"ദൈവഭക്തിയാണ് ജ്ഞാനത്തിൻറെ ആരംഭം; അത് പരിശീലിക്കുന്നവർ വിവേകികളാകും." സങ്കീർത്തനങ്ങൾ 111:10
ഒരു ഗുരുവിന്റെ കീഴിൽ നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു. ഗുരു ഒരുനാൾ അവരോടുപറഞ്ഞു: ഞാൻ പറയാതെ നിങ്ങൾ ഒന്നും ചെയ്യുവാൻ പാടുള്ളതല്ല. ഒരിക്കൽ ഗുരുവും ശിഷ്യന്മാരും അടുത്ത ടൗണിലേയ്ക്ക് കാളവണ്ടിയിൽ യാത്രചെയുമ്പോൾ ഗുരു ഉറക്കത്തിലായിരുന്നു. കാളവണ്ടിയുടെ കുലുക്കത്തിൽ ഗുരുവിന്റെ തലപ്പാവ് ഉരുണ്ട് വഴിയിൽ വീണു. ഗുരു പറയാതെ ഒന്നും ചെയ്യരുത് എന്ന നിഷ്‌കർഷ ഉള്ളതിനാൽ അവർ അനങ്ങിയില്ല. ഗുരു ഉണർന്നപ്പോൾ തലപ്പാവ് കാണാതെ കാര്യം തിരക്കി. അപ്പോൾ അവർ പറഞ്ഞു അത് വഴിയിൽ വീണു. അങ്ങ് പറയാത്തതിനാൽ ഞങ്ങൾ എടുത്തില്ല. ഗുരുവിനുദേഷ്യം വന്നു. അദ്ദേഹം നിർദ്ദേശിച്ചു . ഇനി എന്തേലും തറയിൽ വീണാൽ നിങ്ങൾ ഉടൻതന്നെ എടുക്കണം. ശിഷ്യന്മാർ ശരിവച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ കാളകൾ ചാണകമിട്ടു. ശിഷ്യന്മാർ ചാടിയിറങ്ങി അതുവാരി കാളവണ്ടിയിൽ ഇട്ടു. സംഗതി പന്തിയല്ല എന്നുകണ്ട് താഴെ ചാടാൻ സാധ്യതയുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി ഗുരു അവരെ ഏൽപ്പിച്ചു. "ഇതിൽ പറയാത്തതൊന്നും എടുക്കേണ്ട." ഗുരു പറഞ്ഞു. ശിഷ്യർ അംഗീകരിച്ചു. അധികം താമസിയാതെ കാളവണ്ടി ഒരു കുഴിയിൽ ചാടി കൂടെ ഗുരുവും തെറിച്ച് അടുത്തുള്ള ചെളിക്കുഴിയിലും. ഗുരു തന്നെ രക്ഷിക്കാൻ ശിഷ്യന്മാരോട് പറഞ്ഞു. അവർ ലിസ്റ്റ് നോക്കിയപ്പോൾ അതിൽ ഗുരുവില്ല. ശിഷ്യന്മാർ പറഞ്ഞു "ഞങ്ങൾ അങ്ങയോട് അനുസരണക്കേട് കാണിക്കുകയില്ല. അങ്ങുതന്ന ലിസ്റ്റിൽ അങ്ങയുടെ പേരില്ല. അങ്ങ് ഞങ്ങളെ പരീക്ഷിക്കുകയല്ലേ?" ഗുരു അവരോടു ലിസ്റ്റ് ആവശ്യപ്പെട്ടു. അതിൽ അദ്ദേഹം ഗുരു എന്ന് എഴുതിച്ചേർത്തു. എന്നിട്ട് പറഞ്ഞു, "ഇനിയെങ്കിലും എന്നെ ഒന്ന് രക്ഷിക്കൂ."
സൈദ്ധാന്തിക വിദ്യാഭ്യാസം ഒരു ആശയത്തെ മനസ്സിലാക്കിത്തരുന്നു. എന്നാൽ പ്രായോഗിക ജ്ഞാനം എങ്ങനെ കാര്യങ്ങൾ നടത്താം എന്ന് പഠിപ്പിക്കുന്നു. സൈദ്ധാന്തിക വിദ്യാഭ്യാസം മാത്രം കൈമുതലായിട്ടുള്ളവർക്ക് പലപ്പോഴു പ്രായോഗികമായി കാര്യങ്ങൾ ചെയ്യാൻ അറിയാതെവരും. വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക അറിവും കുട്ടികൾ ആർജ്ജിക്കണം. അല്ലാത്തപക്ഷം ജീവിതത്തിൽ വിഷമഘട്ടങ്ങളിൽ പ്രായോഗികമായി എന്തുചെയ്യണം എന്നറിയാതെ പകച്ചുനിൽകും. പ്രായോഗികമായി അറിഞ്ഞിരിക്കേണ്ട ഒത്തിരികാര്യങ്ങളുണ്ട്.
മാതാപിതാക്കളുടെ സഹായമില്ലാതെ തനിക്കുചുറ്റുംമുള്ളവരെ മനസ്സിലാക്കുന്നതിൽ, അനുദിന കാര്യങ്ങൾ ചെയ്യുന്നതിൽ, അത്യാവശ്യ കാര്യങ്ങൾ നടത്തുന്നതിൽ എല്ലാം പ്രായോഗിക ജ്ഞാനം കുട്ടികൾ ആർജിക്കണം പ്രായോഗിക ബുദ്ധിയില്ലാതെവരുമ്പോഴാണ് കുട്ടികൾ പ്രശ്നങ്ങളിൽ ചെന്നുവീഴുന്നത്. ലോകപരിചയം പ്രായോഗിക ബുദ്ധിയെ പരിപോഷിപ്പിക്കും. പഠിച്ച അറിവും പ്രയോഗികബുദ്ധിയും ഒന്നിപ്പിച്ചാൽ ജീവിതത്തിൽ വീഴ്ചകളില്ലാതെ മുന്നേറാം. ആർക്കുമുന്നിലും തലകുനിക്കാതെയും.
"ബുദ്ധിമാൻ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു കാതോർക്കുന്നു." സുഭാഷിതങ്ങൾ 18:15
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.