമുളള പൊന്നിന്‍ തിരുവോണമായി. കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുളളതിനാല്‍ അതെല്ലാം പാലിച്ചുകൊണ്ടാണ് പലരും ഓണമാഘോഷിക്കുന്നത്. നാട്ടിലുളള ബന്ധുക്കളുമായി ഓണ്‍ലൈന്‍ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട്. വാഴയിലെ വിമാനം കേറി പ്രവാസ ലോകത്തെത്തിയപ്പോള്‍, പൂക്കളൊമൊരുക്കിയും ഗൃഹാതുര ഓർമ്മകളില്‍ ഊഞ്ഞാലാടിയും ഓരോ മലയാളിയും ഹൃദയം നിറഞ്ഞ് തിരുവോണമാഘോഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.