ഫൈസര്‍ വാക്സിന്‍ ഇനി 'കോമിര്‍നാറ്റി': എന്തു വിചിത്രമായ പേരെന്ന് സോഷ്യല്‍ മീഡിയ

 ഫൈസര്‍ വാക്സിന്‍ ഇനി 'കോമിര്‍നാറ്റി': എന്തു വിചിത്രമായ പേരെന്ന് സോഷ്യല്‍ മീഡിയ


വാഷിങ്ടണ്‍: ഫൈസര്‍ വാക്സിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പൂര്‍ണ്ണ അംഗീകാരം നല്‍കിയതിനു പിന്നാലെ 'കോമിര്‍നാറ്റി' എന്ന് അതിനു ബ്രാന്‍ഡ് നാമം നല്‍കിയതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തമാശ പ്രതികരണങ്ങള്‍ പെരുകുന്നു.ഫൈസര്‍ ബയോഎന്‍ടെക്ക് കോവിഡ് -19 വാക്‌സിന്‍ ഇനി അറിയപ്പെടുക ആ നാമത്തിലായിരിക്കും. കോവിഡ് രോഗത്തിന്റെയും, പ്രതിരോധത്തിനായി രംഗത്തുണ്ടായിരുന്ന പല ഏജന്‍സികളുടെയും ഘടകങ്ങളുടെയും പേരിന്റെ ആദ്യാക്ഷരം സമന്വയിപ്പിച്ചു രൂപപ്പെടുത്തിയതാണ് 'കോമിര്‍നാറ്റി'.്

വാക്സിന്‍ 'കോമിര്‍നാറ്റി' എന്ന പേരിലായിരിക്കും വിപണിയിലെത്തിക്കുക. വാക്‌സിന്‍ വികസനത്തിന്റെ തുടക്കത്തില്‍ തന്നെ നാമകരണ പ്രക്രിയ ആരംഭിച്ചിരുന്നു. ബ്രാന്‍ഡ്് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു ഈ ശ്രമത്തിന് പിന്നിലുള്ള നാമകരണ ഏജന്‍സി. ബയോഎന്‍ടെക് 2020 ഏപ്രിലില്‍ ഇതിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഫൈസര്‍ പിന്നീട് ബ്രാന്‍ഡിംഗ് ടീമില്‍ ചേര്‍ന്നു. ആശയങ്ങളെ സമന്വയിപ്പിച്ചുള്ള പേരു കണ്ടെത്തുകയായിരുന്നെന്ന് ബ്രാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓപ്പറേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് പ്രസിഡന്റ് സ്‌കോട്ട് പിയര്‍ഗ്രോസി പറഞ്ഞു.

'സമൂഹം', 'പ്രതിരോധ ശേഷി ്' എന്നീ ആശയങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതാകണം പേരെന്ന് ഏവരും ആഗ്രഹിച്ചു.കോവിഡ് -19, എംആര്‍എന്‍എ, കമ്മ്യൂണിറ്റി, ഇമ്മ്യൂണിറ്റി തുടങ്ങി കോമിര്‍നാറ്റി എല്ലാ അടിത്തറകളെയും സ്പര്‍ശിക്കുന്ന പേരാണെന്ന് പിയര്‍ഗ്രോസി ചൂണ്ടിക്കാട്ടി.കോവിറ്റി, കോവിമെര്‍ന, ആര്‍നാക്‌സ്‌കോവി, ആര്‍എന്‍എക്‌സ്ട്രാക്റ്റ് തുടങ്ങിയ പേരുകളും ആദ്യ പരിഗണനയില്‍ വന്നിരുന്നു. ഈ വര്‍ഷം തന്നെ ചില മരുന്നുകള്‍ക്ക് ഇതിലേറെ വിചിത്രമായ പേരുകള്‍ പുറത്തുവന്നിരുന്നു: ബൈല്‍വായ്, ട്രൂസെല്‍റ്റിക്ക്, സിന്‍ലോണ്ട, ഖെല്‍ബ്രീ എന്നിങ്ങനെ.അതിനിടെ, മോഡേണ അതിന്റെ കോവിഡ് -19 വാക്സിനുള്ള പൂര്‍ണ്ണ എഫ്ഡിഎ അംഗീകാരത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.

16 വയസ്സിന് മുകളിലുള്ള ആളുകളില്‍ 'കോമിര്‍നാറ്റി' ഉപയോഗിക്കുന്നതിനുള്ള ഉത്തരവാണ് എഫ്.ഡി.എ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനൊപ്പം 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനും ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാം.ഡിസംബര്‍ മുതല്‍ അടിയന്തിര ഉപയോഗത്തിനായി വാക്‌സിന്‍ അംഗീകരിച്ചിരുന്നു. ഇതിനു ശേഷം അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്‌സിന്‍ സ്വീകരിക്കാത്ത അമേരിക്കന്‍ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് യജ്ഞം അടുത്ത മാസം ആരംഭിക്കാനിരിക്കേ ആണ് കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം എഫ് .ഡി.എയില്‍ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുള്ളത്.കൊറോണ ഡെല്‍റ്റ വേരിയന്റ് മൂലം അടുത്തിടെയുണ്ടായ രോഗികളുടെ വര്‍ധന രാജ്യത്തെ ചില ഭാഗങ്ങളെ വളരെ അധികം ബാധിച്ചു. ഏകദേശം 51 ശതമാനം അമേരിക്കക്കാര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കോവിഡിനെതിരായ പോരാട്ടാത്തില്‍ നിര്‍ണായക മുന്നേറ്റമാണ് എഫ് .ഡി.എ അംഗീകാരം. ഇതോടെ വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് എഫ്.ഡി.എ കമീഷണര്‍ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു. മറ്റ് വാക്സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.