രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ മോഡി വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ മോഡി വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അനാവരണം ചെയ്ത ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിക്ക് എതിരെയാണ് രാഹുൽ വിമർശനമുന്നയിച്ചത്.

രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് ഈ പദ്ധതിയെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോഡി സർക്കാർ വിറ്റ് നശിപ്പിക്കുന്നത്. തന്റെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോഡി ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്നതെന്നും രാഹുൽ വിമർശിച്ചു.

സ്വകാര്യവത്കരണത്തിന് കോൺഗ്രസ് എതിരല്ലെന്നും എന്നാൽ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മോഡി സർക്കാരിന്റെ നയം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും രാഹുൽ വിമർശിച്ചു.
നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കുന്നതാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പദ്ധതി അനാവരണം ചെയ്തത്.

നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവർച്ച എന്നാണ് കോൺഗ്രസ് മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയെ വിമർശിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നൽകുകയാണെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.